പബ്ബുകൾക്ക് അനുമതി എല്ലാ വശവും പരിശോധിച്ച ശേഷം; ടി പി രാമകൃഷ്ണൻ

Web Desk
Posted on December 07, 2019, 8:58 pm

കോഴിക്കോട്: സംസ്ഥാനത്ത് പബ്ബുകൾക്ക് അനുമതി നൽകാൻ തത്വത്തിൽ തീരുമാനിച്ചിട്ടുണ്ടെങ്കിലും നടപ്പാക്കുന്നത് എല്ലാ വശവും പരിശോധിച്ച ശേഷം മാത്രമായിരിക്കുമെന്ന് മന്ത്രി ടിപി രാമകൃഷ്ണൻ പറഞ്ഞു. അന്തിമതീരുമാനം ഇതുവരെ കൈക്കൊണ്ടിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയനാണ് പബ്ബുകൾ തുറക്കുന്നതിനുള്ള പച്ചക്കൊടി കാട്ടിയത്. പബ്ബുകൾ കൊണ്ടുവരുന്നതിൽ തെറ്റില്ലെന്ന റിപ്പോർട്ട് നേരത്തെ എക്സൈസ് കമ്മീഷണറായിരുന്ന ഋഷിരാജ് സിങ് നൽകിയിരുന്നു. പബ്ബുകളും മൈക്രോ ബ്രൂവറികളും ആകാമെന്നായിരുന്നു റിപ്പോർട്ട്.

മൈക്രോബ്രൂവറിക്കും പബ്ബുകൾക്കുമുള്ള അപേക്ഷകളുമായി ഹോട്ടലുകൾ സമീപിച്ചപ്പോഴായിരുന്നു സാധ്യത പഠനം നടത്താൻ അന്നത്തെ എക്സൈസ് വകുപ്പ് സെക്രട്ടറിയായിരുന്ന ടോം ജോസ് നിർദ്ദേശിച്ചത്. ഓറഞ്ച്, പൈനാപ്പിൾ, മുന്തിരി, ആപ്പിൾ രുചികളിൽ ബിയർ നൽകാമെന്നും, മെട്രോ നഗരങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന പബ്ബുകൾ സംസ്ഥാനത്തും വിജയകരമായി നടത്താമെന്നും റിപ്പോർട്ടിലുണ്ടായിരുന്നു.

എന്നാൽ കേരളത്തിലെ യാഥാസ്ഥിതികമായ ചുറ്റുപാടുകൾ ചൂണ്ടിക്കാട്ടി സർക്കാർ ഒരൽപം പിന്നാക്കം നിൽക്കുകയുമുണ്ടായി. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന വരുന്നത്. ഇക്കാര്യത്തിൽ മുന്നണിയിൽ അഭിപ്രായൈക്യം ഉണ്ടാകേണ്ടതുമുണ്ട്. നിലവിൽ എൽഡിഎഫിൽ ആർക്കും ഇക്കാര്യത്തിൽ എതിരഭിപ്രായമില്ലെന്നും മന്ത്രി വ്യക്തമാക്കി.

you may also like this video;