ലോക്കഴിക്കാതെ ടൂറിസം വകുപ്പ്; കായൽ ടൂറിസം നിശ്ചലമായി തുടരുന്നു

ആർ ബാലചന്ദ്രൻ

ആലപ്പുഴ

Posted on September 22, 2020, 9:52 pm

അൺലോക്ക് പ്രക്രിയയുടെ ഭാഗമായി ടൂറിസം മേഖല ഇളവുകളോടെ തുറന്നെങ്കിലും കായൽ ടൂറിസം രംഗം ഇപ്പോഴും നിശ്ചലമായി തുടരുകയാണ്. കായൽ ടൂറിസം രംഗം കൂടുതൽ സജീവമായി പ്രവർത്തിക്കുന്ന ആലപ്പുഴ, കോട്ടയം കൊല്ലം, എറണാകുളം എന്നീ ജില്ലകളിൽ കോവിഡ് കേസുകളുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്നതാണ് ഇളവുകൾ നൽകാത്തതെന്നാണ് അധികൃതർ പറയുന്നത്. ഹോട്ടലുകൾ അടക്കമുള്ള സംസ്ഥാനത്തെ എല്ലാ ടൂറിസം മേഖലകളും സന്ദർശന കേന്ദ്രങ്ങളും ഇതിനോടകം തുറന്നു കഴിഞ്ഞു. എന്നാൽ കായൽ ടൂറിസം പ്രവർത്തിക്കാൻ സർക്കാർ അനുമതി ലഭിക്കാതെ വന്നതോടെ കടുത്ത തൊഴിൽ പ്രതിസന്ധിയിലാണ്. ആരോഗ്യവകുപ്പും ജില്ലാ കളക്ടർമാരും പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷം സർക്കാരിലേക്ക് ശുപാർശ ചെയ്താൽ മാത്രമേ പ്രവർത്തനാനുമതി ലഭിക്കൂവെന്നാണ് ടൂറിസം വകുപ്പ് നിർദ്ദേശിച്ചിരിക്കുന്നത്.

ഒരു മാസത്തിന് ശേഷം തുറക്കുമെന്നാണ് ഹൗസ് ബോട്ട് ഉടമകൾക്ക് സർക്കാരിൽ നിന്നും ലഭിച്ച മറുപടി. അതിനായി കാത്തിരിക്കുകയാണ് മേഖല. വിദേശ സഞ്ചാരികളെ കിട്ടിയില്ലെങ്കിലും ആഭ്യന്തര വിനോദസഞ്ചാരികൾ എത്തുമെന്ന പ്രതീക്ഷയാണ് ഇക്കൂട്ടർ പങ്കുവെക്കുന്നത്. ഏഴ് മാസത്തോളം നിശ്ചലമായി കിടക്കുന്ന കായൽ ടൂറിസത്തിന് കോടികളുടെ നഷ്ടമാണ് സംഭവിച്ചത്. ബോട്ടുകൾ സർവ്വീസ് നടത്താൻ കഴിയാതെ വന്നത് മൂലം കേടുപാടുകൾ സംഭവിച്ചു. ബാങ്ക് പ്രഖ്യാപിച്ച മോറട്ടോറിയത്തിന്റെ കാലാവധി അവസാനിച്ചതോടെ ഉടമകൾ കടക്കെണിയിലായി. പലരും ഈ രംഗം ഭാഗീകമായി ഉപേക്ഷിച്ച് മറ്റ് ഉപജീവന മാർഗ്ഗങ്ങളിലേക്ക് തിരിഞ്ഞു. വിനോദസഞ്ചാരികളെ ആകർഷിച്ചിരുന്ന ഹൗസ് ബോട്ടുകൾ ഇന്ന് ഉടമകൾക്ക് അലങ്കാരമായി മാറിയിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഹൗസ് ബോട്ട് വിൽക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ്.

ഏകദേശം 12,000 പേർക്കാണ് ജോലി നഷ്ടപ്പെട്ടത്. 1100 ഹൗസ് ബോട്ടുകളാണ് കായൽ ടൂറിസം രംഗത്ത് പ്രവർത്തിക്കുന്നത്. കായൽ ടൂറിസം രംഗത്തിന് 2018 മുതൽ ഗ്രസിച്ച ശനിദശ ഇപ്പോഴും വിടാതെ പിന്തുടരുകയാണ്. രണ്ട് മഹാ പ്രളയങ്ങളും നോട്ട് നിരോധനവും, ജിഎസ്‌ടി നൂലാമാലകളും ഓഖിയും ഒടുവിൽ കോവിഡ‍ും എത്തിയതോടെ കായൽ ടൂറിസം പൂർണ്ണമായും തകർന്നു. ഇതിൽ നിന്നുമൊക്കെ കരകയറാൻ ശ്രമിച്ചെങ്കിലും അതെല്ലാം വിഫലമായി. കോവിഡ് വരുത്തിയ പ്രതിസന്ധിയിൽ നിന്നും രക്ഷപ്പെടാൻ വർഷങ്ങളെടുത്തേക്കുമെന്ന ആശങ്കയാണ് പലരും പങ്കുവയ്ക്കുന്നത്.

കേരളത്തെ സംബന്ധിച്ചെടുത്തോളം ആഭ്യന്തര വിനോദസഞ്ചാരികളേക്കാൾ കൂടുതൽ വരുന്നത് വിദേശികളാണ്. എന്നാൽ ഇത്തവണ രണ്ടും ഇല്ലാത്ത സ്ഥിതിയാണ്. ചില രാജ്യങ്ങൾ കോവിഡ് രൂക്ഷമായ മറ്റ് രാജ്യങ്ങളിലേക്കുള്ള യാത്രാവിലക്ക് തുടരുകയാണ്. ഇതിൽ ഇന്ത്യയും ഉൾപ്പെടുന്നുണ്ട്. ഇന്ത്യയിൽ രോഗവ്യാപനം വർദ്ധിക്കുമെന്ന ലോകാരോഗ്യ സംഘടനകളടക്കം മുന്നറിയിപ്പ് നൽകുന്നതും പ്രതിസന്ധിക്ക് ആക്കം കൂട്ടും. സംസ്ഥാനത്ത് 20 ലക്ഷത്തിലേറേ പേരാണ് ടൂറിസം രംഗത്ത് മാത്രം പ്രവർത്തിക്കുന്നത്.

eng­lish sum­ma­ry; tourism news updates

You may also like this video;