Janayugom Online
beach in kozhikode-janayugom

അണിഞ്ഞൊരുങ്ങുന്ന വിനോദസഞ്ചാര കേന്ദ്രങ്ങള്‍

Web Desk
Posted on July 18, 2018, 4:22 pm
ബീച്ച് സൗന്ദര്യവല്‍ക്കരണ പൂര്‍ത്തീകരണത്തിന്‍റെ ഉദ്ഘാടനം നാളെ

കോഴിക്കോട്: സഞ്ചാരികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങളും കാഴ്ചാനുഭവങ്ങളും ഒരുക്കിക്കൊണ്ട് അണിഞ്ഞൊരുങ്ങുകയാണ് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍. ജില്ലയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി ജില്ലയിലേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. അതിന്‍റെ തുടക്കമായി പൈതൃക സ്മരണകള്‍ ഉണര്‍ത്തുന്ന കടല്‍പ്പാലം, ഗുജറാത്തി സ്ട്രീറ്റ് എന്നിവ കൊണ്ട് പ്രശസ്തമായ സൗത്ത് ബീച്ച് നവീകരിക്കപ്പെട്ടു കഴിഞ്ഞു. സൗന്ദര്യവത്ക്കരണം പൂര്‍ത്തിയാക്കിയ ബീച്ച് നാളെ സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കും. ഇതിന് പുറമെ മലയോര ടൂറിസത്തിന്‍റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിയുള്ള ജില്ലയിലെ ബാലുശ്ശേരി നമ്പിക്കുളം ഇക്കോ ടൂറിസം പദ്ധതിയുടെയും വയലട ഹില്‍സ് ടൂറിസം പ്രവൃത്തിയുടെയും ഉദ്ഘാടനവും നാളെ തന്നെ നടക്കും.
ബീച്ച് സൗന്ദര്യവത്ക്കരണ പദ്ധതിയുടെ പ്രവൃത്തി നടപ്പിലാക്കിയത് ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പാണ്. ബീച്ച് നവീകരണത്തിനായി 3.85 കോടി രൂപയോളം സംസ്ഥാന വിനോദ സഞ്ചാരവകുപ്പ് ചെലവഴിച്ചിട്ടുണ്ട്. ബീച്ചിന്‍റെ വികസനത്തോടുകൂടി സമീപത്തുള്ള ഗുജറാത്തി സ്ട്രീറ്റ്, മിശ്കാല്‍ മസ്ജിദ് എന്നിവിടങ്ങളിലേക്ക് കൂടുതല്‍ സഞ്ചാരികള്‍ക്ക് എത്തിചേരുന്നതിന് വഴിയൊരുക്കും. നീണ്ടുകിടക്കുന്ന നടപ്പാത, ഇരിപ്പിടങ്ങള്‍, അംഗപരിമിതര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഉപയോഗിക്കാവുന്ന തരത്തിലുള്ള ശൗചാലയങ്ങള്‍, ലൈറ്റിംഗ് സൗകര്യങ്ങള്‍, വിശ്രമസ്ഥലം, കോമ്പൗണ്ട് വാള്‍ എന്നിവയാണ് ബീച്ചില്‍ സഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുള്ളത്.

ബീച്ച് സൗന്ദര്യവല്‍ക്കരണ പൂര്‍ത്തീകരണത്തിന്‍റെ ഉദ്ഘാടനം നാളെ വൈകീട്ട് ഏഴു മണിക്ക് സഹകരണ വിനോദസഞ്ചാര, ദേവസ്വം വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും. സൗത്ത് ബീച്ച് പരിസരത്ത് നടക്കുന്ന ചടങ്ങില്‍ തുറമുഖം, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും. പദ്ധതി പൂര്‍ത്തീകരണ കൈമാറ്റം ഫിഷറീസ്, ഹാര്‍ബര്‍ എഞ്ചിനീയറിംഗ്, കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ മെഴ്‌സിക്കുട്ടിയമ്മ നിര്‍വഹിക്കും. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എം കെ രാഘവന്‍ എം പി, എം കെ മുനീര്‍ എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, വിനോദസഞ്ചാര വകുപ്പ് ഡയറക്ടര്‍ പി ബാലകിരണ്‍ എന്നിവര്‍ മുഖ്യാതിഥികളാവും.

ഇക്കോ ടൂറിസം ലക്ഷ്യമിട്ട് നമ്പികുളം

മലയോര ടൂറിസത്തിന്‍റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിയാണ് ജില്ലയിലെ ബാലുശ്ശേരി നമ്പിക്കുളം ഇക്കോ ടൂറിസം പദ്ധതിക്ക് തുടക്കമിടുന്നത്. കണ്ണൂര്‍ ധര്‍മ്മടം തുരുത്ത് മുതല്‍ കോഴിക്കോട് ടൗണ്‍ വരെയുള്ള ഭാഗങ്ങള്‍ മലമുകളില്‍ നിന്ന് വ്യക്തമായി കാണാനാവുമെന്നതാണ് പ്രദേശത്തിന്‍റെ പ്രധാന ആകര്‍ഷണം. നമ്പിക്കുളത്തെ മലമുകളില്‍ ദൈനംദിനം നിരവധി സഞ്ചാരികളാണ് എത്തിചേരുന്നത്.

kattull mala in kozhikode -janayugom

പരിസ്ഥിതിക്ക് കോട്ടം തട്ടാതെ ട്രെക്കിംഗിന് പ്രാധാന്യം നല്‍കുന്ന കേന്ദ്രം സാഹസിക വിനോദസഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നതാണ്. സഞ്ചാരികള്‍ക്ക് അടിസ്ഥാനസൌകര്യങ്ങള്‍ ഒരുക്കുന്നതിന്‍റെ ഭാഗമായി വിനോദസഞ്ചാര വകുപ്പ് 1.5 കോടി രൂപയുടെ ഭരണാനുമതി നല്‍കുകയും പദ്ധതിയുടെ പ്രവൃത്തി ചെയ്യുന്നതിന് കോഴിക്കോട് ഡി ടി പി സി മുഖേന ഇലക്ട്രിക്കല്‍ ആന്‍റ് അലൈഡ് എഞ്ചിനിയറിംഗ് കമ്പനി ലിമിറ്റഡ് എന്ന ഏജന്‍സിയെ ഏല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. പദ്ധതിയില്‍ ഇരിപ്പിടങ്ങള്‍, കൈവരികള്‍, വിശ്രമസ്ഥലം, നടപ്പാത, വാച്ച്ടവര്‍, പാര്‍ക്കിംഗ് ഏരിയ, ടിക്കറ്റ് കൗണ്ടര്‍, ഫുഡ് കിയോസ്‌ക് എന്നിവയാണ് സ്ഥാപിക്കുക.

പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം നാളെ വൈകീട്ട് മൂന്ന് മണിക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും. പുരുഷന്‍ കടലുണ്ടി എം എല്‍ എ അധ്യക്ഷത വഹിക്കും. കാറ്റുള്ളമല നിര്‍മ്മല യു.പി സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ എം.കെ രാഘവന്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, വിനോദസഞ്ചാര വകുപ്പ് ഡയറക്ടര്‍ പി ബാലകിരണ്‍ എന്നിവര്‍ മുഖ്യാതിഥികളാവും.