കേന്ദ്ര സർക്കാരിന്റെ മൂന്ന് കാര്‍ഷിക കരിനിയമങ്ങൾക്കെതിരെ കഴിഞ്ഞ ഏഴുമാസമായി പ്രതിഷേധിക്കുന്ന കര്‍ഷക സംഘടനകള്‍ സര്‍ക്കാരിനുമേല്‍ സമ്മര്‍ദ്ദം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ന് മറ്റൊരു ‘ട്രാക്ടര്‍ റാലി’ കൂടി നടത്തുന്നു. ഭാരതീയ കിസാന്‍ യൂണിയന്‍(ബികെയു) ആസ്ഥാനമായ സിസൗഹലിയില്‍ നിന്ന് നൂറുകണക്കിന് ട്രാക്ടറുകള്‍ ഗാസിയാബാദിലെ യുപി ഗേറ്റിലെത്തും. പടിഞ്ഞാറന്‍ യുപി ജില്ലകളില്‍ നിന്നുള്ള കര്‍ഷകര്‍ ഇന്ന് യുപി ഗേറ്റില്‍ സമ്മേളിക്കാന്‍ സിസൗലിയിലെ ആസ്ഥാനത്ത് നടന്ന യോഗത്തിൽ തീരുമാനിച്ചതായി ബികെയു നേതാവ് ഗൗരവ് ടികായത്ത് അറിയിച്ചിരുന്നു. കര്‍ഷകര്‍ക്ക് അവരുടെ ട്രാക്ടറുകളില്‍ വരാനാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.
ഇതേത്തുടര്‍ന്ന് സഹാറന്‍പൂരില്‍ നിന്നുള്ള കര്‍ഷകര്‍ വ്യാഴാഴ്ച യുപി ഗേറ്റിലേക്കുള്ള യാത്ര ആരംഭിച്ചിരുന്നു. മറ്റ് ഗ്രാമങ്ങളില്‍ നിന്നുള്ള കര്‍ഷകരും അവരോടൊപ്പം ചേരും. ഇന്നലെ ഉച്ചയോടെ തന്നെ നിരവധി കർഷകർ യുപി ഗേറ്റിൽ പ്രതിഷേധത്തിന് പിന്തുണയുമായി എത്തിയിരുന്നു.
ദേശീയപാതയിലൂടെ വരുന്നവര്‍ ഗതാഗതം തടസപ്പെടുത്തരുതെന്നും അച്ചടക്കം പാലിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ടികായത്ത് പറഞ്ഞു. ട്രാക്ടര്‍ റാലി ദേശീയപാതയിലൂടെ സഞ്ചരിക്കും. ജില്ലാ ഭരണകൂടം അതിനുള്ള ഒരുക്കങ്ങള്‍ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊതുഗതാഗതത്തിനും മറ്റും തടസമുണ്ടാകില്ലെന്നും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു. സമാധാനപരമായ രീതിയില്‍ പ്രതിഷേധം നടക്കുമെന്ന് കര്‍ഷക നേതാക്കള്‍ ഉറപ്പ് നല്‍കിയതായി ജില്ലാ ഭരണകൂടത്തിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. യുപി ഗേറ്റില്‍ ഉള്‍പ്പെടെ ഡല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷക പ്രതിഷേധത്തിന് പുതിയ പ്രചോദനം നല്‍കാനും ഊർജ്ജം പകരാനുമാണ് ഇന്നത്തെ റാലിയെന്നും നേതാക്കൾ പറഞ്ഞു.
English Summary : tractor rally of farmers again starts today
You may also like this video :
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.