Web Desk

ന്യൂഡൽഹി

June 05, 2020, 9:48 pm

ജൂലൈ മൂന്നിന് ദേശവ്യാപകമായി ട്രേഡ് യൂണിയനുകളുടെ പ്രതിഷേധ ദിനം

Janayugom Online

മോഡി സർക്കാരിന്റെ ജനവിരുദ്ധ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് രാജ്യത്തെ പ്രമുഖ തൊഴിലാളി യൂണിയനുകൾ ജൂലൈ മൂന്നിന് ദേശവ്യാപകമായി പ്രതിഷേധ ദിനം ആചരിക്കും. സംഘടിത, അസംഘടിത മേഖലയിലെ തൊഴിലാളികൾ, സേവന മേഖലയിൽ ജോലി ചെയ്യുന്നവർ ഉൾപ്പെടെയുള്ളവർ സമ്പർക്ക അകലം പാലിച്ചായിരിക്കും പ്രതിഷേധം നടത്തുന്നത്.
തൊഴിലാളികളുടെ അടിസ്ഥാന അവകാശങ്ങൾ പോലും കവർന്നെടുക്കുന്ന നിലപാടുകളിൽ പ്രതിഷേധിച്ച് ഭാവിയിലെ ശക്തമായ സമരത്തിന്റെ ഒരു തുടക്കം മാത്രമാണ് അടുത്ത മാസം മൂന്നിന് സംഘടിപ്പിക്കുന്ന പ്രതിഷേധ ദിനമെന്ന് സംയുക്ത ട്രേഡ് യൂണിയൻ നേതാക്കൾ അറിയിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി തൊഴിൽ നിയമങ്ങളിലെ ഭേദഗതികൾ സംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങളിലും സംയുക്ത യോഗങ്ങൾ, കൺവൻഷനുകൾ, ശില്പശാലകൾ എന്നിവ സംഘടിപ്പിക്കും.
തൊഴിലാളികൾ ഉന്നയിച്ച 12 ഇന ആവശ്യങ്ങൾ അംഗീകരിക്കുക, തൊഴിൽ, ട്രേഡ് യൂണിയൻ എന്നിവ സംബന്ധിച്ച അവകാശങ്ങൾ അംഗീകരിക്കുക, തൊഴിൽ നഷ്ടം സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കുക, വേതനം ഉറപ്പാക്കുക, തൊഴിൽ സുരക്ഷ ഉറപ്പാക്കുക, നാടുകളിലേയ്ക്ക് തിരികെ പോകുന്നതിൽ കുടിയേറ്റ തൊഴിലാളികൾ നേരിടുന്ന പ്രശ്നം പരിഹരിക്കുക, ജോലിയിൽ തിരികെ എത്താൻ താൽപ്പര്യമുള്ള തൊഴിലാളികൾക്ക് സൗജന്യ മടക്കയാത്ര ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും തൊഴിലാളി സംഘടനകൾ ഉന്നയിക്കുന്നു. തൊഴിലുടമകൾ, കോർപ്പറേറ്റുകൾ എന്നിവരുമായി നിരന്തരം ചർച്ചകൾ നടത്തുന്നതിന് പകരം പാവപ്പെട്ട തൊഴിലാളികളുടെ പ്രശ്നം ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാകണമെന്നും സംഘടനകൾ ആവശ്യപ്പെടുന്നു.
എഐടിയുസി, സിഐടിയു, ഐഎൻടിയുസി, എച്ച്എംഎസ്, ടിയുസിസി, സേവ, എഐസിസിടിയു, എൽപിഎഫ്, യുടിയുസി എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധ ദിനം ആചരിക്കുന്നത്.

eng­lish sum­ma­ry: trade unions observes julay 3 as nation­al protest day

you may also like this video