മതസൗഹാർദ്ദം ഉറപ്പുവരുത്തുന്നതിലും മതനിരപേക്ഷ മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്നതിലും പേരെടുത്ത സംസ്ഥാനമാണ് കേരളം. ഇവിടെ കാലുറപ്പിക്കാൻ ഏറെ നാളുകളായി സംഘ്പരിവാർ ശക്തികൾ നടത്തുന്ന ശ്രമങ്ങൾക്ക് ഏറ്റവും അധികം വിഘാതമായി നിൽക്കുന്നത് ഇടതുപക്ഷ പ്രസ്ഥാനങ്ങളാണ്. ഇത് അവർക്ക് കൃത്യമായി അറിയാവുന്നതുകൊണ്ടാണ് ഇടതുപക്ഷത്തിന് അവരിൽ നിന്നും ഏറ്റവും അധികം ആക്രമണം നേരിടേണ്ടിവരുന്നത്.
ഇടതുപക്ഷത്തിന്റെ തലമുതിർന്ന നേതാക്കളെ പരാജയപ്പെടുത്താൻ സംഘ്പരിവാറും കോൺഗ്രസും ഒന്നിച്ചുചേർന്നിട്ടുണ്ടായിരുന്നുവെന്നത് ഇതിനകം വെളിച്ചത്തുവന്നിട്ടുള്ള വസ്തുതയാണ്. 1991 ലെ കോ-ലീ-ബി സഖ്യവും വസ്തുതയായി ഇപ്പോൾ അംഗീകരിക്കപ്പെട്ടിട്ടുണ്ട്.
ദേശീയ തലത്തിൽ ശക്തിയാർജിച്ചിട്ടുള്ള സംഘ്പരിവാർ ശക്തികൾ കേരളത്തിൽ മേധാവിത്വം ഉറപ്പിക്കാൻ നിരന്തരം പരിശ്രമിക്കുകയാണ്. ഇതിന് കോൺഗ്രസ് ഇപ്പോൾ ഒരു പുതിയ സഹായം കൂടി ചെയ്തുകൊടുക്കുകയാണ്. ഇടതുപക്ഷം എടുക്കുന്ന സുവ്യക്തമായ നിലപാട് സംഘ്പരിവാർ ശക്തികളുടെ വർഗീയ നയങ്ങൾക്കെതിരെ മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നവരുടെ ഐക്യമുണ്ടാകണം എന്നാണ്. എന്നാൽ സംഘ്പരിവാർ കൈക്കൊള്ളുന്ന അതേ വർഗീയതയുടെ മറ്റൊരു പകർപ്പ് നയമായി സ്വീകരിച്ച എസ്ഡിപിഐ, ജമാത്തെ ഇസ്ലാമി എന്നിവയുമായി സഖ്യമുണ്ടാക്കുന്നതാണ് കോൺഗ്രസിന്റെയും യുഡിഎഫിന്റെയും നയം. ഇതാകട്ടെ, ബിജെപിയുമായുള്ള ആന്തരിക ബന്ധം നിലനിർത്തിക്കൊണ്ടാണ് എന്നതാണ് ഏറെ വിചിത്രം!
ഈയിടെ പുറത്തുവന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലങ്ങളിൽ, തിരുവനന്തപുരം ജില്ലയിലെ പാങ്ങോട് പഞ്ചായത്തിലെ പുലിപ്പാറ വാർഡിൽ യുഡിഎഫിന്റെ സിറ്റിങ് സീറ്റിൽ എസ്ഡിപിഐ സ്ഥാനാർത്ഥി എങ്ങനെയാണ് വിജയിച്ചത്? 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ അവിടെ ഒന്നാം സ്ഥാനത്തായിരുന്ന കോൺഗ്രസ് ഇത്തവണ 148 വോട്ടുകൾ മാത്രം നേടി മൂന്നാം സ്ഥാനത്താണ്. 2020 ൽ കോൺഗ്രസിന് 455 വോട്ടുകളാണ് ലഭിച്ചത്. 307 വോട്ടുകളുടെ കുറവാണ് കോൺഗ്രസിനുണ്ടായിരിക്കുന്നത്.
2024ലെ തൃശൂർ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തിന്റെ ഒരു തനിയാവർത്തനമാണിത്. തൃശൂരിൽ സിറ്റിങ് സിറ്റീൽ കോൺഗ്രസ് മൂന്നാം സ്ഥാനത്ത് പോവുകയും അവരുടെ വോട്ടുകൾ ഭൂരിപക്ഷ വർഗീയത ഉയർത്തിപ്പിടിക്കുന്ന ബിജെപിക്ക് നൽകുകയും ചെയ്തു. പാങ്ങോടാകട്ടെ കോൺഗ്രസ് വോട്ടുകൾ തീവ്രവർഗീയ നിലപാട് ഉയർത്തിപ്പിടിക്കുന്ന എസ്ഡിപിഐക്കാണ് പോയിരിക്കുന്നത്.
ഒരു കാര്യത്തിൽ മാത്രം കോൺഗ്രസിന് വ്യക്തതയുണ്ട്. അത് കേരളത്തിൽ ഇടതുപക്ഷ പ്രസ്ഥാനങ്ങളെ ദുർബലപ്പെടുത്തണമെന്ന കാര്യത്തിലാണ്. അതിനായി സംസ്ഥാന താല്പര്യം ബലികഴിക്കുന്നതിൽ കോൺഗ്രസിനും അവർ നേതൃത്വം നൽകുന്ന യുഡിഎഫിനും ഒരു മടിയും ഇല്ലാതായിരിക്കുന്നു. കേരളത്തിലെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം മികച്ചതാണെന്ന ഒരു ആഗോളതല റിപ്പോർട്ടിലെ കണ്ടെത്തൽ ഉദ്ധരിച്ചുകൊണ്ട് സ്വന്തം സംസ്ഥാനത്തിന്റെ നേട്ടത്തിൽ അഭിമാനം കൊണ്ട കോൺഗ്രസ് നേതാവിനെ തള്ളിപ്പറയുന്നതിന് സംസ്ഥാന കോൺഗ്രസ് നേതാക്കൾ കാട്ടിയ മത്സരബുദ്ധി കോൺഗ്രസിന്റെ രാഷ്ട്രീയ പാപ്പരത്തത്തെയാണ് വെളിവാക്കുന്നത്.
യുഡിഎഫ് ഭരണകാലത്ത് നടപ്പാക്കാതെയിരുന്ന വികസന പദ്ധതികൾ ഒന്നൊന്നായി ഇച്ഛാശക്തിയുടെയും നിശ്ചയദാർഢ്യത്തിന്റെയും അടിസ്ഥാനത്തിൽ എൽഡിഎഫ് സർക്കാർ നടപ്പിലാക്കുമ്പോൾ എന്തു വില കൊടുത്തും തടയുക എന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നത്. ഇക്കാര്യത്തിൽ കേന്ദ്രം ഭരിക്കുന്ന ബിജെപിയും കോൺഗ്രസും മുസ്ലിം ലീഗും സമ്പൂർണ യോജിപ്പിലാണ്.
സംസ്ഥാന സർക്കാരിന്റെ കടപരിധി മുൻകാല പ്രാബല്യത്തോടെ വെട്ടിക്കുറച്ചുകൊണ്ട് കേന്ദ്ര സർക്കാർ എടുത്ത തീരുമാനത്തിനെതിരെ നിയമപോരാട്ടവും കൂട്ടായ സമരങ്ങളും എൽഡിഎഫ് സംഘടിപ്പിച്ചപ്പോൾ മറ്റു പ്രതിപക്ഷ പാർട്ടികളും സമൂഹത്തിലെ നാനാതുറകളിൽ അറിയപ്പെടുന്ന വ്യക്തികളും സഹകരിച്ചു. എന്നാൽ പുറംതിരിഞ്ഞു നിൽക്കുന്ന സമീപനമാണ് കോൺഗ്രസും യുഡിഎഫും സ്വീകരിച്ചത്. മാത്രമല്ല, അതിൽ സഹകരിക്കുന്നതിൽ നിന്നും മറ്റ് കോൺഗ്രസ് സർക്കാരുകളെ പിന്തിരിപ്പിക്കാനും ശ്രമിച്ചു.
കേന്ദ്രഭരണത്തിലായിരിക്കുമ്പോൾ റെയിൽവേ വികസനത്തില്‍ കേരളത്തെ തീർത്തും അവഗണിക്കുന്ന സമീപനം സ്വീകരിച്ച കോണ്‍ഗ്രസ് ഇപ്പോൾ റെയിൽവേ വികസനത്തിനു വേണ്ടി ഇടതുപക്ഷം പദ്ധതികൾ ആവിഷ്ക്കരിക്കുകയും കേന്ദ്രത്തോട് ആവശ്യങ്ങൾ ഉന്നയിക്കുകയും ചെയ്യുമ്പോൾ അനുവദിക്കരുത് എന്നാണ് കേന്ദ്രത്തോട് ആവശ്യപ്പെടുന്നത്. കേരളം മെച്ചപ്പെടരുത് എന്നു കരുതുന്ന വിധത്തിലേക്ക് കോൺഗ്രസ് അധഃപതിച്ചിരിക്കുന്നു. എൽഡിഎഫ് സർക്കാരിനെ താറടിച്ചുകാട്ടാൻ അവർ കെട്ടിപ്പൊക്കിയ അഴിമതി ആരോപണങ്ങളുടെ മാറാലകൾ കോടതി മുറികളിലും ജനമധ്യത്തിലും വലിച്ചു കീറപ്പെടുകയാണ്.
ഏതാനും ചില മാധ്യമങ്ങളും തങ്ങളും ചേർന്നാൽ എൽഡിഎഫ് സർക്കാരിനെ തകർത്തുകളയാമെന്ന വ്യാമോഹമാണ് യുഡിഎഫിന്. സർക്കാരിന്റെ പ്രവർത്തനങ്ങൾ സുതാര്യമായി നടത്തുകയും നേട്ടങ്ങളും പരിമിതികളും ജനങ്ങളോട് തുറന്നുപറയുകയും ചെയ്യുന്ന സമീപനമാണ് എൽഡിഎഫ് സർക്കാരിനുള്ളത്. ഈ ഉറച്ച സമീപനത്തിനുമുന്നിൽ അവർ ഉയർത്തുന്ന പൊള്ളയായ ആരോപണങ്ങൾ തകർന്നു തരിപ്പണമാകുന്നതാണ് കേരളം ഇതുവരെ കണ്ടത്.
കേരളത്തെ വിജ്ഞാന സമ്പദ്ഘടനയും നൂതനത്വ സമൂഹവുമാക്കി മാറ്റുക, അങ്ങനെ ഒരു നവകേരളം യാഥാർത്ഥ്യമാവുക, ഇതാണ് എല്‍ഡിഎഫ് സർക്കാരിന്റെ ലക്ഷ്യം. ആ ലക്ഷ്യം നേടാനായി 2016 ൽ അധികാരത്തിൽ വന്ന എൽഡിഎഫ് സർക്കാർ ചെയ്തിട്ടുള്ള എല്ലാ കാര്യങ്ങളും വർഷാവർഷം ജനങ്ങളെ അറിയിക്കുന്ന പ്രോഗ്രസ് റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നുണ്ട്. ഒരു ജനാധിപത്യ സമൂഹത്തിൽ ഭരണം ജനപങ്കാളിത്തത്തോടെ മുന്നോട്ട് കൊണ്ടുപോകുന്നതിന്റെ ഉദാഹരണമാണിത്. വാഗ്ദാനങ്ങൾ നടപ്പാക്കുകയും നടപ്പാക്കിയവയുടെ പുരോഗതി ജനങ്ങളെ അറിയിക്കുകയും ചെയ്യുന്ന വിധത്തിൽ സുതാര്യമാണ് ഭരണം.
2016 നു ശേഷം കേരള സമൂഹത്തിന്റെ മനോഭാവത്തിൽ വലിയ ഒരു മാറ്റം വന്നിട്ടുണ്ട്. ഒരു വികസന പദ്ധതിയും നടപ്പാവില്ലായെന്ന ധാരണ മാറുകയും യുഡിഎഫ് കാലത്ത് ഉപേക്ഷിക്കപ്പെട്ട ദേശീയപാതാ വികസനം ഉൾപ്പെടെ യാഥാർത്ഥ്യമാവുകയും ചെയ്യുന്ന കാഴ്ചയാണ് ഇന്ന് നാം കാണുന്നത്. ഗെയിൽ പൈപ്പ് ലൈൻ, പവർഹൈവേ തുടങ്ങി നിരവധി നേട്ടങ്ങൾ 2016 നു ശേഷം കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. വിഴിഞ്ഞം തുറമുഖത്തിന്റെ പുരോഗതി എടുത്തുപറയേണ്ടതുണ്ട്.
വ്യവസായങ്ങൾ വരാത്ത സംസ്ഥാനമെന്ന കേരളത്തെ കുറിച്ചുള്ള ദുഷ്‌പ്രചരണം ഇന്ന് ആർക്കും അത് എളുപ്പത്തിൽ നടത്താൻ കഴിയില്ല. വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ ഏറെ മുന്നോട്ടുപോയി. കൊച്ചിയിൽ നടന്ന നിക്ഷേപ സംഗമത്തിൽ നിക്ഷേപം നടത്താൻ പ്രഗത്ഭരായ നിക്ഷേപകർ ആവേശവും ഉത്സാഹവും കാണിച്ചുവെന്നത് നാം കണ്ടതാണ്. പ്രസ്തുത സംഗമത്തിൽ 1,52,905 കോടി രൂപയുടെ നിക്ഷേപങ്ങൾക്കായി 370 ലധികം ധാരണാപത്രങ്ങൾ ഒപ്പിട്ടിട്ടുണ്ട്. അവ യാഥാർത്ഥ്യമാക്കാൻ സർക്കാർ തുടർനടപടികൾ സ്വീകരിച്ചുവരികയാണ്. ഉന്നതവിദ്യാഭ്യാസം, ഐ ടി എന്നീ മേഖലകളിലെല്ലാം നാം മികച്ച രീതിയിൽ മുന്നോട്ടുപോവുകയാണ്. നമ്മുടെ യൂണിവേഴ്സിറ്റികളും കോളജുകളും ദേശീയ റാങ്കിങ്ങുകളിൽ മുൻപന്തിയിൽ വരികയുമാണ്.
സ്റ്റാർട്ടപ്പുകളുടെ കാര്യത്തിൽ വലിയ കുതിച്ചുചാട്ടമാണ് നാം നടത്തിയിരിക്കുന്നത്. എൽഡിഎഫ് ഭരണകാലത്തെ കേരളത്തിൽ 6,200 സ്റ്റാർട്ടപ്പുകളിലൂടെ 62,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു. യുഡിഎഫ് കാലത്ത് 300 സ്റ്റാർട്ടപ്പുകൾ മാത്രമാണുണ്ടായിരുന്നത്. സംസ്ഥാനത്ത് ഡിജിറ്റൽ യൂണിവേഴ്സിറ്റി പ്രവർത്തനമാരംഭിച്ചത് രാജ്യത്ത് ഇദംപ്രഥമമായാണ്. ഡിജിറ്റൽ സയൻസ് പാർക്ക് തിരുവനന്തപുരം പള്ളിപ്പുറത്ത് ആരംഭിക്കുന്നതിനുള്ള നടപടികൾ പുരോഗമിച്ചുവരികയാണ്.
2021 ൽ എൽഡിഎഫ് തുടര്‍സർക്കാർ അധികാരത്തിൽ വന്ന ശേഷം കേന്ദ്ര സർക്കാരിന്റെ ഉപരോധ സമാനമായ നിയന്ത്രണങ്ങൾ കാരണം സംസ്ഥാനം അസാധാരണമായ സാമ്പത്തിക ഞെരുക്കത്തിലൂടെയാണ് കടന്നുപോയത്. കിഫ്ബി വഴി നടപ്പാക്കുന്ന പശ്ചാത്തല സൗകര്യ വികസന പദ്ധതികളെ എങ്ങനെയെല്ലാം അട്ടിമറിക്കാമെന്നാണ് അവർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിലൂടെ കേന്ദ്ര സർക്കാർ പരിശോധിച്ചത്. സംസ്ഥാന സർക്കാർ ഇതിനെതിരെ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചു. അതിപ്പോൾ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിലാണ്. ഇതിനിടയിലും ഭൂമി ഏറ്റെടുക്കൽ ചെലവിന്റെ 25 ശതമാനം തുക സംസ്ഥാന സര്‍ക്കാര്‍ നൽകിക്കൊണ്ടാണ് ദേശീയപാതാ വികസനം യാഥാർത്ഥ്യമാവുന്നത്. മലയോര ഹൈവേ, തീരദേശ ഹൈവേ, കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴി എന്നീ പദ്ധതികളും യാഥാർത്ഥ്യമാവുകയാണ്.
പശ്ചാത്തലസൗകര്യ വികസനത്തിനൊപ്പംതന്നെ സാമൂഹ്യസുരക്ഷയ്ക്കും മുൻഗണന നൽകുന്ന സംസ്ഥാനമാണ് കേരളം. കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ സാമ്പത്തിക നിയന്ത്രണങ്ങൾ കാരണം സാമൂഹ്യസുരക്ഷാ പെൻഷൻ ഇനത്തിൽ കുടിശിക വന്നുവെന്നത് യാഥാർത്ഥ്യമാണ്. എന്നാൽ കുടിശിക ഗഡുക്കളായി വിതരണം ചെയ്യുമെന്ന പ്രഖ്യാപനം കൃത്യമായി നടപ്പാക്കിവരികയാണ്. സർക്കാർ ജീവനക്കാർക്ക് പ്രതിവർഷം രണ്ട് ഗഡു ഡിഎ നൽകുമെന്നും പെൻഷൻകാരുടെ ശമ്പളപരിഷ്കരണ കുടിശിക നൽകുമെന്നുമുള്ള വാഗ്ദാനവും നടപ്പാവുന്നു. ലൈഫ് പദ്ധതി പ്രകാരം സർക്കാർ ഇതിനകം 5,38,588 വീടുകൾ അനുവദിച്ചിട്ടുണ്ട്. 4,28,800 വീടുകൾ പൂർത്തീകരിച്ചിട്ടുണ്ട്. അതിദാരിദ്ര്യ നിർമ്മാർജനം എന്ന പദ്ധതിയും നവംബർ മാസത്തോടെ യാഥാർത്ഥ്യമാകും.
അഭ്യസ്തവിദ്യരായ ചെറുപ്പക്കാർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് എൽഡിഎഫ് സർക്കാർ മുൻഗണന നൽകുന്നു. ഇതിന്റെ ഭാഗമായാണ് വ്യവസായ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും സംസ്ഥാനത്തേക്ക് നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും കൃത്യമായ പരിപാടികൾ ആവിഷ്ക്കരിക്കുന്നത്. സുതാര്യമായ രീതിയിൽ പബ്ലിക്ക് സർവീസ് കമ്മിഷൻ, സർക്കാർ ജോലികളിലേക്കുള്ള തെരഞ്ഞെടുപ്പ് നടത്തിവരികയാണ്. 2016–21 കാലയളവിൽ പിഎസ്‌സി വഴി 1,77,674 നിയമനങ്ങളും 2022–25 കാലയളവിൽ ഇതുവരെ 96,275 നിയമനങ്ങളും നടത്തിയിട്ടുണ്ട്.
വികസന പദ്ധതികൾ ഒന്നൊന്നായി പൂർത്തീകരിക്കുന്ന കാര്യത്തിലും സാമൂഹ്യക്ഷേമം ഉറപ്പാക്കുന്നതിലും പ്രതിജ്ഞാബദ്ധമായ നടപടികളുമായി മുന്നോട്ടുപോവുകയാണ് എല്‍ഡിഎഫ് സർക്കാർ. പ്രതിബന്ധങ്ങൾക്കു മുന്നിൽ നൂതനമായ മാർഗങ്ങൾ കണ്ടെത്തി കേരളത്തിന്റെ വികസന മാതൃക തകരാതെ മുന്നോട്ടുകൊണ്ടുപോവാനും കൂടുതൽ നേട്ടങ്ങൾ ആർജിക്കാനുമുള്ള പ്രവർത്തനങ്ങളാണ് എൽഡിഎഫ് സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്.
അവയിൽ നിന്നും ഞങ്ങളെ പിന്തിരിപ്പിക്കാനായി കെട്ടിപ്പൊക്കുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്കും വ്യാജനിർമ്മിതികൾക്കും ജനങ്ങളുടെ മുന്നിൽ സ്വീകാര്യത ഉണ്ടാവുകയില്ലായെന്നും പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടുപോകാനുള്ള അവസരം വീണ്ടും ലഭിക്കുമെന്നും ഞങ്ങൾക്ക് വിശ്വാസമുണ്ട്.
(അവസാനിച്ചു)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.