Web Desk

കൊച്ചി

March 15, 2020, 11:06 am

യാത്രാ നിയന്ത്രണം: വിനോദസഞ്ചാര മേഖലയ്ക്ക് വൻതിരിച്ചടി

Janayugom Online

ലോകത്താകമാനം ഭീഷണിയായ കൊറോണ വൈറസിന്റെ വ്യാപനം വിനോദസഞ്ചാരമേഖലയെയും രൂക്ഷമായി ബാധിച്ചു. ഏറെക്കുറെ നിശ്ചലാവസ്ഥയിലായ രാജ്യത്തെ വിനോദസഞ്ചാരമേഖല വലിയ തകർച്ചയിലേക്കു പതിക്കാനിടയാക്കും പുതിയ സാഹചര്യമെന്നാണ് റിപ്പോർട്ടുകൾ. കേരളത്തിൽ വിനോദസഞ്ചാര മേഖലയാണ് ഏറ്റവും താഴേക്ക് കൂപ്പുകുത്തിയത്. മൂന്നാറിൽ അയ്യായിരത്തോളം റൂം ബുക്കിംഗുകളാണ് മുടങ്ങിയത്. ഓയോയുടേത് മാത്രം രണ്ടായിരത്തിലേറെയാണ് റിപ്പോർട്ട് ചെയ്യുന്നത്.

ആലപ്പുഴ, തിരുവനന്തപുരം, ആലപ്പുഴയിലും കൊച്ചിയിലും കുമരകത്തുമെല്ലാം ഹൗസ്ബോട്ടുകളും ടൂറിസ്റ്റ് മോട്ടോർ ബോട്ടുകളും യാത്രികരില്ലാതെ നിശ്ചലമാണ്. മാത്രമല്ല കൊറോണ ഭീതിയെ തുടർന്ന് വിദേശികളുടെ ബുക്കിംഗുകൾ എടുക്കാനുള്ള ഭയവും. വിദേശികൾ കൂടുതൽ എത്തിയിരുന്ന അതിരപ്പിള്ളി, കോടനാട്, എടയ്ക്കൽ ഗുഹ തുടങ്ങിയവിനോദസഞ്ചാര സ്ഥലങ്ങൾ പൂട്ടിയതും പ്രതിസന്ധി സൃഷ്ടിച്ചു. രണ്ടു വർഷം മുമ്പ് നിപ്പാ വൈറസായിരുന്നു ടൂറിസം മേഖലയ്ക്ക് ഭീഷണിയായത്. തുടർന്ന് പ്രളയം വന്നു. സർക്കാരിന്റെ സമയോചിതമായ പിന്തുണ മൂലം ഈ വെല്ലുവിളികളെ ഭാഗികമായി അതിജീവിക്കാൻ വിനോദ സഞ്ചാരമമേഖലയ്ക്ക് സാധിച്ചെങ്കിലും അവയുടെ പ്രത്യാഘാതങ്ങളിൽ നിന്ന് പൂർണമായും കരകയറാൻ സാധിക്കാത്ത ഏകമേഖല ടാകസി ഓപ്പറേറ്റർമാരുടേതാണെന്ന് ഡ്രൈവർമാര്‍ ചൂണ്ടിക്കാട്ടി. കൊറോണ ഭീഷണി നിപ്പ, പ്രളയം എന്നിവയേക്കാൾ ഈ മേഖലയെ ഏതാണ്ട് പൂർണമായും നിശ്ചലമാക്കിയിരിക്കയാണ്.

ഇതിനുപുറമെ വിനോദസഞ്ചാരമേഖലയ്ക്ക് വിലക്കേർപ്പെടുത്തുകയും ചെയ്തു. വിനോദസഞ്ചാര സ്ഥലങ്ങളിലെ വിലക്കിനുപുറമെ വിമാന സർവീസുകൾ റദ്ദാക്കിയതിനുപിന്നാലെ സഞ്ചാരികളില്ലാതായതോടെ ടൂറിസ്റ്റ് ടാക്സി മേഖലയും മരവിപ്പിലായി. ടൂറിസ്റ്റ് ടാക്സി, ഊബർ, ഓല തുടങ്ങിയവയുമായി വാഹനങ്ങൾ ബന്ധിപ്പിച്ച് ഉപജീവനം കണ്ടെത്തിയവരും പ്രതിസന്ധിയിലായി. ഓട്ടോമേഖലയ്ക്കും യാത്രാവിലക്ക് തിരിച്ചടിയായി. പ്രതിസന്ധിയിലായ ടാക്സിമേഖലയെ രക്ഷിക്കാൻ ആവശ്യമായ ആശ്വാസനടപടികൾ പ്രഖ്യാപിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്നും ട്രാവൽ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫ് കേരള (ടോക്) അഭ്യർത്ഥിച്ചു.

ഇക്കാര്യങ്ങൾ വിശദീകരിച്ച് സംഘടന പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും കേന്ദ്ര ധനകാര്യ മന്ത്രിക്കും കേന്ദ്ര, സംസ്ഥാന ടൂറിസം മന്ത്രിമാർക്കും സംസ്ഥാന ഗതാഗതമന്ത്രിക്കും നിവേദനം അയച്ചതായി ടോക് പ്രസിഡന്റ് എം എസ് അനിൽകുമാർ, സെക്രട്ടറി ബാജി ജോസഫ് എന്നിവർ അറിയിച്ചു.

ടൂറിസംമേഖലയ്ക്ക് പിന്നാലെ സമുദ്രോല്പന്നങ്ങളുൾപ്പെടെ ഭക്ഷ്യ വിഭവങ്ങളുടെയെല്ലാം കയറ്റുമതിയും ഇറക്കുമതിയും പൂർണ്ണമായി നിലയ്ക്കുന്ന അവസ്ഥയാണ്. ഇന്ത്യയിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് കനത്ത നിയന്ത്രണം ഏർപ്പെടുത്തിയതിലും ആശങ്ക ഉയരുന്നുണ്ട്. നയതന്ത്ര വിസകൾ ഒഴികെയുള്ള എല്ലാ വിസകളും ഏപ്രിൽ 15 വരെ സസ്പെൻഡ് ചെയ്തുകൊണ്ടുള്ള പ്രഖ്യാപനം പ്രവാസി സമൂഹത്തിന്റെ പരിഭ്രാന്തി രൂക്ഷമാക്കി. ഇന്നലെ രാവിലെ ജർമ്മനിയിൽ നിന്നടക്കമുള്ള യാത്രക്കാർ കൊച്ചിയിലെത്തിയിരുന്നു. ജോലിയുടെ ഭാഗമായി അവിടങ്ങളിൽ തങ്ങുന്നവർ എന്ന് നാട്ടിലേയ്ക്ക് വരാൻ കഴിയുമെന്നകാര്യത്തിൽ ആശങ്കാകുലരാണെന്ന് മടങ്ങിയെത്തിയവർ പറയുന്നു.

Eng­lish Sum­ma­ry; tourism sec­tor under coro­na virus threat

YOU MAY ALSO LIKE THIS VIDEO