പന്ന്യൻ രവീന്ദ്രൻ

കളിയെഴുത്ത്

December 15, 2020, 3:57 pm

ത്യാഗത്തിന്റെ ട്രാക്കിൽ പൊന്നുവാരിയ അഞ്ജു; കായിക കേരളം ഒപ്പം

Janayugom Online

പന്ന്യൻ രവീന്ദ്രൻ

 

കായികതാരങ്ങൾ സംസ്ഥാനത്തിനും രാജ്യത്തിനുംവേണ്ടി അഭിമാനമുഹൂർത്തങ്ങൾ സമ്മാനിക്കുമ്പോൾ നാം കയ്യടിക്കാറുണ്ട്. നേട്ടത്തിനുടമയായ താരങ്ങളുടെ പേരുകൾ ചരിത്രത്താളുകളിൽ നിറയാറുമുണ്ട്. അത്തരം കായിക പ്രതിഭകൾ പരിശീലനകാലത്തും മത്സരസമയത്തും സഹിക്കുന്ന കഷ്ടപ്പാടുകൾ ആർക്കും അന്വേഷിക്കേണ്ടതില്ലല്ലോ. ഒരു കായിക താരം, നേട്ടങ്ങൾ സ്വന്തമാക്കാൻ ചെയ്യുന്ന കഠിനാദ്ധ്വാനം അവർ സ്വയം സഹിക്കുന്നതാണ്. പെർഫോമെൻസ് മോശമായാൽ പഴി കേൾക്കാനും നന്നായാൽ ആശംസ സ്വീകരിക്കാനും നിന്നു കൊടുക്കണം. രാജ്യത്തിന്റെ നേട്ടങ്ങൾക്ക് എന്തെങ്കിലും പോറലേറ്റാൽ താരം അനുഭവിക്കേണ്ടിവരുന്ന പ്രയാസം ഒറ്റദിവസം കൊണ്ട് അവസാനിക്കുന്നതല്ല. നേട്ടങ്ങൾ കൈവരിക്കാൻ മനസ്സും ശരീരവും ബുദ്ധിയും ഓവർടൈം പ്രവർത്തിച്ചാണ് രാജ്യത്തിന് സമ്മാനം നേടിത്തരുന്നതെന്ന യാഥാർത്ഥ്യം ആരും അറിയുന്നില്ല. സാധാരണയായി നടക്കുന്നതിനാൽ നമുക്കിതൊന്നും പുതുമയാവണമെന്നുമില്ല.

എന്നാൽ ഇവിടെ തികച്ചും വ്യത്യസ്തമായ ഒരു സാഹസികതയുടെ തുറന്നുപറച്ചിലാണ് കഴിഞ്ഞ ആഴ്ച കായിക ലോകത്തുനിന്ന് പുറത്തെത്തിയത്. 2005 ൽ നടന്ന മൊണാക്കോ വേൾഡ് അത്‌ലറ്റിക്ക് ചാമ്പ്യൻഷിപ്പിൽ നിരാശയിലാണ്ടുകിടന്ന ഇന്ത്യൻ അത്‌ലറ്റിക്ക് സംഘത്തിന് പൊൻവെളിച്ചം നൽകിയ അഞ്ജു ബോബി ജോർജിന് ഒറ്റ വൃക്ക മാത്രമായിരുന്നുവെന്ന് ലോകം അറിഞ്ഞിരുന്നില്ല. അന്ന് 6.76 മീറ്റർ ചാടി സ്വർണം വാരിയെടുത്ത അഞ്ജു ഇന്ത്യയുടെ ത്രിവർണ പതാകയുയർത്താൻ കാരണക്കാരിയായി. ലോക അത്‌ലറ്റിക് മീറ്റിൽ ഇന്ത്യയുടെ എക മെഡൽ അഞ്ജുവിന്റേതായിരുന്നു.

2003 ലെ പാരീസ് ചാമ്പ്യൻഷിപ്പിൽ 6.70 മീറ്റർ ചാടി വെങ്കലവും അഞ്ജുവിന്റെ നേട്ടത്തിന്റെ പട്ടികയിലുണ്ട്. 2004 ഒളിമ്പിക്സിലെ 6.83 മീറ്റർ പ്രകടനം ഇന്നും ഭേദിക്കപ്പെടാത്ത ദേശീയ റെക്കോഡാണ്. ശരീരത്തിന്റെ വേദനയും മനസിന്റെ ആശങ്കകളും സ്വയം സഹിച്ച്, മാതൃരാജ്യത്തിനു വേണ്ടി അർപ്പണം നൽകിയ അപൂർവ്വ വ്യക്തിത്വമാണ് അഞ്ജു ബോബി ജോർജ്. കായികരംഗത്തുനിന്നും വിരമിച്ചു വർഷങ്ങൾ കഴിഞ്ഞതിനു ശേഷം സമൂഹവുമായി സ്വന്തം അനുഭവം അവർ പങ്കുവച്ചു.

യൂണിലാറ്ററൽ റീനൽ അജെനെസീസ് എന്ന രോഗംമൂലം കടുത്ത വേദനയും അസ്വാസ്ഥ്യവും അനുഭവിക്കുമ്പോഴാണ് കായിക രംഗത്തോടുള്ള അതീവ പ്രണയം രോഗത്തെ ചെറുക്കുവാനുള്ള ആയുധമാക്കി അഞ്ജു മാറ്റിയെടുത്തത്. ഒരു വൃക്ക മാത്രം പ്രവർത്തിച്ചാലും ജീവൻ നിലനിൽക്കും. പക്ഷെ ആ വൃക്കയ്ക്ക് വല്ലതും സംഭവിച്ചാൽ ഭാവി ഇരുട്ടിലാകും. കായിക രംഗത്തിനുവേണ്ടി മനസും ശരീരവും ഉഴിഞ്ഞുവച്ച ഒളിമ്പ്യൻ അത്‌ലറ്റിക്ക് ഇന്ന് ഇന്ത്യൻ അത്‌ലറ്റിക്ക് അസോസിയേഷൻ സീനിയർ വൈസ് പ്രസിഡന്റാണ്.

കസ്റ്റംസ് ഉദ്യോഗസ്ഥയായിരുന്ന അഞ്ജു പുതിയ പദവിയിലെത്തിയതോടെ ജോലിയിൽ നിന്ന് വിടവാങ്ങി. കേരളത്തിന്റെ മികച്ച ഒളിമ്പ്യൻ അത്‌ലറ്റ് ആയ ധീരവനിത രാജ്യത്തിനു തന്നെ അഭിമാന മുഹൂർത്തത്തിന്റെ ഉടമയായി മാറുകയായിരുന്നു. കേരളീയരുടെ ഹൃദയത്തിൽ സന്തോഷത്തിന്റെ പൂത്തിരി സമ്മാനിച്ച ഒളിമ്പ്യൻ, വേദന കടിച്ചിറക്കി രാജ്യത്തിന് വേണ്ടി ട്രാക്കിൽ പോരാടി ജയിച്ചതാണെന്ന യാഥാർത്ഥ്യം അറിയുമ്പോൾ ആദരവും സ്നേഹവും അളവറ്റതാവുകയാണ്.

ദേശീയ കായിക മേഖലയ്ക്ക് നന്മയുടെ വഴി കാട്ടുവാനും വൻ നേട്ടങ്ങൾ കൈവരിക്കുവാനും പുതിയ സ്ഥാനലബ്ദി സഹായകമാകും. പോരാട്ട വഴിയിൽ വിജയമെന്ന മന്ത്രവുമായി വേദന മറന്നു ചാടുന്ന വനിതാ പോരാളിയായ അഞ്ജു ബോബി ജോർജ് അനുകരണീയമായ മാതൃക തന്നെയാണ്. ജീവനിൽ ഉൽക്കണ്ഠയും മനസിൽ ആശങ്കയുംവച്ചു മുന്നോട്ടു പോയാൽ ഒരു കാര്യത്തിലും മനസ്സുറപ്പുണ്ടാകില്ല. എന്തിനെയും നേരിടാനുള്ള ധീരതയുണ്ടെങ്കിൽ വൻ നേട്ടങ്ങൾ മുന്നിലെത്തുമെന്ന അനുഭവപാഠമാണ് അഞ്ജു ബോബി ജോർജ്ജ് തുറന്നു പറഞ്ഞത്.

‘വിശ്വസിച്ചാലും ഇല്ലെങ്കിലും ഒരു വൃക്കയുമായി ലോക അത്‌ലറ്റിക്സിന്റെ മുൻ നിരയിലെത്താൻ ഭാഗ്യം കിട്ടിയ ആളാണ് ഞാൻ’. അഞ്ജു ട്വിറ്ററിൽ കുറിച്ച വരികൾ മാലോകരുടെ മനസിൽ ഒരിക്കലും മായാതെകിടക്കും.