Web Desk

തിരുവനന്തപുരം

January 14, 2021, 7:44 pm

അഴിമതി ആരോപണവുമായി ചെന്നിത്തല: യുഡിഎഫ് ഭരണകാലം വച്ച് അളക്കരുതെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ

Janayugom Online

മദ്യ വില വർധനയിൽ അഴിമതി ആരോപണവുമായി ചെന്നിത്തല. പഴയ യുഡിഎഫിന്റെ ഭരണകാലം വച്ച് അളക്കരുതെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ. കഴിഞ്ഞ മന്ത്രിസഭയിലെ ചില മന്ത്രിമാർ സ്വീകരിച്ച നിലപാട് വെച്ച് ഈ മന്ത്രിസഭയിലെ മന്ത്രിമാരെ കാണരുത്. ഒരു മദ്യ കമ്പനിയെയും തനിക്ക് പരിചയമില്ല. മദ്യ കമ്പനി ഉടമകൾ ആരും വകുപ്പ് മന്ത്രിയെന്ന നിലയിൽ തന്നെ വന്ന് കണ്ടിട്ടില്ലെന്നും അദ്ദേഹം നിയമസഭയിൽ പ്രതിപക്ഷ നേതാവിന്റെ ആക്ഷേപത്തിന് മറുപടി പറഞ്ഞു. നന്ദി പ്രമേയ ചര്‍ച്ചയില്‍ പങ്കെടുക്കവേയാണ് പ്രതിപക്ഷ നേതാവ് ചടങ്ങായി അഴിമതി ആരോപണം ഉന്നയിച്ചത്. ഡിസ്റ്റലറി ഉടമകളുമായി സർക്കാർ നടത്തിയ ഗൂഢാലോചനയെ തുടർന്നാണ് വില വർധനവ് നടപ്പാക്കിയതെന്നായിരുന്നു ആരോപണം.

നിലവിലുള്ള വിൽപ്പനയുടെ കണക്ക് അനുസരിച്ച് പ്രതിവർഷം സർക്കാറിന് 957 കോടി രൂപയും ബിവറേജ് കോർപ്പറേഷന് ഒൻപത് കോടി രൂപയും ആണ് അധിക വരുമാനമായി ലഭിക്കുക. ഗുണഭോക്താവിന് 750 മില്ലീലിറ്റർ മദ്യം വാങ്ങുമ്പോൾ ശരാശരി 40 രൂപയാണ് അധികമായി നൽേകണ്ടിവരിക. ഒരു കുപ്പി മദ്യത്തിന് 40 രൂപ വില വർധിപ്പിക്കുമ്പോൾ സംസ്ഥാന സർക്കാറിന് കിട്ടുന്നത് 35 രൂപയാണ്. ഒരു രൂപ ബിവറേജ് കോർപ്പറേഷനും നാല് രൂപ ഡീലർക്കും ലഭിക്കും.

സംസ്ഥാന ബിവറേജ് കോർപ്പറേഷൻ വാങ്ങുന്ന മദ്യത്തിന്റെ വില നിശ്ചയിക്കുന്നത് കോർപ്പറേഷന്റെ ഡയറക്ടർ ബോർഡാണ്. 2020–21 ലെ ആന്വൽ റേറ്റ് കോൺട്രാക്ട് പ്രകാരം ബെവ്കോ 113 ടെണ്ടറുകൾ വിളിച്ചു. നിശ്ചിത യോഗ്യതയില്ലാതിരുന്ന രണ്ടെണ്ണത്തെ തള്ളി ബാക്കി 111 ഓഫറുകൾ മാനദണ്ഡങ്ങൾ അനുസരിച്ച് പരിശോധിച്ചു. നിലവിലുള്ള വിലയിൽ നിന്ന് 20 ശതമാനം വരെ വർധനവ് വിവിധ കമ്പനികൾ ആവശ്യപ്പെട്ടിരുന്നു. അവസാനമായി വില വർധനവ് നൽകിയിട്ട് മൂന്ന് വർഷത്തിലധികമായി.

വിദേശ മദ്യ നിർമ്മാണത്തിലെ പ്രധാന ഘടകമായ ഇ എൻ എയുടെ (സ്പിരിറ്റ്) വില വർധനവ് കണക്കിലെടുത്ത് മദ്യ വിലയിൽ ഏഴ് ശതമാനം വർധനവ് വരുത്താൻ ബെവ്കോ ബോർഡ് തീരുമാനിച്ചു. ഈ വർധനവ് കൊണ്ട് ലഭിക്കുന്ന തുകയുടെ 90 ശതമാനവും നികുതിയായാണ് കണക്കാക്കുന്നത്. ഒരു ശതമാനം കോർപ്പറേഷന് ലാഭ വിഹിതമായി ലഭിക്കുന്നതാണ്. യുഡിഎഫ് സർക്കാർ 2013 ൽ ആറ് ശതമാനം വില വർധിപ്പിച്ചു. എൽഡിഎഫ് സർക്കാരിന്റെ വികസന കുതിപ്പിന് മാർഗ തടസം ഉണ്ടാക്കാനാണ് മദ്യ വില വർധനവുമായി ബന്ധപെട്ട ആരോപണം ഉന്നയിച്ചതെന്നും മന്ത്രി പറഞ്ഞു.

Eng­lish sum­ma­ry: TP Ramakr­ish­nan’s reply to Chennithala
You may also like this video: