August 12, 2022 Friday

ടി പി സെൻകുമാറിന്റെ ധാർഷ്ട്യവും മാധ്യമപ്രവർത്തകരുടെ മൗനവും

സന്ദീപ് ശശികുമാർ
January 21, 2020 9:20 am

മാധ്യമ പ്രവർത്തനം ഒരു ഉത്തരവാദിത്വം കൂടിയാണ്. ഞങ്ങളുണ്ട് എന്നൊരു കരുതൽ പൊതുസമൂഹത്തിനോട് പറയാതെ പറയുന്ന ഒരു സന്ദേശം കൂടിയാണ് പലപ്പോഴും മാധ്യമ പ്രവർത്തനം. ഇമവെട്ടാതെ മിഴി തുറന്നുപിടിച്ച് സമൂഹത്തിലെ പല കൊള്ളരുതായ്മകളെയും പച്ചയായി എടുത്തുപറയാൻ മടിയില്ലാത്തവർ. സദ്വാർത്തകളും നന്മകളും അല്പം പോലും വെള്ളം ചേർക്കാതെ തുറന്നുപറയുന്നവർ. ജാതി-ലിംഗഭേദമില്ലാതെ രാപ്പകലുകൾ പൊതുനന്മയ്ക്കായി പ്രവർത്തിക്കുന്ന യഥാർത്ഥ ‘പൊതുപ്രവർത്തകർ’ എന്നുവേണം മാധ്യമ പ്രവർത്തകരെ വിശേഷിപ്പിക്കാൻ. ചിലപ്പോഴെങ്കിലും മാധ്യമപ്രവർത്തകർക്ക് അവർ അർഹിക്കുന്ന ബഹുമാനം നൽകാൻ ചിലർ മടിക്കുന്നുണ്ട്. അവരുടെ കൊള്ളരുതായ്മകളെ തുറന്നുകാട്ടുന്നവർ എന്ന ഭയമായിരിക്കാം അവരെക്കൊണ്ട് അത്തരത്തിൽ ചെയ്യിക്കുന്നത്. പോയവാരം മുൻ ഡിജിപിയും ഇപ്പോൾ ബിജെപി പ്രവർത്തകനുമായ ടി പി സെൻകുമാർ നടത്തിയ വാർത്താ സമ്മേളനമാണ് ഈ കുറിപ്പിന് ആധാരം.

ഒരാൾ വാർത്താ സമ്മേളനം വിളിക്കുന്നത് തനിക്കു പറയാനുള്ളത് ലോകത്തെ അറിയിക്കണം എന്ന ആവശ്യത്തോടെയാണ്. അതിന്റെ അർത്ഥം, ആ പറയുന്ന കാര്യങ്ങൾ മാത്രമേ മാധ്യമ പ്രവർത്തകർ ശ്രദ്ധിച്ചാൽ മതിയെന്നല്ല, മാധ്യമ പ്രവർത്തകർക്ക് അവസരം കിട്ടുമ്പോഴാണ് അവർ വാർത്താ സമ്മേളനം നടത്തുന്നവരോട് ചോദ്യങ്ങൾ ചോദിക്കുകയും അഭിപ്രായം ആരായുകയും ചെയ്യുകയുള്ളു. ചിലപ്പോഴെങ്കിലും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളെ അവഗണിക്കുന്നരും കുറവല്ല. പൊതുജനങ്ങൾക്ക് അറിയാനുള്ള കാര്യങ്ങളാണ് പത്രപ്രവർത്തകർ വാർത്താ സമ്മേളനം നടത്തുന്ന ആളിനോട് ചോദിക്കുന്നത്. അതിന്റെ മറുപടികൊടുക്കേണ്ട ബാധ്യത വാർത്താ സമ്മേളനം നടത്തുന്ന ആളിനുണ്ട്. പറയുന്നത് അപ്പാടെ അങ്ങ് വിഴുങ്ങിക്കൊണ്ടു പോകാൻ ഇത് റേഡിയോ പ്രക്ഷേപണമൊന്നുമല്ല. എസ്എൻഡിപി യോഗത്തിലെ അഴിമതിക്കഥകൾ പറഞ്ഞുകൊണ്ടിരുന്ന മുൻ ഡിജിപിയും ഇപ്പോൾ ബിജെപി സഹയാത്രികനുമായ ടി പി സെൻകുമാറിന്റെ വിചാരം താൻ ഇപ്പോഴും പൊലീസാണെന്നാണോ? കഴിഞ്ഞ 10 വർഷത്തെ അഴിമതിക്കഥകൾ പറയുമ്പോൾ താങ്കൾ ആ സമയം ഡിജിപി ആയിരുന്നല്ലോ. എന്തുകൊണ്ട് അപ്പോൾ ഇത് അന്വേഷിച്ചില്ല എന്ന ആദ്യചോദ്യം തന്നെ സെൻകുമാറിനെ ചൊടിപ്പിച്ചു. അതോടെ സമനില തെറ്റിയതിനാലാവണം വാർത്താ സമ്മേളനത്തിനിടെ രമേശ് ചെന്നിത്തല പറഞ്ഞതിനെക്കുറിച്ച് ചോദിച്ചപ്പോൾ ആരാണ് നിങ്ങൾ, പത്രപ്രവർത്തകനാണോ? നിങ്ങളുടെ പേരെന്താണെന്നും ഇവിടെ വന്നുനിന്ന് ചോദിക്ക് എന്നും വെല്ലുവിളിച്ചതും ഇതൊന്നും പോരാഞ്ഞിട്ട് നിങ്ങൾ മദ്യപിച്ചിട്ടുണ്ടോ എന്ന് ആക്ഷേപിച്ചതും തിരിച്ചു പറഞ്ഞപ്പോൾ പിടിക്കവനെ എന്ന് ആജ്ഞാപിച്ചതും താനിപ്പോഴും അധികാരഗർവ്വിൽ തന്നെയാണെന്ന് വിളിച്ചുപറയുംപോലെ തോന്നി. ഇതൊന്നും പോരാഞ്ഞിട്ട് മാധ്യമ പ്രവർത്തകൻ ആണെന്ന് തെളിയിക്കുന്ന രേഖ ഹാജരാക്കാനും പറഞ്ഞു.

പത്രസമ്മേളനത്തിൽ പങ്കെടുക്കാൻ ഇത്തരം രേഖകൾ ഹാജരാക്കേണ്ടതുണ്ടോ എന്നൊരു ചോദ്യം അവിടെ നിൽക്കട്ടെ. ഇതിനെല്ലാം പുറമെ തന്റെ പത്രസമ്മേളനം അലങ്കോലപ്പെടുത്താൻ ശ്രമിച്ചെന്ന് ഒരു പരാതിയും. ഇതെല്ലാം ഉണ്ടാകാൻ കാരണം എസ്എൻഡിപിയെക്കുറിച്ച് പറയുന്ന പത്രസമ്മേളനത്തിനിടെ പ്രതിപക്ഷ നേതാവ് ‘താൻ ചെയ്ത വലിയൊരു അബദ്ധമാണ് ടി പി സെൻകുമാറിനെ ഡിജിപി ആക്കിയത്’ എന്ന് പറഞ്ഞ കാര്യത്തെക്കുറിച്ച് ചോദ്യം ഉന്നയിച്ചതാണ്. ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകൻ കടവിൽ റഷീദ് കലാപ്രേമി എന്ന പത്രത്തിലാണ് ജോലി ചെയ്യുന്നത്. മുഖ്യധാരാ മാധ്യമം അല്ലാത്തതുകൊണ്ടുതന്നെ അദ്ദേഹത്തെ അധികം ആർക്കും അറിയില്ലെങ്കിലും പ്രസ്‌ക്ലബ് അക്രഡിറ്റേഷനുള്ള മാധ്യമ പ്രവർത്തകൻ തന്നെയാണ് അദ്ദേഹം. കൂടാതെ ക്യാൻസർ രോഗത്തിന് ചികിത്സയിലിരിക്കുന്ന അദ്ദേഹത്തിനോടാണ് മദ്യപിച്ചിട്ടുണ്ടോ എന്ന് ചോദിച്ചതും അവിടെ സെൻകുമാറിന്റെ ഒപ്പമുണ്ടായിരുന്ന ഗുണ്ടകളെക്കൊണ്ട് കൈയേറ്റം ചെയ്യിപ്പിച്ചതും. സെൻകുമാർ അദ്ദേഹം കാട്ടിക്കൂട്ടിയതൊക്കെയും പൊലീസ് അധികാരത്തിന്റെ ധാർഷ്ട്യം തന്നെയല്ലാതെ മറ്റെന്താണ്. ഒപ്പമുണ്ടായിരുന്ന സുഭാഷ് വാസു എന്തോ ചോദിച്ചപ്പോൾ ‘നിങ്ങൾ മിണ്ടാതിരിക്ക്’ എന്നാജ്ഞാപിച്ചതിനും കാരണം മറ്റൊന്നല്ല. പൊലീസിന്റെ രീതി ഇതൊക്കെത്തന്നെയല്ലേ. ഇഷ്ടപ്പെടാത്ത ചോദ്യം ചോദിച്ചയാളിനെ ഭയപ്പെടുത്തി നിശബ്ദനാക്കാൻ ശ്രമിക്കുക, അതിന് സാധിച്ചില്ലെങ്കിൽ കൈയൂക്കിന്റെ ബലത്തിൽ പുറത്താക്കുക, ഒടുവിൽ പറഞ്ഞ മറുപടി ‘വിഷയം വഴിതിരിക്കരുത്, ഞാൻ പറയുന്നത് കേട്ടാൽ മതി’ എന്ന്. പക്ഷെ ഒപ്പമുണ്ടായിരുന്ന മറ്റ് മാധ്യമ സുഹൃത്തുക്കൾ ഈ സമയമത്രയും നിശബ്ദരായിരുന്നത് ഒരിക്കലും ഉൾക്കൊള്ളാൻ കഴിയാത്ത നിരാശയാണ് സമ്മാനിച്ചത്.

തങ്ങൾക്കിടയിൽ നിന്ന് ഒരാളെ വിളിച്ചുനിർത്തി ആക്ഷേപിക്കുന്നത് നിശബ്ദം നോക്കിനിൽക്കുകയും കൈയേറ്റം ചെയ്യാറാവുമ്പോൾ മാത്രം പ്രതികരിക്കുകയും ചെയ്തത് അങ്ങേയറ്റം ലജ്ജാകരമാണ്. പത്രസമ്മേളനത്തിൽ ചോദ്യം ഉന്നയിക്കുന്നത് ഒരാൾക്കുവേണ്ടി മാത്രമല്ല എന്നറിയാവുന്നവരാണ് മാധ്യമപ്രവർത്തകർ. ചോദ്യത്തിന്റെ മറുപടി എല്ലാ മാധ്യമങ്ങൾക്കും വാർത്തയാണ്. ആരാണ് ആ ചോദ്യം ചോദിച്ചതെന്നുപോലും ഒരിടത്തും വരില്ലെന്നിരിക്കെ തങ്ങളുടെ സഹപ്രവർത്തകനെ അപമാനിച്ച സംഭവത്തിന് നിശബ്ദ പ്രതികരണം നൽകിയവർ നാളെ ഇത് തങ്ങളെയും ബാധിച്ചേക്കാം എന്ന് ചിന്തിക്കുന്നത് നല്ലതാണ്. ഇതിനിടയിൽ കൈയേറ്റ ശ്രമം ഉണ്ടായപ്പോൾ പിൻനിരയിൽ നിന്ന്ചാടിയെഴുന്നേറ്റ് സെൻകുമാറിന്റെ ഗുണ്ടാപ്പടയെ വിരട്ടാൻ വി എസ് പ്രമോദ് എന്ന മാധ്യമ പ്രവർത്തകൻ കാണിച്ച ചങ്കൂറ്റത്തിനെ എത്ര പ്രശംസിച്ചാലും മതിയാകില്ല.

മാധ്യമ പ്രവർത്തനം തന്നെയാണ് ഏറ്റവും വലിയ പൊതുപ്രവർത്തനം. ഊണും ഉറക്കവുമിളച്ച് നാടിന്റെ ഓരോ സ്പന്ദനവും വായനക്കാരിലേയ്ക്കും കാഴ്ചക്കാരിലേയ്ക്കും എത്തിക്കുവാൻ അഹോരാത്രം പണിയെടുക്കുന്ന മാധ്യമപ്രവർത്തകരെ ബഹുമാനിക്കണമെന്നൊന്നും പറയുന്നില്ല. അപമാനിക്കാതെയിരുന്നുകൂടെ. നല്ല നടപ്പുകാർ ആണെങ്കിൽ, മാന്യമായി ജീവിക്കുന്നവർ ആണെങ്കിൽ മാധ്യമ പ്രവർത്തകരെ ഭയക്കേണ്ടതില്ല. എന്നാൽ തട്ടിപ്പും വെട്ടിപ്പും വേണ്ടാതീനവും നടത്തുന്നവർ തീർച്ചയായും മാധ്യമപ്രവർത്തകരെ ഭയക്കണം. അതാണ് മാധ്യമപ്രവർത്തനത്തിന്റെ ശക്തി.

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.