ബിഹാറിലെ സംശയാസ്പദമായ വോട്ടര്‍ പട്ടിക പുതുക്കലില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ പിന്മാറണമെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ടര്‍പട്ടിക വച്ച് തന്നെ തെരഞ്ഞെടുപ്പ് നടത്തണമെന്നും പാര്‍ട്ടി ആസ്ഥാനമായ അജോയ് ഭവനില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ഡി രാജ ആവശ്യപ്പെട്ടു. ബിഹാറിലെ കോടിക്കണക്കിന് പൗരന്മാര്‍ക്ക് വോട്ടവകാശം മാത്രമല്ല, രാജ്യത്ത് ജീവിക്കാനുള്ള അവകാശം കൂടി നഷ്ടപ്പെടുമെന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. വിദേശ പൗരനാണെന്ന് സംശയിക്കുന്ന വ്യക്തികളെ പൗരത്വ അധികാരികള്‍ക്ക് റഫര്‍ ചെയ്യാന്‍ പ്രാദേശിക ഇലക്ടറല്‍ ഓഫിസര്‍മാര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അധികാരം നല്‍കിയിരിക്കുകയാണ്. കഴിഞ്ഞ മാസം 24ന് കമ്മിഷന്‍ പുറപ്പെടുവിച്ച നിര്‍ദേശത്തിലെ നിബന്ധന 5 (ബി) പിന്‍വാതിലിലൂടെ ദേശീയ പൗരത്വ രജിസ്ട്രി (എന്‍ആര്‍സി) നടപ്പാക്കാനുള്ള നീക്കമാണെന്ന് സൂചനയുണ്ട്.
കാര്‍ഷിക മേഖലയെയും സാമ്പത്തിക രംഗത്തെയും അസ്ഥിരപ്പെടുത്തുന്ന ഇന്തോ — അമേരിക്കല്‍ സ്വതന്ത്ര വ്യാപാര കരാര്‍ രാജ്യത്തിന് സര്‍വനാശം വിതയ്ക്കുമെന്നും ഡി രാജ പറഞ്ഞു. കരാര്‍ നടപ്പായാല്‍ അത് രാജ്യത്തെ കര്‍ഷകര്‍ക്കുള്ള മരണ വാറണ്ടാകും. കാര്‍ഷിക മേഖലയെയും രാജ്യത്തെ ക്ഷീരോല്പാദകരെയും ദോഷകരമായി ബാധിക്കും. നിലവില്‍ നടക്കുന്ന കരാര്‍ ചര്‍ച്ചകളില്‍ നിന്നും ഇന്ത്യ പിന്മാറണമെന്നും ഡി രാജ ആവശ്യപ്പെട്ടു.
സിപിഐ 25-ാം പാര്‍ട്ടി കോണ്‍ഗ്രസ് സെപ്റ്റംബര്‍ 21 മുതല്‍ 25 വരെ ചണ്ഡീഗഢില്‍ നടക്കുമെന്നും കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി നടന്ന സിപിഐ ദേശീയ എക്സിക്യൂട്ടീവിന്റെയും ദേശീയ കൗണ്‍സില്‍ യോഗത്തിന്റെയും തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് ഡി രാജ പറഞ്ഞു. കരട് രാഷ്ട്രീയ പ്രമേയത്തിലുള്ള ചര്‍ച്ചകളാണ് യോഗത്തില്‍ മുഖ്യമായും നടന്നത്. സജീവമായ ചര്‍ച്ചകളാണ് യോഗത്തിലുണ്ടായത്. അംഗങ്ങള്‍ നിര്‍ദേശിച്ച ഭേദഗതികള്‍ കൂടി ഉള്‍പ്പെടുത്തി തയ്യാറാക്കുന്ന പുതിയ കരട് രാഷ്ട്രീയ പ്രമേയത്തിന് ദേശീയ സെക്രട്ടേറിയറ്റ് അനുമതി നല്‍കേണ്ടതുണ്ട്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ കരട് രാഷ്ട്രീയ പ്രമേയം മാധ്യമങ്ങള്‍ക്ക് നല്‍കുമെന്ന് അദ്ദേഹം ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
പാര്‍ട്ടി രൂപീകരണത്തിന്റെ നൂറാം വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി അന്താരാഷ്ട്ര കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ യോഗം ഡിസംബര്‍ 24, 25 തീയതികളില്‍ വിജയവാഡയില്‍ ചേരും. ശതാബ്ദി ആഘോഷങ്ങളുടെ സമാപനം തെലങ്കാനയിലെ ഖമ്മത്ത് ഡിസംബര്‍ 26ന് നടക്കും. സ്വാതന്ത്ര്യ സമര പോരാട്ടത്തില്‍ പാര്‍ട്ടി വഹിച്ച പങ്കും അഭിനവ ദേശീയവാദം ഉന്നയിക്കുന്ന സംഘ്പരിവാര്‍ നിലപാടിലെ പൊള്ളത്തരങ്ങളും രാജ ചൂണ്ടിക്കാട്ടി.
പഹല്‍ഗാം തീവ്രവാദ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ക്കണമെന്ന ആവശ്യം സിപിഐ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തിയതാണ്. എന്നാല്‍ അതിന് തയ്യാറാകാത്ത സര്‍ക്കാര്‍ വര്‍ഷകാല സമ്മേളനം കൂടുതല്‍ ദിവസത്തേക്ക് നീട്ടിയ നടപടി അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യാ — പാക് സംഘര്‍ഷത്തിന് അറുതിവരുത്തിയത് താനാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ആവര്‍ത്തിക്കുന്നു. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി മൗനം തുടരുകയാണ്. പലസ്തീനെതിരെ ഇസ്രയേല്‍ നടത്തുന്ന വംശഹത്യയുടെ കാര്യത്തിലും മോഡിയുടെ മൗനം അപലപനീയമെന്ന് ജനറല്‍ സെക്രട്ടറി വ്യക്തമാക്കി. ദേശീയ സെക്രട്ടേറിയറ്റ് അംഗങ്ങളായ ഡോ ബാലചന്ദ്ര കാംഗോ, രാമകൃഷ്ണ പാണ്ഡ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.