പാക്കറ്റിലെത്തുന്ന ഉപ്പില്‍ വിഷാംശമെന്ന് റിപ്പോര്‍ട്ട്

Web Desk
Posted on June 26, 2019, 10:07 pm

മുംബൈ: അയഡിന്‍ ചേര്‍ത്ത് പാക്കറ്റിലെത്തുന്ന ഉപ്പില്‍ മാരകമായ രീതിയില്‍ വിഷാംശം  കലര്‍ന്നിട്ടുണ്ടെന്ന് പരിശോധനാ റിപ്പോര്‍ട്ട്. യുഎസിലെ അനലറ്റിക്കല്‍ ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് ഇന്ത്യയില്‍ വിതരണം ചെയ്യുന്ന ഉപ്പില്‍ കൂടുതലും ആരോഗ്യത്തിന് ഹാനികരമാകുന്ന അളവില്‍ പൊട്ടാസ്യം ഫെറോസയനൈഡ് ഉണ്ടെന്ന് കണ്ടെത്തിയത്. അന്തരീക്ഷത്തില്‍നിന്ന് ഈര്‍പ്പം വലിച്ചെടുത്ത് ഉപ്പ് കട്ടപിടിക്കാതിരിക്കാനാണ് പൊട്ടാസ്യം ഫെറോസയനൈഡ് ചേര്‍ക്കുന്നത്. ഈ രീതിയില്‍ ഉപ്പിനെ ദീര്‍ഘകാലം നിലനിര്‍ത്തുക എന്ന ഉദ്ദേശ്യത്തോടെയാകാം ആവശ്യത്തിലധികം രാസവസ്തു ഇതില്‍ ചേര്‍ക്കുന്നതെന്ന് ഇക്കാര്യം വെളിപ്പെടുത്തിയ മുംബൈയിലെ ഗോധം ഗ്രെയിന്‍സ് ആന്‍ഡ് ഫാം പ്രൊഡക്ട്‌സ് ചെയര്‍മാന്‍ ശിവശങ്കര്‍ ഗുപ്ത പത്രസമ്മേളനത്തില്‍ പറഞ്ഞു.

Image result for salt

പൊട്ടാസ്യം ഫെറോസയനൈഡ് അമിതമായി ശരീരത്തില്‍ എത്തുന്നത് അര്‍ബുദം, പൊണ്ണത്തടി, ഉയര്‍ന്ന രക്തസമ്മര്‍ദം,വൃക്കരോഗം തുടങ്ങിയവയ്ക്ക് കാരണമാകും. ഉപ്പില്‍ എന്തെല്ലാം രാസവസ്തുക്കള്‍ എത്രയളവില്‍ ചേര്‍ത്തിട്ടുണ്ടെന്ന് കണ്ടെത്താനുള്ള പരിശോധനാ സംവിധാനം ഇന്ത്യയില്‍ ഇല്ലെന്നും അതിനാല്‍ താന്‍ ഇന്ത്യയില്‍നിന്നുള്ള ഉപ്പിന്റെ പ്രമുഖ ബ്രാന്‍ഡുകള്‍ യുഎസിലെ ലാബില്‍ പരിശോധിപ്പിക്കുകയായിരുന്നെന്നും ഗുപ്ത പറഞ്ഞു.
ഒരു കിലോ ഉപ്പില്‍ പൊട്ടാസ്യം ഫെറോസയനൈഡിന്റെ അളവ് ഉത്പാദക കമ്പനികള്‍ അവകാശപ്പെടുന്നതിനെക്കാള്‍ പലമടങ്ങ് കൂടുതലാണ്. സാധാരണഗതിയില്‍ ഇത് 0.0600 മില്ലിഗ്രാമിന് അടുത്താണുവരേണ്ടത്. എന്നാല്‍ ഇന്ത്യന്‍ ബ്രാന്‍ഡുകളിലെ പരിശോധനാഫലത്തില്‍ 1.85 മില്ലിഗ്രാം മുതല്‍ 4.71 ഗ്രാംവരെ കണ്ടെത്തി. ഉപ്പില്‍ ചേര്‍ക്കുന്ന അയഡിന്റെ അളവും പല മുന്‍നിര ബ്രാന്‍ഡുകളിലും കൂടുതലാണ്. മാരകമായ രോഗങ്ങളാണ് ഇവ വരുത്തുന്നത്.

Image result for salt

ശുദ്ധീകരിച്ച ഉപ്പ് എന്നെഴുതി പാക്കറ്റില്‍ വരുന്ന ഉപ്പു പരിശോധിച്ച് ഗണമേന്മ ഉറപ്പുവരുത്തിയതാണോ എന്ന ചോദ്യത്തിന്, അതിന് അപേക്ഷിച്ചിട്ടില്ലെന്ന മറുപടിയാണ് പല കമ്പനികളും നല്‍കിയതെന്ന് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയില്‍നിന്നു ലഭിച്ചതെന്ന് രേഖകള്‍ കാണിച്ച് ഗുപ്ത വെളിപ്പെടുത്തി.
രേഖകള്‍ തെറ്റാണെന്നു തെളിയിച്ചാല്‍ ഒരു കോടി രൂപയും അദ്ദേഹം വാഗ്ദാനം ചെയ്യുന്നു. വിഷമയമായ ഉപ്പിനെതിരേ പോരാട്ടത്തിന് ഇറങ്ങിയിരിക്കയാണ് 91കാരനായ ഗുപ്ത.
പൊട്ടാസ്യം ഫെറോസയനൈഡ് ഒരു വിഷപദാര്‍ഥമാണ്. ചെറിയ തോതില്‍പോലും ഇതു കാലങ്ങളോളം ശരീരത്തില്‍ എത്തിയാല്‍ ആരോഗ്യപ്രശ്‌നമുണ്ടാകും. ഉപ്പില്‍ ചേര്‍ക്കുന്ന അയഡിന്‍ കുറഞ്ഞാലും കൂടിയാലും കുഴപ്പമാണ്. ഗോയിറ്റര്‍ തടയാനാണ് സര്‍ക്കാര്‍ അയഡിന്‍ ചേര്‍ത്ത ഉപ്പ് വില്‍ക്കാന്‍ നിര്‍ദേശിച്ചത്. എന്നാല്‍ അയഡിന്‍ കൂടിയാല്‍ തൈറോഡ് പോലുള്ള രോഗങ്ങള്‍ വരും. കടല്‍മത്സ്യം കഴിക്കുന്നവര്‍ക്ക് അയഡിന്‍ ചേര്‍ത്ത ഉപ്പിന്റെ ആവശ്യമില്ല. തീരപ്രദേശങ്ങളില്‍ വസിക്കുന്നവര്‍ക്കും ഈ ഉപ്പിന്റെ ആവശ്യമില്ല.

you may also like this video