വിനോദസഞ്ചാര മേഖല കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍; ഉടമകള്‍ കൂട്ടത്തോടെ ഹൗസ്‌ബോട്ടുകള്‍ വില്‍ക്കുന്നു

Web Desk
Posted on December 21, 2018, 11:27 am

ആര്‍ ബാലചന്ദ്രന്‍
ആലപ്പുഴ: പ്രളയത്തിന് ശേഷം വിനോദസഞ്ചാരികള്‍ കേരളത്തെ കൈവിട്ടു. ഇതോടെ ടൂറിസം മേഖല കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. നിലവില്‍ 15 ശതമാനത്തിന് താഴെ മാത്രമാണ് സഞ്ചാരികള്‍ കേരളത്തില്‍ എത്തുന്നത്. ആഭ്യന്തര വിനോദസഞ്ചാരികള്‍ മാത്രമാണ് ഇപ്പോള്‍ എത്തുന്നത്. എന്നാല്‍ ഇവര്‍ കേരളത്തില്‍ നിന്ന് ഉടന്‍ മടങ്ങുകയാണ് പതിവ്. വിദേശികള്‍ കേരളത്തിലേക്ക് എത്താന്‍ പോലും കൂട്ടാക്കുന്നില്ല. ക്രിസ്തുമസ് പുതുവര്‍ഷം എന്നിവ ആസന്നമായ സാഹചര്യത്തില്‍ മികച്ച ബുക്കിംഗ് കിട്ടുമെന്നായിരുന്നു ഈ വ്യവസായവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ കരുതിയിരുന്നത്. എന്നാല്‍ അവരുടെ കണക്കുകൂട്ടലുകള്‍ തെറ്റി. കഴിഞ്ഞ വര്‍ഷം 34,000 കോടി രൂപയുടെ വരുമാനമായിരുന്നു സര്‍ക്കാരിന് വിനോദസഞ്ചാര മേഖലയില്‍ നിന്ന് ലഭിച്ചത്. എന്നാല്‍ ഇങ്ങനെ പോയാല്‍ 2018ല്‍ വിനോദസഞ്ചാര വകുപ്പിന്റെ വരുമാനത്തില്‍ 80 ശതമാനം ഇടിവ് ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥരും സാക്ഷ്യപ്പെടുത്തുന്നു.

വിനോദസഞ്ചാര മേഖലയോട് അനുബന്ധിച്ച് പ്രവര്‍ത്തിച്ച് വരുന്ന കരകൗശല വ്യവസായം മുതല്‍ ഹൗസ് ബോട്ട്, റിസോര്‍ട്ട്, ഹോട്ടല്‍ എന്നിവിടങ്ങള്‍ തൊഴലില്ലായമ രൂക്ഷമാണ്. ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും ഹോംസ്‌റ്റേകള്‍ക്കും കാര്യമായി ബുക്കിംങ് കിട്ടാതെ വന്നതോടെ പലരും ഈ വ്യവസായം ഉപേക്ഷിക്കാന്‍ തയ്യാറാവുകയാണ്. ആലപ്പുഴയെ സംബന്ധിച്ചെടുത്തോളം ടൂറിസം മേഖലയെ ആശ്രയിച്ച് കഴിയുന്ന പ്രമുഖ വ്യവസായമാണ് ഹൗസ് ബോട്ട് രംഗം. വരുമാനം കുറഞ്ഞതോടെ ഈ വ്യവസായം നിലനില്‍പ്പിനായുള്ള പോരാട്ടത്തിലാണ്. ചെറുകിടവന്‍കിട മേഖലകളില്‍ നിന്നായി 1500 ഹൗസ് ബോട്ടുകളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.

3500 തൊഴിലാളികളാണ് പണിയെടുക്കുന്നത്. ബുക്കിംഗുകള്‍ കുറഞ്ഞത് ചെറുകിട വ്യവസായികളെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ആലപ്പുഴ, കൊല്ലം, എറണാകുളം എന്നീ ജില്ലകളില്‍ വ്യാപിച്ച് കിടക്കുന്ന ഈ മേഖലയില്‍ 15 ശതമാനം ഹൗസ് ബോട്ടുകള്‍ക്ക് മാത്രമാണ് സര്‍വീസ് നടത്തുന്നത്. അതും വന്‍കിട ഹൗസ് ബോട്ടുകളാണ്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മാസത്തില്‍ ഹൗസ്‌ബോട്ടുകള്‍ കിട്ടാനാവാത്ത സ്ഥിതിയായിരുന്നു. എന്നാല്‍ ഇത്തവണ ആര്‍ക്കും ബോട്ടുകള്‍ വേണ്ടാത്ത സ്ഥിതിയാണ്. വരുമാനം ഇല്ലാതെ കടം കറിയതോടെ ചെറുകിട സംരംഭകര്‍ ഹൗസ്‌ബോട്ടുകള്‍ വില്‍ക്കാന്‍ ഒരുങ്ങുകയാണ്. ഇതിനോടകം 70 ഓളം പേര്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി വില്‍പ്പന പരസ്യങ്ങള്‍ നല്‍കി.
കേരളത്തില്‍ പൊതുവേ വിനോദസഞ്ചാര മേഖലയില്‍ അനുഭവപ്പെടുന്ന ഈ മാന്ദ്യത്തിന്റെ കാരണം അറിയാന്‍ പഠനം അനിവാര്യമാണെന്നാണ് കേരള ഹൗസ് ബോട്ട് ഓണേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെടുന്നത്.

വിനോദസഞ്ചാരികള്‍ എത്തണമെങ്കില്‍ പ്രളയകാല കേരളവും പ്രളയാനന്തര കേരളവും തമ്മിലുള്ള വ്യത്യാസം വിനോദസഞ്ചാരികളെ പരിചയപ്പെടുത്തുന്ന പ്രൊമോഷന്‍ വീഡിയോകള്‍ ടൂറിസം വകുപ്പ് പുറത്തിറക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇതിലൂടെ മാത്രമേ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ വ്യക്തമായ ചിത്രം ഇവരിലേക്ക് എത്തുകയുള്ളു. കേരളത്തില്‍ ഏറ്റവും വിനോദസഞ്ചാരികള്‍ എത്തുന്ന കൊച്ചിയില്‍ ഇപ്പോള്‍ നടന്നുവരുന്ന ബിനാലെ കാണാന്‍ പോലും വിനോദസഞ്ചാരികളെ കിട്ടുന്നില്ല. പ്രളയത്തിന്‌ശേഷം കേരളത്തിന്റെ വിനോദസഞ്ചാര മേഖല സുസജ്ജമാണെന്ന് ലോകത്തോട് കാട്ടുന്നതിനായി ഹൗസ്‌ബോട്ട് റാലിയും നെഹ്‌റുട്രോഫിയും നടത്തിയെങ്കിലും പിന്നീട് അതിന്റെ ഫലം ഉണ്ടായില്ല. ഇപ്പോള്‍ ബാധിച്ചിരിക്കുന്ന മാന്ദ്യം സംബന്ധിച്ച് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ യോഗം വിളിച്ച് കൂട്ടി ചര്‍ച്ച ചെയ്ത് സര്‍ക്കാരിന് മുന്നില്‍ അവതരിപ്പിക്കാനാണ് കേരള ഹൗസ് ബോട്ട് ഓണേഴ്‌സ് അസോസിയേഷന്‍ തീരുമാനിച്ചിരിക്കുന്നത്.