Wednesday
20 Feb 2019

ടൊവിനോ തോമസ് സൂപ്പര്‍ സ്റ്റാര്‍ പദവിയില്‍

By: Web Desk | Friday 23 November 2018 1:09 PM IST

പല്ലിശ്ശേരി

ന്നസെന്റിന്റെ നാട്ടില്‍ നിന്ന്, അതായത് തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുട നിന്നും ഒരു നല്ല നടന്‍ കൂടി മലയാളം-തമിഴ് സിനിമയില്‍ ആരവങ്ങളോടെ എത്തിയിരിക്കുന്നു.

ടൊവിനോ തോമസ്

സജീവന്‍ അന്തിക്കാട് രചനയും സംവിധാനവും നിര്‍വഹിച്ച ഒരു സോദ്ദേശ ചിത്രമാണ് ‘പ്രഭുവിന്റെ മക്കള്‍.’ ഈ സിനിമയില്‍ മധു, വിനയ് ഫോര്‍ട്ട്, കലാഭവന്‍ മണി, സ്വസിക എന്നിവരോടൊപ്പമാണ് ടൊവിനോ അഭിനയിച്ചത്. ആ സിനിമ കാണുന്നവര്‍ക്കറിയാം ആ ചിത്രത്തിലെ ടൊവിനോയുടെ പ്രകടനം. മലയാള സിനിമ ആഗ്രഹിക്കുന്ന ഒരു നടന്‍ വൈകാതെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറും. എന്നാല്‍ പെട്ടെന്ന് ഒരു താരോദയം ടൊവിന് സാധിച്ചില്ല.
സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍, മിസ്റ്റര്‍ യൂണിവേഴ്‌സിറ്റി, പ്രണയിച്ച പെണ്ണിനെ സ്വന്തമാക്കിയ കാമുകന്‍ എന്നീ ബഹുമതികളായിരുന്നു അക്കാലത്ത് ടൊവിനോക്ക് ലഭിച്ചത്. 2012 പ്രഭുവിന്റെ മക്കള്‍ കഴിഞ്ഞപ്പോള്‍ സമയം കളയാതെ സംവിധാനസഹായിയായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. തന്റെ സങ്കേതം സിനിമ തന്നെയാണെന്നും നടനായാലും സംവിധായകനായാലും തനിക്ക് സിനിമ മതിയെന്നും ഈ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ തീരുമാനിച്ചു. അതിനുവേണ്ടി എന്തു ത്യാഗവും സഹിക്കാന്‍ തയാറായി.

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ‘തീവ്രം’ എന്ന സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായി കടന്നുകൂടിയത് ഈ ലക്ഷ്യം മനസില്‍ വച്ചുകൊണ്ടായിരുന്നു. എന്നാല്‍ സംവിധായകനാകാന്‍ ആയിരുന്നില്ല. നായകനടനായി വളരാനായിരുന്നു ടൊവിനോയുടെ വിധി. അതിന് നിമിത്തമായത് പൃഥ്വിരാജിന്റെ ‘സെവന്‍ത് സെയില്‍’ ഉണ്ടായിരുന്ന വേഷവും. അവിടെവച്ച് പൃഥ്വിരാജുമായി അടുത്തു. നല്ലൊരു ഹൃദയബന്ധം സൂക്ഷിച്ചു. ആ സൗഹൃദമാണ് 2015 ല്‍ സൂപ്പര്‍ ഹിറ്റായ ‘എന്ന് നിന്റെ മൊയ്തീന്‍’ ചിത്രത്തില്‍ ഉപനായകനായി അഭിനയിക്കാന്‍ അവസരം ലഭിച്ചത്. പകുതി വില്ലന്‍ സ്വഭാവം സൂക്ഷിച്ച കഥാപാത്രത്തിന്റെ മാറ്റം എല്ലാരീതിയിലും കയ്യടി നേടാന്‍ ‘എന്ന് നിന്റെ മൊയ്തീന്‍’ സഹായിച്ചു. സത്യം പറഞ്ഞാല്‍ ആ സിനിമയാണ് നായകനടന്മാരുടെ മുന്‍നിരയിലേക്കുള്ള യാത്രക്കൊപ്പമെത്താന്‍ ടൊവിനോയെ സഹായിച്ചത്.
ഇരിങ്ങാലക്കുടയില്‍ നിന്നും സിനിമയിലെത്തിയവരെല്ലാം തന്നെ മലയാള സിനിമയുടെ മുന്‍നിരയില്‍ എത്താന്‍ ഭാഗ്യം ലഭിച്ചവരാണ്. പിന്നണി ഗായകന്‍ ജയചന്ദ്രന്‍ സംവിധായകന്‍ മോഹന്‍, നടന്മാരായ ഇന്നസെന്റ്, ഇടവേള ബാബു, തിരക്കഥാകൃത്ത് സിബി കെ തോമസ്, മറുനാടന്‍ മലയാളിയായ സുധാചന്ദ്രന്‍, പ്രേമം സിനിമയിലൂടെ നായികമാരിലൊരാളായി തെലുങ്കില്‍ ആധിപത്യം ഉറപ്പിച്ച അനുപമ പരമേശ്വരന്‍… ഇവരുടെ ലിസ്റ്റിലേക്ക് ടൊവിനോ തോമസ്.

മാന്യമായ പെരുമാറ്റം, നല്ലതാണെങ്കില്‍ എത്ര ചെറിയ റോളിലും അഭിനയിക്കാമെന്ന ആത്മവിശ്വാസം, ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെടുന്ന സാമൂഹ്യാവര്‍ത്തകന്‍, അഭിപ്രായം പറയുമ്പോള്‍ അത് ആര്‍ക്കൊക്കെ സുഖിക്കണമെന്ന് ചിന്തിക്കാത്ത സ്വന്തം കഴിവില്‍ ആത്മവിശ്വാസമുള്ള ചെറുപ്പക്കാരന്‍, ഗോഡ് ഫാദര്‍മാരില്ലാതെ ടൊവിനോ വളരുകയായിരുന്നു.
‘ഗപ്പി’യില്‍ അഭിനയിക്കാന്‍ താടി വളര്‍ത്തി, ‘ഗോദ’യില്‍ അഭിനയിക്കാന്‍ ഗുസ്തി പഠിച്ചു, ‘ഒരു മെക്‌സിക്കന്‍ അപാരത’യും ‘അഭിയും ഞാനും’ എന്നീ സിനിമകള്‍ കൂടിവന്നപ്പോള്‍ ടൊവിനോ തന്റെ ഇരിപ്പിടം ഉറപ്പിച്ചു.

‘ഒരു മെക്‌സിക്കന്‍ അപാരതയുടെ’ സമയത്താണ് മധുപാല്‍ തന്റെ പുതിയ ചിത്രമായ ‘ഒരു കുപ്രസിദ്ധ പയ്യന്‍’ എന്ന സിനിമയുമായി മുന്നോട്ടുപോയത്. കോഴിക്കോടു നടന്ന ഒരു സംഭവ കഥയുമായി ബന്ധപ്പെട്ട സിനിമയായിരുന്നു ഒരു ‘കുപ്രസിദ്ധ പയ്യന്‍.’ ആ ചിത്രത്തിലെ അജയന്‍ എന്ന കഥാപാത്രത്തിനു പറ്റിയ നടനെ അന്വേഷിച്ചു നടക്കുന്നതിനിടയിലാണ് ടൊവിനോയുടെ മുഖം മനസില്‍ പതിഞ്ഞത്. രണ്ടാമതൊന്നു ചിന്തിക്കാതെ മധുപാല്‍ തന്റെ ചിത്രത്തിലെ അജയനായി ടൊവിനോയെ തീരുമാനിച്ചു.

അനിശ്ചിതത്വങ്ങളുടെ നൂല്‍പ്പാലത്തിലൂടെ പോകുന്ന അജയന്റെ മാനറിസങ്ങള്‍ ടൊവിനോ ഗംഭീരമാക്കുമെന്ന പൂര്‍ണവിശ്വാസം ‘ഒരു കുപ്രസിദ്ധ പയ്യന്‍’ ചിത്രീകരണം തുടങ്ങിയപ്പോള്‍ അരക്കിട്ടുറപ്പിച്ചു. അപ്പോഴേക്കും ടൊവിനോയുടെ താരപദവി വളര്‍ന്നു കഴിഞ്ഞിരുന്നു. ബോക്‌സ് ഓഫീസ് കൊമേഴ്‌സ്യല്‍ സമവാക്യങ്ങളില്‍ സ്വാധീനം ചെലുത്തുന്ന നിരയിലേക്ക് നായകനായി ടൊവിനോ മാറി.

‘ഒരു കുപ്രസിദ്ധ പയ്യന്‍’, പ്രദര്‍ശനത്തിനെത്തിയപ്പോള്‍ ടൊവിനോയുടെ താരമൂല്യം സിനിമയ്ക്ക് ഏറെ ഗുണം ചെയ്തു. മാത്രമല്ല, ഈ വര്‍ഷം അഭിനയിച്ച് ഹിറ്റുകളായി മാറിയ ‘മഹാനദി’, ‘തീവണ്ടി’, ‘ഒരു കുപ്രസിദ്ധ പയ്യന്‍’ എന്നീ ചിത്രങ്ങളിലെ അഭിനയ മികവും കച്ചവട വിജയങ്ങളും ടൊവിനോക്ക് സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്കുള്ള പരവതാനി വിരിക്കുകയും ചെയ്തു.
‘മായാനദി’ വലിയ ബഹളങ്ങളില്ലാതെ റിലീസ് ചെയ്ത ആഷിക് അബു സിനിമയാണ്. സിനിമകണ്ട് പറഞ്ഞു പറഞ്ഞു പ്രേക്ഷകരെ തിയേറ്ററിലേക്കെത്തിക്കാന്‍ എന്തൊക്കെയോ ആ സിനിമയില്‍ ഉണ്ടെന്ന പ്രചരണം ഏറ്റു. അതൊരു വെറും പ്രചരണം മാത്രമായിരുന്നില്ല. മലയാള സിനിമയില്‍ കാലത്തിനൊത്ത് മാറ്റം ഉണ്ടാക്കിയ ചുംബനരംഗമായിരുന്നു. ഇത്തരം രംഗങ്ങള്‍ ‘അയ്യേ’ എന്നു പറഞ്ഞ് മാറ്റിനിര്‍ത്തിയിരുന്നെങ്കിലും ‘ലങ്ക’ എന്ന സിനിമയില്‍ സുരേഷ് ഗോപിയും മംമ്ത മോഹന്‍ദാസും തമ്മില്‍ ഒരു പത്ത് മിനിറ്റ് നീണ്ടുനില്‍ക്കുന്ന ലിപ്പ്‌ലോക്ക് ചുംബനമായിരുന്നു ക്ലൈമാക്‌സ്. എന്നാല്‍ എന്താണ് കാരണമെന്നറിയില്ല, ആ സിനിമ ശ്രദ്ധിക്കപ്പെടാതെ പോയി എന്നുമാത്രമല്ല, അത്തരമൊരു ചുംബനരംഗത്തിന്റെ പേരില്‍ വ്യക്തിജീവിതത്തിലും ഇരുവര്‍ക്കും പ്രശ്‌നങ്ങളുണ്ടായി. നല്ലൊരു താരജോഡിയായിരുന്ന സുരേഷ് ഗോപി- മംമ്തയ്ക്ക് നാലഞ്ചു സിനിമകള്‍ ഉണ്ടായിരുന്നെങ്കിലും ആരുടെയോ ഭീഷണിയുടെ പേരില്‍ സുരേഷ് ഗോപിയുടെ കുടുംബജീവിതത്തില്‍ സമാധാനം നിലനിര്‍ത്തുന്നതിനു വേണ്ടി എല്ലാ സിനിമകളും മംമ്ത മോഹന്‍ദാസ് വേണ്ടെന്നു വച്ചു.

‘ചാപ്പാക്കുരിശ്’ ചിത്രത്തില്‍ ഫഹദ് ഫാസിലും രമ്യാ നമ്പീശനും നടത്തിയ ചുംബനരംഗം വികാരപരമായിരുന്നു. ഇരുവരും അവിവാഹിതരായിരുന്നതുകൊണ്ട് പ്രത്യേകിച്ചൊന്നും സംഭവിച്ചില്ല. അതേസമയം, ‘തീവണ്ടി’യിലെ ചുംബനരംഗം പ്രണയിച്ചു വിവാഹിതരായ ടൊവിനോ-ലിഡിയ ബന്ധത്തെ തകര്‍ക്കുമെന്നറിയാമായിരുന്നു. എന്നാല്‍ താന്‍ അഭിനയിക്കാന്‍ പോകുന്ന ‘തീവണ്ടി’ യിലെ ചുംബനരംഗത്തെക്കുറിച്ച് ഭാര്യ ലിഡിയയുമായി സംസാരിച്ചു. അതിനുശേഷമാണ് ചുംബനരംഗം അഭിനയിച്ചത്.

മലയാള സിനിമയില്‍, കഥാപാത്രം ആവശ്യപ്പെടുന്ന രംഗത്തില്‍ ഒരു നടനോ നടിയോ അഭിനയിച്ചിരിക്കണം. അല്ലാതെ ആ രംഗം പറ്റില്ല, ഈ രംഗം പറ്റില്ല എന്നൊക്കെ പറയാനാണെങ്കില്‍ അഭിനയ രംഗത്തേക്കു വരാതിരിക്കുകയോ അത്തരം സിനിമകള്‍ ഒഴിവാക്കുകയോ ആണ് നല്ലത്. ‘മായാനദി’ റിലീസ് ചെയ്തപ്പോള്‍ പലര്‍ക്കും ടൊവിനോയോട് ഒരേ ഒരു ചോദ്യം മാത്രമാണ് ചോദിക്കാനുണ്ടായിരുന്നത്.

‘ചുംബനരംഗം കണ്ട് ഭാര്യ എങ്ങനെ പ്രതികരിച്ചു?’ ”എന്റെ ഭാര്യ എന്നെപ്പോലെ തന്നെ കപടസദാചാര വാദിയല്ല. എന്റെ ഭാര്യക്ക് ബുദ്ധിയുള്ളതുകൊണ്ട് രക്ഷപ്പെട്ടു. അല്ലെങ്കില്‍ പെട്ടുപോയേനെ. പിന്നെ എത്ര പുരോഗമനം പറഞ്ഞാലും ഇത്തരം രംഗത്ത് അഭിനയിക്കുന്നതിനു ഭാര്യക്ക് ഇഷ്ടവുമല്ല. ജോലിയുടെ ഭാഗമാകുമ്പോള്‍ ചെയ്യാതെ പറ്റില്ലല്ലോ.”
ആ ചിത്രത്തില്‍ മാത്രമാണ് ചുംബനം എന്നു വിചാരിച്ചവര്‍ക്ക് തെറ്റി. ഒരു നടനോ നടിയോ സത്യസന്ധമായി സിനിമയെ സമീപിച്ചാല്‍ അവരെ മുതലെടുക്കുക എന്ന തന്ത്രം, കലാപരമായ കച്ചവട തന്ത്രം ഉള്‍പ്പെടുത്തും. തീവണ്ടിയില്‍ അതാണ് സംഭവിച്ചത്. ‘മായാനദി’യില്‍ നിന്നും ‘തീവണ്ടി’യിലെ ചുംബനത്തിനു മറ്റൊരു പ്രത്യേകത കൂടി ഉണ്ടായിരുന്നു. അത്തരമൊരു രംഗം പ്രേക്ഷകര്‍ എണീറ്റ് നിന്ന് കയ്യടിച്ചു പ്രോത്സാഹിപ്പിക്കുകയായിരുന്നു.
അഭിനയത്തിനു ഭാഷ പ്രശ്‌നമാക്കാത്ത ടൊവിനോ മലയാള സിനിമയില്‍ നിറഞ്ഞുനില്‍ക്കുമ്പോഴാണ് തമിഴ് സിനിമകളില്‍ അഭിനയിച്ചത്.
‘തമിഴ് ചിത്രമായ’ ‘അഭി’യുടെ കഥ പറഞ്ഞപ്പോള്‍ ഞാന്‍ ത്രില്‍ഡ് ആയി. ഞാന്‍ പ്രതീക്ഷിച്ചതിലും അപ്പുറമുള്ള ഒരു പ്രണയകഥ. വ്യത്യസ്തമായ കുറെ ഘടകങ്ങള്‍ ആ സിനിമയില്‍ ഉണ്ടായിരുന്നു. അഭിനയിക്കാന്‍ പ്രധാന കാരണങ്ങളില്‍ ഒന്ന് ഇന്ത്യയിലെ അറിയപ്പെടുന്ന പ്രൊഡക്ഷന്‍ കമ്പനിയാണ് സരിഗമ മ്യൂസിക്. അവരുടെ ചിത്രമെന്ന നിലയിലും ആ ചിത്രത്തിന്റെ വിജയസാധ്യതയും പബ്ലിസിറ്റിയും തിരിച്ചറിഞ്ഞിരുന്നു. തുടക്കക്കാരനെന്ന നിലയില്‍ നല്ല അവസരമാണ് ലഭിച്ചത്.

”ധനുഷ് നായകനായത് കൊണ്ടാണോ മാരി-2 വില്‍ ചാടിവീണത്?”

ഞാന്‍ അഭിനയിച്ച ‘തരംഗം’, ‘മറഡോണ’ എന്നീ ചിത്രങ്ങള്‍ നിര്‍മിച്ച കമ്പനിയാണ് വണ്ടര്‍ ബാര്‍. അവരുടേതാണ് ‘മാരി-2’ എല്ലാവരേയും നേരത്തെ അറിയാം. നായകനായ ധനുഷിനൊപ്പമായിരുന്നു ആദ്യ സീന്‍. നാല് പേജ് ആയിരുന്നു കാണാതെ പഠിക്കാന്‍ ഉണ്ടായിരുന്നത്. തമിഴ് ഭാഷ അറിയാവുന്നതുകൊണ്ട് ഒരു പ്രശ്‌നവും ഉണ്ടായില്ല.

”സൂപ്പര്‍ നായക നിലവാരത്തിലെത്തി. ഇനി വലിയ വലിയ ചിത്രങ്ങളില്‍ മത്രമായിരിക്കും അല്ലെ?”

‘സംവിധായകനും നിര്‍മാതാവും മറ്റു വിഭാഗങ്ങള്‍ക്കും അപ്പുറം അഭിനയ പ്രാധാന്യമുള്ള കഥ തന്നെയാണ് ഞാന്‍ നോക്കുന്നത്. നല്ല കഥയും നല്ല ബാനറും സംവിധായകനും എല്ലാം കൂടിച്ചേരുമ്പോള്‍ സിനിമ ഗംഭീരമായിരിക്കും.’

ബാധ്യതയായി തോന്നുന്നതെന്താണ്?

പ്രേക്ഷകരെ ഒരിക്കലും നിരാശപ്പെടുത്താതിരിക്കണം. അതുകൊണ്ട് എന്റെ ശ്രദ്ധ മുഴുവനും ആ രീതിയിലാണ്. പ്രേക്ഷകര്‍ എന്നില്‍ നിന്നും പ്രതീക്ഷിക്കുന്ന സിനിമകള്‍ക്കപ്പുറം എത്താനാണ് എന്റെ ആഗ്രഹം. ഒപ്പം നല്ല നല്ല ചിത്രങ്ങളുടെ ഭാഗമാകണം…

‘ഇനി കച്ചവടക്കാരന്‍’

അതെ. ഞാന്‍ ഹമീദ് എന്ന കച്ചവടക്കാരന്റെ വേഷത്തില്‍ അഭിനയിക്കുന്ന പുതിയ സിനിമയാണ്. ‘എന്റെ ഉമ്മാന്റെ പേര്.’ ഉര്‍വശി ചേച്ചിയാണ് എന്റെ ഉമ്മയായി അഭിനയിക്കുന്നത്. ഈ സിനിമയും പ്രേക്ഷകരെ നിരാശരാക്കില്ല, എന്റെ അഭിനയവും എന്നു വിശ്വസിക്കുന്നു.

ഒരു നായക നടന്‍ എന്നതിനപ്പുറമാണ് ടൊവിനോയുടെ പ്രതികരണങ്ങള്‍. എല്ലായ്‌പ്പോഴും ഇത്തരം പ്രതികരണം ഉണ്ടാകുമോ?

ഞാന്‍ സിനിമാക്കാരന്‍ എന്ന നിലയിലല്ല പ്രതികരിക്കുന്നത്. സാധാരണ മനുഷ്യനാണ് ഞാന്‍. എനിക്ക് എന്റേതായ വിശ്വാസങ്ങളും കാഴ്ചപ്പാടുകളും ചിന്തകളുമുണ്ട്. അതുകൊണ്ട് സമൂഹത്തില്‍ നിന്നും മാറി നില്‍ക്കാന്‍ തോന്നിയില്ല. എന്നാല്‍ എല്ലാ കാര്യങ്ങളിലും ഇടപെടാനോ പ്രതികരിക്കാനോ ഉണ്ടാകില്ല. ‘പ്രതികരിക്കേണ്ടതാണ്’ എന്ന് എനിക്ക് തോന്നിയാല്‍ ഞാനവിടെ എത്തിയിരിക്കും പ്രതികരിച്ചിരിക്കും.

Related News