ഒരു കവിതപോലെ ടി പി മൂസ യാത്രയായ്…

Web Desk
Posted on October 18, 2017, 1:09 am

പി കെ സബിത്ത്

ചില വിയോഗങ്ങള്‍ നമ്മെ വല്ലാതെ അസ്വസ്ഥരാക്കും. അത് മറികടക്കാന്‍ വാക്കുകളുടെ ഗദ്ഗദങ്ങള്‍ക്കും കാലത്തിനും സാധിച്ചെന്നുവരില്ല. ഹൃദയത്തെ നൊമ്പരപ്പെടുത്തുന്ന ഭാവസാന്ദ്രമായ ഒരു കവിതപോലെ ടി പി മൂസ എന്നന്നേക്കുമായി പടിയിറങ്ങിപ്പോയി. ഞങ്ങളുടെയെല്ലാം ടിപിക്ക് ജീവിതംതന്നെ ഒരു കവിതയായിരുന്നു. ടിപിയുടെ അവസാന യാത്രയും ധ്വന്യാത്മകമായ കവിതയല്ലാതെ മറ്റൊന്നുമായിരുന്നില്ല. കാര്‍ത്തികപ്പള്ളി ബ്രാഞ്ച് സമ്മേളനത്തില്‍ പ്രസംഗിച്ചുകൊണ്ടിരിക്കെ പ്രിയ സഖാക്കളോട് സംവദിച്ചുകൊണ്ട് എത്രയോ സൂര്യകിരണങ്ങളെ ഉള്ളിലേയ്ക്ക് സ്വാംശീകരിച്ച മഞ്ഞുകണം പതുക്കെ അടര്‍ന്നുവീഴുന്നതുപോലെ ടി പി മൂസ കടന്നുപോയി.
ടി പി മൂസ തന്റെ സാന്നിധ്യം അറിയിച്ചത് ഒരിക്കലും ബാഹ്യമായ പ്രകടനപരതയിലൂടെയല്ലായിരുന്നു. ഒരു പിഞ്ചുകുഞ്ഞിന്റെ നിഷ്‌കളങ്കതയോടെ മധുരമായി പുഞ്ചിരിച്ചുകൊണ്ട് അടുത്തിടപഴകുന്ന ടി പി പരിചയപ്പെടുന്നവരുടെയെല്ലാം ഹൃദയത്തിലായിരുന്നു സ്ഥാനം പിടിച്ചത്. സ്‌നേഹിച്ചുകൊണ്ട് എങ്ങനെ കലഹിക്കാം, സംവാദങ്ങളിലേര്‍പ്പെടാം എന്ന സ്വതസിദ്ധമായ ശൈലിയുടെ മാതൃകയായിരുന്നു ടി പി മൂസ. എന്നാല്‍ ആര്‍ക്കും അത്രയെളുപ്പം കരഗതമാക്കാനോ അനുകരിക്കാനാവാത്തതുമായ ഒരു സവിശേഷതയായിരുന്നു അത്. സുദീര്‍ഘമായ അനുഭവങ്ങളിലൂടെ രൂപപ്പെട്ടതായിരുന്നു ടി പിയുടെ പെരുമാറ്റവും നിലപാടുകളുമെല്ലാം. ന്യൂജനറേഷന്‍ കാലത്ത് തലമുറകള്‍ തമ്മിലുള്ള അന്തരം വളരെ പ്രകടമാണ്. പലപ്പോഴും സ്വീകരിക്കുന്ന നിലപാടുകളായിരുന്നു തലമുറകള്‍ തമ്മിലുള്ള അന്തരം വര്‍ധിപ്പിച്ചത്. ടി പിയില്‍ ഭൂതകാലത്തിന്റേതായ കാര്‍ക്കശ്യങ്ങള്‍ നമുക്ക് ഒരിക്കലും കാണാന്‍ സാധിക്കുമായിരുന്നില്ല. യഥാര്‍ഥത്തില്‍ പുതു തലമുറയും ടി പിയും തമ്മിലും അന്തരമില്ലായിരുന്നു. ശരിക്കും പറഞ്ഞാല്‍ ടി പി മൂസ എന്നും ഒരു ന്യൂജന്‍ ആയിരുന്നു. കാലത്തിന്റേതായ മാറ്റങ്ങളെ ഉള്‍ക്കൊണ്ട് അടിസ്ഥാന വര്‍ഗത്തിന്റെ പ്രശ്‌നങ്ങളെ ഗൗരവത്തോടെ ഉള്‍ക്കൊണ്ട് എടുക്കുന്ന നിലപാടുകള്‍ പഴഞ്ചനെന്നോ ന്യൂജന്‍ എന്നോ വ്യത്യാസമില്ലാതെ സമൂഹത്തിലെ ആബാലവൃദ്ധം ജനത അംഗീകരിക്കുന്നതായിരുന്നു.
എഐഎസ്എഫ്, എഐവൈഎഫ് പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന നിരവധി അവസരങ്ങളില്‍ ടി പിയോട് അടുത്ത് ഇടപെടേണ്ടിവന്നിരുന്നു. പരമ്പരാഗതമായ ഉപദേശങ്ങളുടെ ഭാണ്ഡങ്ങള്‍ക്ക് പകരം ടി പി ഞങ്ങളുടെ തലമുറയ്ക്ക് നല്‍കിയത് വിമര്‍ശനാത്മകമായി ചിന്തിക്കുവാനുള്ള ആര്‍ജ്ജവമായിരുന്നു. ടി പിയുടെ സാമീപ്യം ഒരുതരം സുരക്ഷിതത്വബോധമായിരുന്നു എല്ലാവരിലും ഉണര്‍ത്തിയത്. ആശയപരമായി സംവാദങ്ങളില്‍ പങ്കെടുക്കുന്നതിന് എല്ലാവരെയും തയ്യാറാക്കുന്നതില്‍ ടി പി എന്നും ശ്രദ്ധപുലര്‍ത്തി. കൃത്യമായ ഇടവേളകളില്‍ വിദഗ്ധരെ കൊണ്ടുവന്ന് പാര്‍ട്ടി ക്ലാസുകള്‍ സംഘടിപ്പിച്ചായിരുന്നു അത് നിറവേറ്റിയത്. വൈരുദ്ധ്യാത്മക ഭൗതികവാദത്തെ കുറിച്ച് ചര്‍ച്ചയിലും സംവാദത്തിലും ഏര്‍പ്പെടുന്നതില്‍ ഏത് പാതിരാത്രിയിലാണെങ്കിലും ടി പിയുടെ ഉത്സാഹം നമ്മെ അത്ഭുതപ്പെടുത്തും. വടകരയിലെ പാര്‍ട്ടി ഓഫീസിന് താഴെയുള്ള ചായക്കടിയിലിരുന്ന് മണിക്കൂറുകളോളം നടത്തിയ ചര്‍ച്ചകള്‍ ഇന്നലെ പോലെ ഓര്‍മ്മവരുന്നു. അതീവ സൂഷ്മതയോടെ വിഷയങ്ങളെ അപഗ്രഥിച്ചുകൊണ്ട് ഇന്നത്തെ സാമൂഹിക സാഹചര്യങ്ങളെ ബന്ധപ്പെടുത്തി ടി പി വിലയിരുത്തുമ്പോള്‍ എല്ലാ തര്‍ക്കങ്ങളുടെയും അവസാനവാക്കായിരുന്നു അത്. ദേശീയ സാഹിത്യത്തെക്കുറിച്ച് ടി പി മൂസയ്ക്ക് ഉണ്ടായിരുന്ന ഗ്രാഹ്യവും കാഴ്ചപ്പാടിന്റെയും ദൃഷ്ടാന്തമായിരുന്നു സജാദ് സഹീര്‍ അനുസ്മരണം വടകരയില്‍ സംഘടിപ്പിച്ചത്. പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ ഒഎന്‍വി കുറുപ്പ് പോലും വടകരയില്‍ ഇത്തരമൊരു പരിപാടി സംഘടിപ്പിച്ച ദീര്‍ഘദര്‍ശനത്തെ പ്രശംസിച്ചിരുന്നു.
വേഗതയുടെ പര്യായമായ ഇന്നത്തെ സൈബര്‍ കാലത്ത് ടി പി കാണിക്കുന്ന സൂഷ്മത പുതിയ തലമുറ പഠിക്കേണ്ട ഒന്നാണ്. ഒരു വാക്ക് എഴുതുമ്പോള്‍ പോലും ഉത്തമ പദങ്ങള്‍ ഉത്തമ സംവിധാന ഭംഗിയില്‍ വന്നാല്‍ മാത്രമേ ടി പിക്ക് തൃപ്തിയാകുമായിരുന്നുള്ളു. ടി പി വിഭാവനം ചെയ്യുന്ന പരിപാടികള്‍ക്കെല്ലാം ഒരു സര്‍ഗാത്മക സ്വഭാവം പ്രകടമായിരുന്നു. എന്തിന് അധികം പറയുന്നു അദ്ദേഹത്തിന്റെ ഭാഷണംപോലും കാവ്യാത്മകമായിരുന്നു. പ്രസ്ഥാനത്തെയും സര്‍ഗാത്മകതയേയും സമാന്തര പാതയാക്കാതെ ഒന്നായി വീക്ഷിച്ച അപൂര്‍വവ്യക്തിതന്നെയായിരുന്നു ടി പി. എഴുത്ത്, വായന എന്നിവയുമായി ബന്ധപ്പെട്ട് എന്ത് സംശയമുണ്ടെങ്കിലും എല്ലാം ദൂരീകരിക്കാനായി ടി പി ഓടിയെത്തുമായിരുന്നു. ചില അവസരങ്ങളില്‍ അദ്ദേഹത്തിന്റെ ബഹുമുഖ പ്രതിഭയെ മാനിച്ചുകൊണ്ട് കാലംതന്നെ പദവികള്‍ ചാര്‍ത്തിക്കൊടുത്തു. ടി പി തന്റെ നൈസര്‍ഗികമായ തമാശയോടെ ഇങ്ങനെ പറയുമായിരുന്നു: ”ചില വേദികളില്‍ ഞാന്‍ വെറും ടി പി മൂസയല്ല, മൂസ മാഷാണ്.” അതെ സമൂഹത്തിന്റെ ഗുരുസ്ഥാനീയന്‍തന്നെയായിരുന്നു ടി പി. രാപ്പകല്‍ ഭേദമില്ലാതെ അഹോരാത്രം യത്‌നിക്കുന്നതിന്റെ ദൃഷ്ടാന്തമാണ് കാര്‍ത്തികപ്പള്ളിയിലെ ക്ഷീരകര്‍ഷകസംഘം. എല്ലായിപ്പോഴും ടി പി ജീവിതത്തെയും സമൂഹത്തെയും പ്രതീക്ഷാനിര്‍ഭരതയോടെ കണ്ടു. എഴുത്ത്, സാഹിത്യം എന്നിവയില്‍ താല്‍പ്പര്യമുള്ള ഒരു കൂട്ടായ്മ അദ്ദേഹത്തിന് വടകരയിലുണ്ടായിരുന്നു. സായാഹ്നങ്ങളില്‍ സംഘടിപ്പിക്കുന്ന സാഹിത്യചര്‍ച്ചകളില്‍ എഴുത്തിന്റെ ഭൂതവര്‍ത്തമാനങ്ങളുടെ താമരനൂലായി ടി പിയുടെ സാന്നിധ്യം ഇനി വടകരയ്ക്ക് അന്യമാണ്. ജീവിത വസന്തങ്ങള്‍ക്ക് സായാഹ്നങ്ങളില്ല എന്നുതന്നെയായിരുന്നു ടി പിയുടെ ജീവിതം നമുക്ക് കാട്ടിതന്നത്. നിറഞ്ഞുനിന്നുകൊണ്ടുള്ള വിടവാങ്ങല്‍ കേവലം വാര്‍ധക്യത്തിന്റേതല്ല വാര്‍ധക്യം ബാധിക്കാത്ത യൗവ്വനത്തിന്റേതാണ്.