Web Desk

മുംബൈ/പനാജി:

May 16, 2021, 10:29 pm

ടൗട്ടേ അതിതീവ്രം

Janayugom Online

ടൗട്ടേ ചുഴലിക്കാറ്റില്‍ കര്‍ണാടകയില്‍ നാല് മരണം. 73 ഗ്രാമങ്ങളില്‍ വ്യാപകനാശം. മധ്യകിഴക്കൻ അറബിക്കടലിൽ അതിതീവ്ര ചുഴലിക്കാറ്റായി ശക്തിപ്രാപിച്ച ടൗട്ടേ ഗുജറാത്തിലേക്ക് നീങ്ങുകയാണ്. ഇന്ന് രാത്രിയോടെ ഗുജറാത്തിലെ പോര്‍ബന്തറിന് സമീപമായി ചുഴലിക്കാറ്റ് കരതൊടും.ചുഴലിക്കാറ്റിന്റെ ഫലമായി കേരളം, തമിഴ്‌നാട്, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ കനത്ത മഴയാണ് ലഭിക്കുന്നത്. ആറ് സംസ്ഥാനങ്ങളിലായി ലക്ഷക്കണക്കിനാളുകളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. കേരളത്തില്‍ ഇന്നുകൂടി ടൗട്ടേയുടെ സ്വാധീനം തുടരുമെന്നാണ് പ്രവചനങ്ങള്‍ വിലയിരുത്തുന്നത്.
ഗോവയില്‍ മഴ കനത്ത നാശം വിതച്ചു. 

പനാജിയില്‍ നിന്നും 130 കിലോമീറ്റര്‍ അകലെയാണ് നിലവില്‍ ചുഴലിക്കാറ്റ്. മണിക്കൂറില്‍ 11 കിലോമീറ്റര്‍ വേഗതയിലാണ് ഇത് ഗുജറാത്തിനെ ലക്ഷ്യംവച്ച് നീങ്ങുന്നത്. ഇന്ന് രാത്രിയോടെ പോര്‍ബന്തര്‍, മഹുവ തീരങ്ങള്‍ക്കിടയിലൂടെ ടൗട്ടേ കരയിലേക്ക് പ്രവേശിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍. തീരത്തോട് അടുക്കുമ്പോള്‍ 150 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റുവീശിയേക്കും. എട്ട് മീറ്റര്‍ ഉയരത്തില്‍ തിരമാലകളുണ്ടായേക്കുമെന്നും മുന്നറിയിപ്പുണ്ട്. ഗുജറാത്തിനുശേഷം രാജസ്ഥാന്‍, ഡല്‍ഹി, ഹരിയാന സംസ്ഥാനങ്ങളിലൂടെ കടന്ന് ഉത്തരാഖണ്ഡിലായിരിക്കും ടൗട്ടേ ദുര്‍ബലമാവുകയെന്നും കാലാവസ്ഥാ പ്രവചനങ്ങള്‍ വിലയിരുത്തുന്നു.

കര്‍ണാടകയില്‍ ഉഡുപ്പി ജില്ലയിലാണ് ഏറ്റവുമധികം നാശനഷ്ടമുണ്ടായിരിക്കുന്നത്. ദക്ഷിണ കന്നഡയിലെ ഏഴ് ജില്ലകളിലെ 17 താലൂക്കുകളെ ചുഴലിക്കാറ്റ് ബാധിച്ചു. ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലേക്കുള്ള വിമാനസര്‍വീസുകളെല്ലാം റദ്ദാക്കിയിട്ടുണ്ട്. നിരവധി ട്രെയിനുകളും റദ്ദാക്കി. കനത്ത മഴ തുടരുന്ന മുംബൈയില്‍ ഇന്നും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ടൗട്ടേ ചുഴലിക്കാറ്റിന്റെ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്നലെ ഉന്നതതല യോഗം വിളിച്ചു. ചുഴലിക്കാറ്റ് കണക്കിലെടുത്ത് നൂറ് സംഘങ്ങളെ സജ്ജമാക്കിയിട്ടുണ്ടെന്ന് എന്‍ഡിആര്‍എഫ് അറിയിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഗുജറാത്ത്, മഹാരാഷ്ട്ര മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തി മുന്നൊരുക്കങ്ങള്‍ വിലയിരുത്തി.
ENGLISH SUMMARY; CONSEQUENCES OF TOUTAE CYCLONEIN INDIA
YOU MAY ALSO LIKE THIS VIDEO;