ജോമോൻ വി സേവ്യർ

തൊടുപുഴ

January 14, 2020, 9:44 pm

ഇടുക്കിയിൽ ടൂറിസം വീണ്ടും പ്രതാപത്തിലേയ്ക്ക്; ഒരു മാസത്തിനിടെ എത്തിയത് 3.5 ലക്ഷം സഞ്ചാരികൾ

Janayugom Online

പ്രതാപകാലം വീണ്ടെടുത്ത് ഇടുക്കിയിലെ ടൂറിസം മേഖല. 2018ലെ പ്രളയത്തിനു ശേഷം ഇടുക്കിയിലേക്കുളള സഞ്ചാരികളുടെ എണ്ണത്തിൽ വൻകുറവാണ് കഴിഞ്ഞവർഷം ഉണ്ടായത്. ദീപാവലി, നവരാത്രി അവധിക്കാലം മുതലാണ് ജില്ലയിൽ എത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ വർധനവ് ഉണ്ടായി തുടങ്ങിയത്. ക്രിസ്തുമസ്, പുതുവൽസരമായപ്പോഴേക്കും ജില്ലയിലെ പ്രധാന ടൂറിസ്റ്റു കേന്ദ്രങ്ങളായ മൂന്നാർ, തേക്കടി, രാജമല, പാഞ്ചാലിമേട്, രാമക്കൽമേട്, വാഗമൺ എന്നിവിടങ്ങളിലെക്കെല്ലാം സഞ്ചാരികളുടെ ഒഴുക്കായിരുന്നു. ഡിറ്റിപിസിയുടെയും വനംവകുപ്പിന്റെയും കണക്കുകൾ പ്രകാരം കഴിഞ്ഞ ഒരു മാസത്തിനുളളിൽ മൂന്നരലക്ഷത്തോളം സഞ്ചാരികളാണ് ജില്ലയിൽ എത്തിയത്. ഇതിൽ മൂന്നാറിൽ മാത്രം ഒന്നരലക്ഷത്തോളം പേർ സന്ദർശനം നടത്തി. തേക്കടിയിൽ 67864 സഞ്ചാരികളെത്തി. ഇതിൽ 4347 പേർ വിദേശികളാണ്.

രാമക്കൽമേട് 34,318,ഇടുക്കി അണക്കെട്ട് ‑14,106,വാഗമൺ ‑2,11,056,പാഞ്ചാലിമേട് ‑26,151 എന്നിങ്ങനെയും വിനോദസഞ്ചാരികൾ സന്ദർശിച്ചു. മൂന്നാറിൽ താപനില മൈനസിലേക്ക് താഴ്ന്നതോടെ മൂന്നാറിന്റെ കുളിരും ഭംഗിയും ആസ്വദിക്കാൻ സഞ്ചാരികളുടെ വലിയ തിരക്കാണ് ഇപ്പോൾ. മൂന്നാർ ടൗൺ, ലക്ഷ്മി, എല്ലപ്പെട്ടി, കന്നിമല എന്നിവിടങ്ങളിലെല്ലാം താപനില മൈനസിലെത്തി. സാധാരണ ഡിസംബർ മാസങ്ങളിലായിരുന്നു മൂന്നാറിൽ അതിശൈത്യം അനുഭവപ്പെടാറുള്ളത്. ഇത്തവണ ശൈത്യമെത്താൻ രണ്ടാഴ്ച്ച താമസിച്ചു. കഴിഞ്ഞ വർഷം ജനുവരി ഒന്നുമുതൽ 11 വരെ തുടർച്ചയായി മൂന്നാർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ താപനില മൈനസ് നാലുവരെയെത്തിയിരുന്നു.
താപനില ഇനിയും താഴുന്നതോടെ മൂന്നാറിലേക്കെത്തുന്ന സഞ്ചാരികളുടെ തിരക്കേറുമെന്നാണ് വിനോദസഞ്ചാര വകുപ്പിന്റെ പ്രതീക്ഷ.

you may also like this video;