Web Desk

കൊച്ചി

March 31, 2020, 12:43 pm

ഇനിയാർക്കും വരുത്തരുത് ഈ രോഗം ‚മുൻകരുതൽ വേണമെന്ന അഭ്യർത്ഥനയുമായി കോവിഡ്19 മൂലം പിതാവിനെ നഷ്ട്ടപെട്ട ഇസ്മായിൽ യാക്കൂബ്സേട്ട്

Janayugom Online

ചൂട്ടൊഴിഞ്ഞു തണുത്ത ആ ശരീരത്തിൽ ആ കൈത്തലത്തിൽ ഒന്ന് ചേർത്തുപിടിക്കാൻ അവസാനമായി ഒന്ന് തൊട്ടുവ ണ ങ്ങാൻ  ഒരു മകനുള്ള ആഗ്രഹം മാറ്റിവെച്ചു വീഡിയോ ലൈവിലൂടെ അച്ഛനെ അവസാനമായി കണ്ട ആ മകൻ കുറിച്ചിട്ട വരികളാണ് .തീ പോലെ പൊള്ളിക്കുന്ന ഈ വാക്കുകളിൽ വീണ കണ്ണീർതുള്ളിയുടെ പ്രതിഫലനവും നാടിനോടുള്ള സ്നേഹവും നിറഞ്ഞതാണ് ഈ വരികൾ .കൊറോണ ഇവിടെ നിന്നാദ്യം കൊണ്ടുപോയ യാക്കൂബ്സേട്ടിൻ്റെ മകൻ ഇസ്മായിൽ യാക്കൂബ്സേട്ട് നൽകുന്ന സന്ദേശം.

കോവിഡ് ‑19 മൂലം മരണപ്പെട്ട കേരളത്തിലെ ആദ്യ വ്യക്തിയുടെ മകൻ ഇസ്മായിൽ യാക്കൂബ് സേട്ടിന്റെ സന്ദേശം.

2020 മാർച്ച് 22 ന് 69 വയസ്സുള്ള എന്റെ പിതാവിന് കൊറോണ വൈറസ്  ബാധ സ്ഥിരീകരിച്ചു. അതിനു രണ്ടുദിവസം മുമ്പ്, ശ്വസിക്കുന്നതിനിടയിൽ അദ്ദേഹത്തിന് നേരിയ അസ്വസ്ഥതയുണ്ടായിരുന്നു, ഞങ്ങൾ അദ്ദേഹത്തെ പരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ചു. കൊറോണ വൈറസ് പരിശോധന നടത്താൻ ഡോക്ടർമാർ നിർദ്ദേശിക്കുകയും അത് സ്ഥിരീകരിക്കപ്പെട്ട ഉടൻ അദ്ദേഹത്തെ എറണാകുളത്തെ  മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പ്രോട്ടോക്കോൾ അനുസരിച്ച് ഐസൊലേറ്റ് ചെയ്യുകയും  ചെയ്തു.

അദ്ദേഹത്തിന് നേരത്തെയുള്ള അസുഖങ്ങളും (ഹൃദയ ശസ്ത്രക്രിയ, പ്രമേഹം) മൂലം ഏതാനും ദിവസങ്ങൾക്കുള്ളിൽ, അദ്ദേഹത്തിന്റെ ആരോഗ്യം കൂടുതൽ മോശമാവുകയും ക്രിട്ടിക്കൽ ആയ ന്യുമോണിയ രോഗം കണ്ടെത്തുകയും ചെയ്തു. സാധ്യമായ എല്ലാ മരുന്നുകളും ചികിത്സയും ഡോക്ടർമാർ അദ്ദേഹത്തിന് നൽകി, 2020 മാർച്ച് 28 ന് രാവിലെ 8:00 ന് — അദ്ദേഹം അന്ത്യശ്വാസം വലിച്ചു.

എന്റെ പിതാവ് യഥാർത്ഥത്തിൽ എല്ലാത്തരത്തിലും ആക്റ്റീവ് ആയിരുന്നു, പുഞ്ചിരിച്ചുകൊണ്ട് പതിവ് ദിനചര്യകൾ തുടർന്ന് പോന്നിരുന്നു. എന്നാൽ 6 ദിവസത്തിനുള്ളിൽ, ഈ മാരകമായ വൈറസ് ഞങ്ങളുടെ ജീവിതത്തെ എന്നെന്നേക്കുമായി മാറ്റിമറിച്ചു. ചൈന, ഇറ്റലി, സ്‌പെയിൻ മുതലായ ഏറ്റവും കൂടുതൽ ബാധിച്ച മറ്റ് രാജ്യങ്ങളിലെ അവസ്ഥകളെക്കുറിച്ച് ഞങ്ങൾ വായിച്ചുകൊണ്ടിരുന്നു, മാത്രമല്ല ഇത് നമ്മെ ബാധിക്കുമെന്ന് ഞങ്ങളുടെ സ്വപ്നങ്ങളിൽ ഒരിക്കലും കരുതിയിരുന്നില്ല. അത് സംഭവിക്കുക തന്നെ ചെയ്തു, എങ്ങനെ, എപ്പോൾ, എവിടെ നിന്ന്, ആരിൽ നിന്നാണ് അദ്ദേഹത്തിന്‌ വൈറസ് ബാധിച്ചതെന്ന ചോദ്യത്തിന് ഞങ്ങൾക്കൊരിക്കലും ഉത്തരം കിട്ടിയിട്ടില്ല,കിട്ടുകയുമില്ല. ഞങ്ങളുടെ ഉമ്മക്കും കൊറോണ വൈറസ് പോസിറ്റീവ് കാണിച്ചു. കുറച്ച് ദിവസങ്ങൾക്ക് ശേഷം ഇപ്പോൾ അതേ ആശുപത്രിയിൽ ഐസൊലേറ്റ്  ചെയ്യപ്പെട്ടിരിക്കുന്നു.

ഏറ്റവും ദുഖകരമായ കാര്യം എനിക്കും എന്റെ ജ്യേഷ്ഠനും ഇളയ സഹോദരന്മാർക്കും ഞങ്ങളുടെ പിതാവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. (യാത്രാ നിയന്ത്രണങ്ങൾ / സുരക്ഷാ പ്രോട്ടോക്കോളുകൾ  കാരണം), അതോടൊപ്പം  ഞങ്ങളുടെ ഉമ്മയെ ഒന്ന് സാന്ത്വനിപ്പിക്കാൻ ഞങ്ങൾക്ക് അവിടെ എത്താൻ പോലും കഴിഞ്ഞിട്ടില്ല. ഈ വൈറസിന്റെ ആഘാതം ഇത്രമാത്രമുണ്ട്, ഇത് നമ്മുടെ സാധാരണ ജീവിതത്തെ ബാധിക്കുന്നു.
കൊറോണ വൈറസിന്റെ ഗൗരവവും നാം ശ്രദ്ധാലുക്കളല്ലെങ്കിൽ അത് നമുക്ക് ചുറ്റുമുള്ള പ്രായമായവരെ എങ്ങനെ ബാധിക്കുമെന്നതും ഞാൻ ഇവിടെ പറയാൻ ആഗ്രഹിക്കുന്നു. വൈറസ് എവിടെയും ആകാം, യഥാർത്ഥത്തിൽ രോഗലക്ഷണങ്ങൾ കാണിക്കാതെ ആർക്കും അത് വഹിക്കാൻ കഴിയും, അതിനാൽ ദയവായി ജാഗ്രത പാലിക്കുക, കൂടാതെ വൈറസ് പടരാതിരിക്കാൻ നടപ്പിലാക്കിയ സുരക്ഷാ നടപടികൾ പാലിക്കുന്നതിനെക്കുറിച്ച് നിങ്ങളുടെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും സമപ്രായക്കാരെയും പഠിപ്പിക്കുക.

ഞാൻ പറയുന്നതെന്തിനെ;

( സാമൂഹിക അകലം, വ്യക്തിഗത ശുചിത്വം പരിപാലിക്കുക, വീടിനകത്ത് താമസിക്കുക, നിങ്ങൾക്ക് സുഖമില്ലെങ്കിൽ സ്വയം ഐസൊലേറ്റ് ചെയ്യുക തുടങ്ങിയവ)ക്കുറിച്ചാണെന്ന് എല്ലാവർക്കും അറിയാമെന്ന് എനിക്ക് ബോധ്യമുണ്ട്. വളരെ വഷളാകുന്നത് വരെ കാത്തിരിക്കരുത്. നമുക്കെല്ലാവർക്കും നമ്മുടെ പാർട്ട് നന്നായി ചെയ്യാനും നമ്മളും നമ്മുടെ പ്രിയപ്പെട്ടവരും സുരക്ഷിതരും ഊർജ്ജസ്വലരും ആണെന്ന് ഉറപ്പാക്കാനും കഴിയും.അവസാനമായി ഒരു കാര്യം, സർവ്വശക്തന്റെ പക്കലാണ് നമ്മൾ, അവനിലേക്ക് നമ്മൾ മടങ്ങുന്നു.  എന്റെ പിതാവിന് സ്വർഗ്ഗം ലഭിക്കാനും,എന്റെ ഉമ്മയ്ക്ക് വൈറസ് ബാധയിൽ നിന്നും മോചിതമാകാനുള്ള ശക്തിയും ധൈര്യവും പ്രദാനം ചെയ്യാനും സുരക്ഷിതമായി വീട്ടിൽ തിരിച്ചെത്താനും സർവ്വശക്തനോട് എല്ലാവരും ദുആ ചെയ്യണമെന്ന് ഞാൻ നിങ്ങളോട്  അഭ്യർത്ഥിക്കുന്നു.
നിങ്ങളിൽ ആരും ഈ അഗ്നിപരീക്ഷയിലൂടെ കടന്നുപോകാൻ ഇട വരുത്തരുതേ എന്ന് ഞാൻ സർവ്വശക്തനോട് പ്രാർത്ഥിക്കുന്നു.

എന്ന്
ഇസ്മായിൽ യാക്കൂബ് സേട്ട്,
മുഹമ്മദ് ഇബ്തിസാം,
സഫിയ സേട്ട്,
ഹുസ്സൈൻ സേട്ട്,
ഹസ്സൻ സേട്ട്.