23 April 2024, Tuesday

വിനോദസഞ്ചാര മേഖല പുത്തനുണർവിലേക്ക്

ഷാജി ഇടപ്പള്ളി
കൊച്ചി
November 6, 2022 9:48 pm

കോവിഡ് മഹാമാരിയിൽ പ്രതിസന്ധിയിലായ വിനോദസഞ്ചാര മേഖല ഒരിടവേളക്ക് ശേഷം വീണ്ടും ഉണർവിലേക്ക്. ഡിസംബർ, ജനുവരി സീസണിൽ കേരളത്തിലെ വിവിധ വിനോദ സഞ്ചാരകേന്ദ്രങ്ങളിലെ ഹോട്ടലുകളിലും റിസോർട്ടുകളിലും ഇപ്പോൾ തന്നെ ബുക്കിങ് ഏതാണ്ട് പൂർത്തിയായി കഴിഞ്ഞു. ആഭ്യന്തര വിനോദ സഞ്ചാരികളാണ് കേരളത്തിലേക്ക് എത്തുന്നവരിൽ ഏറെയും. ഹോട്ടൽ ബുക്ക് ചെയ്തിട്ടുള്ളതിൽ 75 ശതമാനം ഇക്കൂട്ടരാണ്. 25 ശതമാനമാണ് അന്താരാഷ്ട്ര വിനോദ സഞ്ചാരികൾ. തദ്ദേശീയ വിനോദ സഞ്ചാരികളുടെ സന്ദർശനത്തിൽ വന്നിട്ടുള്ള താല്പര്യവും ഈ സീസണിൽ അനുകൂല സാഹചര്യമാകുമെന്നാണ് പ്രതീക്ഷ.  2022 ജനുവരി മുതൽ അഭ്യന്തര വിനോദ സഞ്ചാരികളുടെ സന്ദർശനം കേരളത്തിൽ വർദ്ധിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ആദ്യ പാദത്തിൽ എത്തിയത് 38 ലക്ഷം ആഭ്യന്തരവിനോദസഞ്ചാരികളായിരുന്നു. ഇതിൽ എറണാകുളത്താണ്, 8,11,426 പേർ എത്തിയത്. തൊട്ടുപിന്നിൽ 6,00, 933 പേർ എത്തിയ തിരുവനന്തപുരമായിരുന്നു രണ്ടാമത്. തൃശ്ശൂർ, വയനാട് ജില്ലകളിലും സമാനമായ വർദ്ധനവ് സഞ്ചാരികളുടെ എണ്ണത്തിൽ ഉണ്ടായിരുന്നു.

ഇത്തരത്തിൽ ആഭ്യന്തര വിനോദ സഞ്ചാരികളുടെ സന്ദർശനത്തിലുണ്ടായ ഒഴുക്ക് കേരളത്തിലെ വിനോദസഞ്ചാരമേഖലക്ക് സമ്മാനിച്ചിട്ടുള്ളത് വൻ നേട്ടമാണ്.. സ്കൂൾ, കോളേജ് വിദ്യാർത്ഥികളുടെ വിനോദ യാത്രകളും സജീവമായതും ഈ മേഖലക്ക് ഏറെ ഗുണകരമായിട്ടുണ്ട്. അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ എണ്ണവും ഇക്കുറി വീണ്ടും വർദ്ധിച്ചേക്കുമെന്നാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ വിലയിരുത്തൽ. കൊച്ചി, കോവളം, കുമരകം, വയനാട്, മൂന്നാർ ഉൾപ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളില്‍ വരുന്ന മാസങ്ങളിൽ നല്ല തിരക്കായിരിക്കുമെന്നാണ് ഇവർ അഭിപ്രായപ്പെടുന്നത്.

അന്താരാഷ്ട്ര ക്രൂസ് സഞ്ചാരികളും ഈ സീസണിൽ കൂടിയേക്കും. ഈ മാസം 29 ന് യൂറോപ്പ എന്ന കപ്പലാണ് കോവിഡിന് ശേഷം ആദ്യമായി വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തുന്നത്. 20 അന്താരാഷ്ട്ര കപ്പലുകളും 11 ആഭ്യന്തര കപ്പലുകളും ഈ സാമ്പത്തിക വർഷം കേരളത്തിലെത്തുമെന്നാണ് ലഭിക്കുന്ന വിവരം. ഡിസംബർ, ജനുവരി മാസങ്ങളിൽ ആറു കപ്പലുകൾ വീതമാണ് എത്തുന്നത്. കൊച്ചി, ഗോവ, മുംബൈ, മംഗളൂരു പാതയിലാണ് ക്രൂസ് സഞ്ചാരം. കോവിഡിന് ശേഷമിപ്പോൾ വിനോദ സഞ്ചാരമേഖല കൂടുതൽ ഉണർവിലാണെന്നും അത് ഈ മേഖലയെ ആശ്രയിച്ച് കഴിയുന്ന എല്ലാ മേഖലയിലും പ്രതിഫലിക്കുമെന്നും ക്രൂസ് എക്സ്പോസ് ഡയറക്ടർ ജോസഫ് കുര്യാക്കോസ് പറഞ്ഞു.
ബിസിനസ് സമ്മേളനങ്ങളും പാർട്ടികളും, വിവാഹങ്ങളും മറ്റു ആഘോഷങ്ങളും സജീവമായതും വിനോദ സഞ്ചാര മേഖലക്കും ഹോട്ടൽ രംഗത്തിനും ഏറെ ആശ്വാസമേകിയിട്ടുണ്ട്. അവധിദിനങ്ങളിൽ ഹോം സ്റ്റേകളും പൂർണമായും ബുക്കിങ് ആവുന്നുണ്ട്. ടൂർ ഓപ്പറേറ്റർമാരും ഹോട്ടലുകാരും വിനോദ സഞ്ചാരികളെ വരവേൽക്കാൻ പല പാക്കേജുകളും ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ലഹരിക്കെതിരെ കാമ്പയിനുകളും ജാഗ്രതയും കൈക്കൊള്ളുമെന്നും എക്സൈസ്, പൊലീസ് അധികൃതരും വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.