Web Desk

December 11, 2019, 7:45 pm

സാമ്പത്തികപ്രതിസന്ധി; ജിഎസ് ടി നിരക്കുകൾ വർധിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് വ്യാപാരസംഘടനകൾ

Janayugom Online

കോഴിക്കോട്: കേന്ദ്ര‑സംസ്ഥാന സർക്കാറുകൾ കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ നിലവിലെ ജി. എസ്.ടി നിരക്കുകൾ വർധിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് വ്യാപാരസംഘടനകൾ ആവശ്യപ്പെട്ടു. നിലവിലെ ജി. എസ്.ടി നിരക്കുകൾ തന്നെ കുറയ്ക്കണമെന്ന ആവശ്യം നിലനിൽക്കേ വീണ്ടും വർധന ജനജീവിതത്തെ ദുസ്സഹമാക്കും. അതിനു പുറമെ റെയിൽവേ നിരക്കുകളും വർധിപ്പിക്കാൻ നീക്കം നടക്കുന്നു. ജി. എസ്. ടി നിരക്കുകൾ വർധിപ്പിക്കുകയല്ല, നികുതി ചോർച്ച തടയുകയും അനാവശ്യ ആർഭാട‑ധൂർത്തുകൾ ഒഴിവാക്കി ചെലവുകൾ നിയന്ത്രിക്കുകയുമാണു വേണ്ടത്. നടപ്പാക്കി രണ്ടു വർഷത്തിലധികം പിന്നിട്ടിട്ടും ജി. എസ്. ടി നിരക്കുകളിൽ വ്യക്തത വരുത്താൻ കഴിഞ്ഞിട്ടില്ല.

അടിക്കടിയുള്ള നിരക്ക്-നിയമ മാറ്റങ്ങൾ നികുതിദായകരിലും ഉപഭോക്താക്കളിലും ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. കേരളത്തിൽ ജി. എസ്. ടി ആർ‑3 ബി നടപ്പു വർഷം ഒക്ടോബർ വരെ സങ്കീർണതകാരണം 26940 പേർ റിട്ടേൺ സമർപ്പിച്ചിട്ടില്ല. 5359 പേർ ഈ കാലയളവിൽ കച്ചവടം അവസാനിപ്പിച്ചു. ഇടത്തര‑ചെറുകിട വ്യാപാരസ്ഥാപനങ്ങൾ ഒന്നൊന്നായി പൂട്ടിക്കൊണ്ടിരിക്കുന്നു. ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്ന സംസ്ഥാനമായ കേരളത്തിൽ ഭീമമായ വിലക്കയറ്റംമൂലം നിർമാണമേഖല സ്തംഭനത്തിലും മുൻകാല പ്രാബല്യത്തോടെയുള്ള കെട്ടിട നികുതി വർധന ഉടമകളെയും കൈവശക്കാരെയും ഒരുപോലെ പ്രതിസന്ധിയിലാക്കുന്നു.

കേന്ദ്ര‑സംസ്ഥാനസർക്കാറുകൾ നികുതിയേതര വരുമാനം വർധിപ്പിക്കാനും കുടിശ്ശിക പിരിക്കാനും സർക്കാർ ഖജനാവിൽ നിന്നു ചെലവാക്കുന്ന തുക കർശനമായ ഓഡിറ്റിങ്ങിനു വിധേയമാക്കി ചെലവുകൾ ചുരുക്കാൻ തയാറാവണം. കേരളത്തിൽ നാല് വിമാനത്താവളങ്ങളിൽ നിന്നു കോടികളുടെ സ്വർണം ദിനംപ്രതി പിടിച്ചെടുക്കുന്നു. സ്വർണവും അതിന് ഈടാക്കുന്ന വൻ പിഴയും തീരുവയും പൂർണമായും കേന്ദ്രസർക്കാറിനു മാത്രമാണ് ലഭിക്കുന്നത്. അതിൽ നിന്ന് അർഹമായ വിഹിതം സംസ്ഥാനത്തിനു ലഭിക്കാൻ കേന്ദ്രസർക്കാറിൽ സമ്മർദം ചെലുത്തണം. വളരെ കൃത്യമായി കൂടിക്കൊണ്ടിരുന്ന സംസ്ഥാന ജി. എസ്. ടി ഫെസിലിറ്റേഷൻ കമ്മിറ്റി യോഗം കഴിഞ്ഞ ഫെബ്രുവരി മാസത്തിനു ശേഷം വിളിച്ചു ചേർത്തിട്ടില്ല.

ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിയിൽ അടിയന്തരമായി ഈ യോഗം വിളിച്ചു ചേർക്കണമെന്നു വിവിധ സംഘടനകളുടെ സംയുക്ത യോഗം ആവശ്യപ്പെട്ടു. ആൾ കേരള കൺസ്യൂമർ ഗുഡ്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ, ഡിസ്ട്രിക് മർച്ചന്റ്സ് അസോസിയേഷൻ, ആൾ ഇന്ത്യാ ആയുർവേദിക് സോപ്പ് മാനുഫാക്ചറേഴ്സ് ആൻർ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ, സ്മാൾ സ്കെയിൽ ബിൽഡിങ് ഓണേഴ്സ് അസോസിയേഷൻ സംയുക്തയോഗത്തിൽ എ. കെ. സി. ജി. ഡി. എ പ്രസിഡന്റും സംസ്ഥാന ജി. എസ്. ടി കൗൺസിൽ അംഗവുമായ ഷെവ. സി. ഇ. ചാക്കുണ്ണി അധ്യക്ഷത വഹിച്ചു.

നിയമോപദേഷ്ടാവും ജി. എസ്. ടി കൗൺസിൽ അംഗവും മുൻ വാണിജ്യ നികുതി ഡെപ്യൂട്ടി കമ്മീഷണറുമായ അഡ്വ. എം. കെ. അയ്യപ്പൻ ആമുഖഭാഷണം നടത്തി. ഖജാഞ്ചി സി. എം. രാധാകൃഷ്ണൻ, ഡി. എം. എ സെക്രട്ടറി കുന്നോത്ത് അബൂബക്കർ, സി. വി. ജോസി, ആൾ ഇന്ത്യാ ആയുർവേദിക് സോപ്പ് മാനുഫാക്ചറേഴ്സ് ആൻർ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ശ്രീമതി ശ്രീകലാ മോഹൻ, സെക്രട്ടറി കെ. മോഹൻ കുമാർ, സ്മാൾ സ്കെയിൽ ബിൽഡിങ് അസോസിയേഷൻ വൈസ് പ്രസിഡന്റ് പി. ഹാഷിം, സെക്രട്ടറിമാരായ കെ. സലിം, കെ. ഹമീദ്, കെ. വി. മെഹബൂബ് എന്നിവർ സംസാരിച്ചു. സെക്രട്ടറി കുന്നോത്ത് അബൂബക്കർ സ്വാഗതവും സി. സി. മനോജ് നന്ദിയും പറഞ്ഞു.