28 March 2024, Thursday

കോവിഡില്‍ കുടുങ്ങിയ വിനോദ സഞ്ചാര മേഖല ഉയര്‍ത്തെഴുന്നേല്‍ക്കുന്നു

Janayugom Webdesk
കോഴിക്കോട്
October 6, 2021 10:58 am

കോവിഡില്‍ കുടുങ്ങിയ ജില്ലയിലെ വിനോദസഞ്ചാര മേഖല പുത്തന്‍ പ്രതീക്ഷയോടെ ഉയര്‍ത്തെഴുന്നേല്‍ക്കുന്നു. നിരവധി പദ്ധതികള്‍ ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. വൈവിധ്യമാര്‍ന്ന പദ്ധതികള്‍ പലതും ആരംഭിക്കാനിരിക്കുകയുമാണ്. വയലട ഹില്‍സ്, തോണിക്കടവ്, വടകര സാന്റ് ബാങ്ക്, കുറ്റിച്ചിറ പൈതൃക പദ്ധതി, കാപ്പാട് ടൂറിസം പദ്ധതി, ചേര്‍മല കോളനിക്ക് മുകളിലായി കേവ് പാര്‍ക്ക്, ഒളോപ്പാറ, ചേളന്നൂര്‍, തലക്കുളത്തൂര്‍ പ്രദേശങ്ങളെ കൂട്ടിയോജിപ്പിച്ചുള്ള പദ്ധതി തുടങ്ങി നിരവധി പദ്ധതികളാണ് ജില്ലയില്‍ ഒരുങ്ങുന്നത്. കുറ്റിച്ചറ പൈതൃക പദ്ധതിയുടെ പ്രവര്‍ത്തനം അവസാനഘട്ട മിനുക്കു പണിയിലാണ്. നഗരത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഏറെക്കുറേ പൂര്‍ത്തീകരിച്ചിട്ടുണ്ട്. വയലട ഹില്‍സ് ടൂറിസം പദ്ധതികള്‍ 90 ശതമാനം പൂര്‍ത്തിയായിട്ടുണ്ട്. വരും ദിവസം ഉദ്ഘാടനം ചെയ്യുമെന്ന് ഡിടിപിസി സെക്രട്ടറി ബീന സി പി പറഞ്ഞു.
തോണിക്കടവ് ടൂറിസം പദ്ധതിയുടെ രണ്ടാം ഘട്ടം പൂര്‍ത്തിയായി ജനങ്ങള്‍ക്ക് കഴിഞ്ഞ ദിവസം തുറന്നുകൊടുത്തിട്ടുണ്ട്. കഫ്റ്റീരിയ, വാച്ച് ടവർ, വാക് വേ, സീറ്റിങ്​, ആംഫി തിയറ്റർ, കുട്ടികളുടെ പാർക്ക്, ബോട്ടുജെട്ടി തുടങ്ങിയ പ്രവൃത്തികളാണ് പൂർത്തീകരിച്ചത്. ബേപ്പൂരില്‍ അന്താരാഷ്ട്ര ജല കായിക മേള എല്ലാ വര്‍ഷവും നടത്താനാണ് തീരുമാനം. കേവ് പാര്‍ക്ക് അംഗീകാരത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. വനം മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം തയ്യാറാക്കിയ ഒളോപ്പാറ, ചേളന്നൂര്‍, തലക്കുളത്തൂര്‍ പ്രദേശങ്ങളെ കൂട്ടിയോജിപ്പിച്ചുകൊണ്ടുള്ള പദ്ധതിയുടെ ചര്‍ച്ചകള്‍ നടന്നുവരുന്നു. അഴിമുഖത്തെ കാഴ്ച ആസ്വദിക്കാന്‍ കടലില്‍ കല്ലിട്ട് പാതയൊരുക്കിയ സാന്‍ഡ് ബാങ്ക്സിലേക്ക് ദിവസേന നിരവധി സഞ്ചരികളാണെത്തുന്നത്. കുറ്റ്യാടി പുഴ അറബിക്കടലിനോട് ചേരുന്ന ഭാഗമുണ്ട് സാൻ ബാങ്കിന് പിന്നിൽ. ഭിന്നശേഷിക്കാർക്ക് തീരത്തെത്തി സൗന്ദര്യമാസ്വദിക്കാനുള്ള സൗകര്യവുമുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന സൗകര്യങ്ങളാണ് പൂർത്തീകരിച്ചിരിക്കുന്നത്. കുട്ടികളുടെ പാർക്ക്, വിശ്രമ മുറി, ലാൻറ് സ്കേപ്പ്, ഇരിപ്പിടങ്ങൾ, ചുറ്റുമതിൽ, ഗേറ്റ് എന്നിവയാണ് പുതിയ നിർമാണത്തിലുള്ളത്. കല്ലിൽ തീർത്ത ഇരിപ്പിടങ്ങൾ കൗതുകമുള്ള കാഴ്ചയാണ്.
വടകര സാൻഡ് ബാങ്ക്സിൽ രണ്ടരക്കോടിയുടെ നിർമാണ പ്രവര്‍ത്തികളാണ് നടന്നത്. രണ്ടരക്കോടിയുടെ നിര്‍മ്മാണ പ്രവൃത്തിയും നടന്നുവരുന്നുണ്ടെന്നും സി പി ബീന വ്യക്തമാക്കി. ബ്ലൂ ഫ്ലാഗ് സര്‍ട്ടിഫിക്കറ്റ് കിട്ടിയ കാപ്പാടും അണിഞ്ഞൊരുങ്ങി സഞ്ചാരികളെ വരവേല്‍ക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.