സ്​കൂള്‍ മൈതാനത്ത് അഭ്യാസപ്രകടനം; ബസുകള്‍ പിടിച്ചെടുത്തു- വീഡിയോ

Web Desk
Posted on November 30, 2019, 8:56 am

കൊല്ലം: സ്​കൂള്‍ മൈതാനത്ത് അപകടകരമായ രീതിയില്‍​ അഭ്യാസപ്രകടനം നടത്തിയ ടൂറിസ്റ്റ് ബസുകള്‍ പിടിച്ചെടുത്തു. രണ്ടു ബസുകളാണ്‌ ജില്ലാ അതിർത്തിയിൽ വെച്ച് ഉദ്ദ്യോഗസ്ഥർ പിടികൂടിയത്. കൊല്ലം വെണ്ടാര്‍ വിദ്യാധിരാജ സ്കൂളിലും അഞ്ചല്‍ ഈസ്റ്റ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ മൈതാനത്തുമായിരുന്നു വാഹനങ്ങളുടെ അപകടകരമായ അഭ്യാസപ്രകടനം.

കഴിഞ്ഞ 24ാം തിയതി വിനോദയാത്രയ്ക്ക് പുറപ്പെടുന്നതിന് മുന്‍പായിരുന്നു വിദ്യാധിരാജ സ്കൂള്‍ മൈതാനത്ത് അപകടകരമായ രീതിയില്‍ വാഹനമോടിച്ച്‌ അഭ്യാസപ്രകടനം നടത്തിയത്. ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ആണ് സംഭവം വിവാദമാകുന്നത്.  ടൂറിസ്റ്റ് ബസിനൊപ്പം കാറും ബൈക്കുകളും ഈ അഭ്യാസപ്രകടനത്തില്‍ ഉണ്ടായിരുന്നു. പൊലീസ് ഇന്നലെ ടൂറിസ്റ്റ് ബസ് കസ്റ്റഡിയിലെടുക്കുകയും ഡ്രൈവറുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

സ്കൂള്‍ മൈതാനത്ത് അപകടകരമായ രീതിയില്‍ ഓടിച്ച കാറിന്റെ ഉടമയെ പൊലീസ് അറസ്റ്റു ചെയ്തു. നടുവത്തൂര്‍ സ്വദേശി അഭിഷന്തിനെയാണ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചത്. കാറോടിച്ചത് വിദ്യാര്‍ത്ഥികളാണോയെന്ന കാര്യവും പൊലീസ് പരിശോധിച്ച് വരികയാണ്. ഇവക്കൊപ്പമുണ്ടായിരുന്ന ഇരുചക്രവാഹനങ്ങള്‍ ഓടിച്ചത് വിദ്യാര്‍ത്ഥികളാണെന്ന് പൊലീസ് കണ്ടെത്തി. ഇവരുടെ രക്ഷിതാക്കള്‍ക്കെതിരെ കേസെടുക്കാനാണ് തീരുമാനം. അതേ സമയം ബസ്റ്റിൽ നിയമം ലംഘിച്ച് ഫിറ്റ് ചെയ്തിരുന്ന ആഡംബര ഹോണുകൾ, ലൈറ്റുകൾ, സ്റ്റിരിയോ സിസ്റ്റം എന്നിവ തിരിച്ച് വരുന്ന വഴിക്ക് ഇളക്കി മാറ്റിയതായി മോട്ടോർ വാഹന വകുപ്പ് കണ്ടെത്തി. നിലവിലെ സാഹചര്യത്തിൽ ബസ്സുകൾ അഞ്ചൽ പൊലിസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ സൂക്ഷിക്കും.