കേന്ദ്ര നിലപാടിൽ പ്രതിഷേധിച്ച് പണിമുടക്കുമായി മുന്നോട്ടുപോകും: തൊഴിലാളി സംഘടനകൾ

Web Desk
Posted on January 03, 2020, 8:58 pm

ന്യൂഡൽഹി: തൊഴിലാളി വിരുദ്ധ നിലപാടുകളിൽ വിട്ടുവീഴ്ചയില്ലെന്ന കേന്ദ്ര നിലപാടിൽ പ്രതിഷേധിച്ച് എട്ടിന് നടക്കുന്ന പണിമുടക്കുമായി മുന്നോട്ടുപോകുന്നതിന് കേന്ദ്ര തൊഴിലാളി സംഘടനകൾ തീരുമാനിച്ചു. രണ്ടിന് തൊഴിൽ വകുപ്പ് മന്ത്രി സന്തോഷ് ഗാംഗ്വാർ പണിമുടക്കിൽ ഉന്നയിച്ചിരിക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് തൊഴിലാളി സംഘടനകളുടെ യോഗം വിളിച്ചുവെങ്കിലും നിലപാടിൽ മാറ്റം വരുത്തുന്നതിന് തയ്യാറായില്ല. എഐടിയുസി, സിഐടിയു, എച്ച്എംഎസ്, എഐയുടിയുസി, സേവ, എഐസിസിടിയു, എൽപിഎഫ്, യുടിയുസി എന്നീ സംഘടനാ പ്രതിനിധികളെയാണ് യോഗത്തിൽ ക്ഷണിച്ചത്.
തൊഴിലാളികളുടെ ക്ഷേമത്തിനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് യോഗത്തിൽ ആമുഖമായി മന്ത്രി പറഞ്ഞുവെങ്കിലും അതിന്റെ ഭാഗമായാണ് ലേബർ കോഡ് നടപ്പിലാക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.ലേബർ കോഡ് നടപ്പിലാകുന്നതോടെ അടിമത്തം പുനഃസ്ഥാപിക്കുന്നതിനുള്ള സാഹചര്യമാണ് ഉണ്ടാകുവാൻ പോകുന്നതെന്ന് യോഗത്തിൽ പങ്കെടുത്ത തൊഴിലാളി സംഘടനാ നേതാക്കൾ കുറ്റപ്പെടുത്തി. ഐഎൻടിയുസിയെ യോഗത്തിൽ ക്ഷണിക്കാത്തതിൽ പ്രതിഷേധം അറിയിക്കുകയും ചെയ്തു. തൊഴിലാളി സംഘടനകളുടെ ഐക്യം തകർക്കുന്നതിനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും അവർ യോഗത്തിൽ കുറ്റപ്പെടുത്തി.ഈ സാഹചര്യത്തിലാണ് പണിമുടക്കിൽ ഉറച്ചുനിൽക്കാൻ തീരുമാനിച്ചതെന്ന് കേന്ദ്ര തൊഴിലാളി സംഘടനകൾ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.

you may also like this video

ഓട്ടോമൊബൈൽ രംഗത്തെ പ്രത്യേകിച്ച് ഗുഡ്ഗാവിലും മറ്റും ഹോണ്ട തൊഴിലാളികൾ നടത്തുന്ന സമരം, തൊഴിലാളി നേതാക്കളെ സസ്പെൻഡ് ചെയ്ത നടപടി, കരാർ തൊഴിലാളികളെ ജോലി ചെയ്യാൻ അനുവദിക്കാത്തത് എന്നിവയും ഉന്നയിച്ചുവെങ്കിലും ചെവിക്കൊള്ളാൻ തയ്യാറായില്ല. തൊഴിലില്ലായ്മ, കുറ‍്ഞ കൂലി, സാമൂഹ്യസുരക്ഷാ പദ്ധതികൾ എന്നിങ്ങനെ കേന്ദ്ര തൊഴിലാളി സംഘടനകൾ തുടർച്ചയായി ഉന്നയിക്കുന്ന ഒരു വിഷയത്തിനും പരിഹാരമുണ്ടാക്കുവാനുള്ള ശ്രമങ്ങളില്ല. ജനാധിപത്യപരമായ നടപടിക്രമങ്ങൾ ഇല്ലാതാക്കുന്നതിന്റെ ഭാഗമായി 2015 ന് ശേഷം ഇന്ത്യൻ ലേബർ കോൺഫറൻസിന്റെ ത്രികക്ഷി സമ്മേളനം പോലും ചേർന്നിട്ടില്ല. ഈ പശ്ചാത്തലത്തിൽ പണിമുടക്കിൽ ഉറച്ചുനില്ക്കാൻ തീരുമാനിച്ചതായി എഐടിയുസി ഉൾപ്പെടെയുള്ള പത്ത് കേന്ദ്ര തൊഴിലാളി സംഘടനകൾ അറിയിച്ചു. പണിമുടക്ക് വൻവിജയമാക്കുന്നതിന് സംഘടനകൾ ആഹ്വാനം ചെയ്തു.