ദേശീയ തലത്തിൽ വിനോദസഞ്ചാര മേഖല വെല്ലുവിളികൾ നേരിടുമ്പോൾ വിപരീത സാഹചര്യങ്ങൾ അതിജീവിച്ച് കേരളം മെച്ചപ്പെട്ട നിലയിൽ. ടൂറിസം വാർഷിക വരുമാനത്തിൽ കഴിഞ്ഞ നാല് വർഷം കൊണ്ട് 70 ശതമാനത്തിന്റെ വർദ്ധനവാണ് കേരളം കൈവരിച്ചത്. 2015ൽ 26,689 കോടി രൂപയായിരുന്നു വാർഷിക വരുമാനമെങ്കിൽ 2019 ആകുമ്പോൾ അത് 45,242 കോടി രൂപയായി വർദ്ധിച്ചു. 18,553 കോടി രൂപയുടെ വർദ്ധനവാണ് നാല് വർഷം കൊണ്ട് കേരള ടൂറിസത്തിന് നേടാൻ കഴിഞ്ഞത്.
സംസ്ഥാന സർക്കാരിന്റെ കൃത്യമായ ലക്ഷ്യബോധവും നിശ്ചയദാർഢ്യവുമാണ് ഈ നേട്ടം കൈവരിക്കുവാൻ സഹായകമായതെന്ന് വിനോദസഞ്ചാരവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സമഗ്രപരിഷ്കരണത്തോടെ സംസ്ഥാനത്തിന് പുതിയ ടൂറിസം നയം പ്രഖ്യാപിച്ചത് ടൂറിസം മേഖലയിൽ നില മെച്ചപ്പെടുത്താൻ കാരണമായി. ലോക ടൂറിസത്തിന് മാതൃകയായി കേരളത്തിലെ ഉത്തരവാദിത്ത ടൂറിസം മിഷൻ മാറുന്നുവെന്നും മന്ത്രി പറഞ്ഞു.
മൺസൂൺ സീസണിൽ ലോകോത്തര നിലവാരത്തിലുള്ള ഒരു ടൂറിസം ഉത്പന്നമായി സംസ്ഥാന ടൂറിസം വകുപ്പ് ചാമ്പ്യൻസ് ബോട്ട് ലീഗ് അവതരിപ്പിച്ചു. പെപ്പർ ടൂറിസം, ഗ്രീൻ കാർപ്പറ്റ് തുടങ്ങി നിരവധി പുതിയ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നതിനൊപ്പം തന്നെ കൃത്യമായ മാർക്കറ്റിങ് സ്ട്രാറ്റജി ആവിഷ്കരിച്ച് നടപ്പിലാക്കിയതും ടൂറിസം വരുമാനം വർധിപ്പിക്കുവാൻ സഹായകമായതായി മന്ത്രി പറഞ്ഞു.
ഇതിനിടെ രാജ്യത്തെ ടൂറിസം മേഖലയിൽ വളർച്ചാ നിരക്ക് കുറഞ്ഞതായി റിപ്പോർട്ട്. സാമ്പത്തിക വർഷത്തിന്റെ അവസാന പാദങ്ങളിൽ ഉണ്ടായ സംഭവ വികാസങ്ങളാണ് ടൂറിസം മേഖലയെ ബാധിച്ചത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധം തെരുവുകളിൽ കനത്തതും ഡൽഹിയിലടക്കമുള്ള പരിസ്ഥിതി മലിനീകരണവുമാണ് പ്രശ്നമായത്. ഇതു സംബന്ധിച്ച് പല വിദേശ രാജ്യങ്ങളും പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
2019 ൽ 1.10 കോടി വിദേശികളാണ് രാജ്യം സന്ദർശിച്ചത്. മുൻ വർഷത്തെ അപേക്ഷിച്ച് 3.1 ശതമാനം മാത്രം വർധനയാണിത്. കഴിഞ്ഞ വർഷം 5.2 ശതമാനവും 2017 ൽ 14 ശതമാനവും വർധനവ് ഉണ്ടായിരുന്നതായി ടൂറിസം വകുപ്പിന്റെയും ബ്യൂറോ ഓഫ് ഇമിഗ്രേഷന്റെയും കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. വിദേശത്തു നിന്നുള്ള സഞ്ചാരികളിൽ നിന്നുള്ള വരുമാനത്തിന്റെ കാര്യത്തിൽ 8.2 ശതമാനം വർദ്ധന ഈ വർഷം ഉണ്ടായിട്ടുണ്ട്. ഏകദേശം 2.2 ലക്ഷം കോടി രൂപ. 2018 ൽ 9.6 ശതമാനവും 2017 ൽ 15 ശതമാനവുമായിരുന്നു വരുമാന വളർച്ച. കഴിഞ്ഞ പത്തു വർഷക്കാലത്തിനിടയിലെ ഏറ്റവും കുറഞ്ഞ വളർച്ച നിരക്കാണിത്. 2011 ൽ നേടിയ 25.5 ശതമാനം വളർച്ചയാണ് ഏറ്റവും കൂടിയത്.
English Summary; Tourism benefits Kerala
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.