December 3, 2022 Saturday

Related news

November 29, 2022
September 28, 2022
September 26, 2022
September 21, 2022
September 10, 2022
September 9, 2022
September 9, 2022
August 23, 2022
August 23, 2022
June 11, 2022

തകർന്നടിഞ്ഞ് ടൂറിസം മേഖല

സ്വന്തം ലേഖകൻ
 കൊച്ചി
April 5, 2020 8:56 pm

കോവിഡ്-19 ബാധയിൽ വിനോദസഞ്ചാര മേഖല തകർന്നടിഞ്ഞു. പ്രളയം,നിപ്പ എന്നിങ്ങനെ ഓരോന്നായി കൊണ്ടുവന്ന ആഘാതങ്ങളിൽ നിന്ന് കരകയറാനുള്ള സീസണാണ് ഇപ്പോൾ കറുത്തദിനങ്ങളായി മാറുന്നത്. ആയുർവേദവും സുഖചികിത്സയും ചേർന്ന പാക്കേജ് വിദേശികൾക്കും സ്വദേശികൾക്കും ഏറെ പ്രിയപ്പെട്ടതാണ്. പ്രതിവർഷം ഈ മേഖലയിൽ നിന്ന് 40,000 കോടി രൂപയാണ് വിനോദസഞ്ചാര മേഖല കൊയ്തെടുക്കുന്നത്. മാർച്ചുമാസത്തോടെ തുടങ്ങി കർക്കിടക ചികിത്സയിൽ അവസാനിക്കുന്ന സുഖചികിത്സ കാലത്തിനൊപ്പം നാട്ടിലെ ഉത്സവങ്ങൾ, പടയണി പോലുള്ള ആഘോഷങ്ങളും ഈ മേഖലയിൽ കൂടുതൽ ആളുകളെയെത്തിക്കുന്ന സമയമാണ്. പൂരങ്ങളും പടയണിയും ഇത്തവണ ആഘോഷമില്ലാതെ കടന്നുപോകുമെന്നുറപ്പായി.

ഇതിന് പുറമെ അയൽ രാജ്യമായ ശ്രീലങ്ക ഉയർത്തുന്ന വെല്ലുവിളിയും വലുതാണ്. കുറഞ്ഞ ചികിത്സ കാലയളവ് കുറഞ്ഞ തുക എന്നിങ്ങനെ ശ്രീലങ്കയുടെ ഓഫറുകൾ തേടി പോകുന്നവരിൽ മലയാളികൾ വരെയുണ്ടെന്നാണ് ഡോക്ടർമാരടക്കം പറയുന്നത്. സർക്കാരിന്റെ ഭാഗത്തുനിന്ന് ലഭിക്കുന്ന സഹായങ്ങൾ, നികുതിയിളവ് എന്നിവ കണക്കാക്കി മലയാളികളായ സംരംഭകർ പലരും ശ്രീലങ്കയിൽ വിനോദസഞ്ചാര മേഖലയിലും, ഹോട്ടൽ രംഗത്തും പണം മുടക്കുന്നുണ്ട്. ഏപ്രിൽ 15 വരെ വിസനിയന്ത്രണം പ്രഖ്യാപിച്ചതിനാൽ വിദേശ വിനോദസഞ്ചാരികളുടെ വരവ് നിലച്ചിരിക്കുകയാണ്. വാഗമൺ, മൂന്നാർ, ആലപ്പുഴ, കുമരകം അടക്കമുള്ള വിനോദസഞ്ചാരകേന്ദ്രങ്ങൾ അടച്ചതോടെ ഹോംസ്റ്റേകളിലും ഹോട്ടലുകളിലും ബുക്കിംഗുകൾ ഇല്ലാതായി.

you may also like this video;

ഹൗസ് ബോട്ടുകൾക്കും ആവശ്യക്കാരില്ലാത്ത അവസ്ഥയായി. കൊച്ചി തുറമുഖത്ത് എത്തേണ്ടിയിരുന്ന ഒമ്പതു ക്രൂയിസ് കപ്പലുകളാണ് യാത്ര റദ്ദാക്കിയത്. ആഭ്യന്തര വിനോദസഞ്ചാരികളുടെ വരവും ഏതാണ്ട് നിലച്ചു. കോവിഡ്-19 വ്യാപനം വർധിച്ചാൽ മാർച്ചുമുതൽ സെപ്റ്റംബർവരെ ടൂറിസം മേഖലയിൽ മാത്രം കേരളത്തിൽ 500 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. വലിയ കൺവൻഷനുകളും വിനോദപരിപാടികളും മാറ്റിവെച്ചിട്ടുണ്ട്. സംസ്ഥാന ടൂറിസം മേഖലയ്ക്ക് പത്തുദിവസം കൊണ്ടുതന്നെ കോടിയോളം രൂപയുടെ നഷ്ടം വന്നിട്ടുണ്ടെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ഫിക്കി) പറയുന്നു. സംസ്ഥാനത്തെ വലിയ ഹോട്ടലുകളെല്ലാം ഏതാണ്ട് അടച്ചുപൂട്ടിയ നിലയിലാണ്. ഹോട്ടൽ, ടൂറിസം മേഖലയിൽ 15 ലക്ഷത്തിലധികം പേരാണ് നേരിട്ട് ജോലി ചെയ്യുന്നത്. അതിൽ 50 ശതമാനംപേരുടെ ജോലി ഇപ്പോൾത്തന്നെഇല്ലാതായി. പലർക്കും ശമ്പളം ലഭിച്ചിട്ടില്ല.

വിദേശത്തുനിന്നുള്ള വിനോദ സഞ്ചാരം പഴയനിലയിലേക്ക് വരാൻ ഒന്നു രണ്ടുവർഷമെങ്കിലും എടുക്കും. വിനോദസഞ്ചാരത്തെയും ആഭ്യന്തര ‑വിദേശ യാത്രക്കാരെയും ആശ്രയിച്ചിരുന്ന ടാക്സി സർവീസുകളും,ട്രാവൽ ഏജൻസികളും അകെ കുഴപ്പത്തിലാണ്. ഒരു ലക്ഷത്തിലധികം കുടുംബങ്ങളാണ് ഈ മേഖലയെ ആശ്രയിക്കുന്നത്. കൊച്ചി വിമാനത്താവളത്തിൽമാത്രം ആയിരത്തോളം ടാക്സി ഓടുന്നുണ്ട്. വായ്പ്പയാണ് ഇവർ നേരിടുന്ന പ്രധാന പ്രശ്നം. ടൂറിസത്തിന് പുറമെ ഐടി മേഖലയായിരുന്നു ഇവർക്ക് തൊഴിൽ ലഭിച്ചിരുന്ന മറ്റൊരു മേഖല. കൊച്ചി ഇൻഫോപാർക്ക്, തിരുവനന്തപുരം ടെക്നോപാർക്ക്, കോഴിക്കോട് സൈബർ പാർക്ക് തുടങ്ങിയ ഐടി കമ്പനികൾ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യൻ നിർദേശിച്ചതോടെ ആ ഓട്ടവും ഇല്ലാതായ അവസ്ഥയിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.