Wednesday
21 Aug 2019

കാലാവസ്ഥ; കേരളത്തിന്റെ ഭംഗി ആസ്വദിക്കാനാകാതെ വിനോദസഞ്ചാരികള്‍ മടങ്ങി

By: Web Desk | Tuesday 16 October 2018 10:07 PM IST


Boudhika
വിഴിഞ്ഞം തീരത്ത് ഇന്നലെ പുറംകടലില്‍ നങ്കൂരമിട്ട ആഡംബര കപ്പല്‍ ബൗദ്ധിക

വിഴിഞ്ഞം: കടലിന്റെ സ്വഭാവം മാറിയതിനെ തുടര്‍ന്ന് ദൈവത്തിന്റെ സ്വന്തം നാട്ടിന്റെ സൗന്ദര്യം ആവോളം ആസ്വദിക്കാനെത്തിയവര്‍ക്ക് കരയിലിറങ്ങാനായില്ല. സഞ്ചാരികളുമായി എത്തിയ ബൗദ്ധിക എന്ന വിനോദ സഞ്ചാര കപ്പല്‍ വന്നത് പോലെ മടങ്ങി. 500 ഓളം സഞ്ചാരികളില്‍ കേരളത്തില്‍ ആയുര്‍വേദ ചികിത്സക്കെത്തിയ രണ്ടുപേര്‍ മാത്രമാണ് കപ്പലില്‍ നിന്ന് ചെറിയ ബോട്ടില്‍ തീരമണഞ്ഞത്. ഇവര്‍ ചികിത്സ കഴിയുന്ന മുറക്ക് വിമാനമാര്‍ഗ്ഗം നാട്ടിലേക്ക് മടങ്ങുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.

കടല്‍ ശാന്തമായാല്‍ പുറത്തിറങ്ങാമെന്ന പ്രതീക്ഷയില്‍ ഒന്‍പത് മണിക്കൂറോളം ഉള്‍ക്കടലില്‍ തങ്ങിയ ശേഷം നിരാശയോടെയായിരുന്നു സഞ്ചാരികളുടെ മടക്കം. കൊച്ചിയില്‍ നിന്ന് കൊളംബോയിലേക്കുള്ള യാത്രാ മധ്യേ രാവിലെ ആറരയോടെ തന്നെ എത്തിയ കപ്പല്‍ വലിപ്പ കൂടുതല്‍ കാരണം പുറംകടലില്‍ നങ്കൂരമിട്ടു. കപ്പലില്‍ നിന്ന് പ്രഭാതഭക്ഷണം കഴിച്ച ശേഷം കരയിലേക്ക് വരാന്‍ തയ്യാറെടുത്തവര്‍ക്ക് മുന്നില്‍ പെട്ടെന്നുണ്ടായ കാലാവസ്ഥ മാറ്റമാണ് പ്രതിബന്ധമായത്. അപ്രതീക്ഷിതമായി പെയ്ത മഴയും ആര്‍ത്തിരമ്പിയ കടല്‍ത്തിരകളും എല്ലാവരുടെയും പ്രതീക്ഷക്ക് മങ്ങലേല്‍പ്പിച്ചു. ഇതോടെ ഡിങ്കി ബോട്ടില്‍ പോര്‍ട്ട് അധികൃതരും,കസ്റ്റംസ്, എമിഗ്രേഷന്‍ ഉദ്യോഗസ്ഥരും കപ്പലില്‍ എത്തി നടപടി ക്രമം പൂര്‍ത്തിയാക്കി സഞ്ചാരികള്‍ക്ക് തീരം വിടാനുള്ള സൌകര്യമൊരുക്കിയതോടെ 3.30 ഓടെ കപ്പല്‍ ശ്രീലങ്കയിലേക്ക് തിരിച്ചു.

Related News