ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ ആളുകള്‍ സംഘം ചേര്‍ന്ന് സമ്മതം വാങ്ങാതെ തങ്ങളുടെ വീടുകള്‍ക്ക് കാവിനിറം പൂശിയതിനെതിരേ പരാതിയുമായി വ്യാപാരി രംഗത്ത്. ചായം പൂശിയത് തടഞ്ഞതിന് തന്നെ ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തുവെന്നും വ്യാപാരി പറയുന്നു.
ഇതേ തെരുവിലാണ് യുപി മന്ത്രി നന്ദഗോപാല്‍ നന്ദിയുടെ ഭവനവും സ്ഥിതി ചെയ്യുന്നത്. പ്രദേശത്ത് വികസനപ്രവര്‍ത്തനമാണ് തങ്ങള്‍ നടത്തുന്നതെന്നും ഈ വിവാദം അനാവശ്യമാണെന്നുമാണ് മന്ത്രിയുടെ ന്യായീകരണം.
വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും കാവി ചായം പൂശുന്നതും മതചിഹ്നങ്ങള്‍ നല്‍കുന്നതും ചില വീഡിയോകളില്‍ കാണാം. വ്യാപാരിയായ രവിഗുപ്ത തിങ്കളാഴ്ച പ്രയാഗ് രാജിലെ ബഹദൂര്‍ഗഞ്ച് പ്രദേശത്തുനിന്നാണ് ഈ വീഡിയോ എടുത്തത്. ഒരുമിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഒരു സംഘം ആളുകള്‍ വീടിന്റെ പുറംഭാഗത്ത് കാവി നിറമടിക്കുന്നത് കാണാം.
വീടിനു പരിസരത്തുണ്ടായിരുന്നയാളുകളുടെ ദേഹത്തും വന്നവര്‍ സ്പ്രേ പെയിന്റടിച്ചു. ‘എന്റെ വീടിനു പെയിന്റടിക്കണ്ട എന്ന് പറഞ്ഞതിന് എന്നെ അവര്‍ അപമാനിച്ചു. എന്റെ വീടിനും എന്റെ സമ്മതമില്ലാതെ അവര്‍ ചായം പൂശി. ഒരു പൗരനെന്ന നിലയില്‍ സ്വതന്ത്രമായി ജീവിക്കാനുള്ള എന്റെ അവകാശത്തിലാണ് അവര്‍ കൈ കടത്തിയത്’, രവി ഗുപ്ത കുറ്റപ്പെടുത്തി.
പ്രയാഗ് രാജ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മന്ത്രി നന്ദഗോപാലിന്റെ ബന്ധുവായ കേശാര്‍വാണിയാണ് കേസിലെ പ്രധാന പ്രതി.
എന്നാല്‍ ഇതില്‍ ഗൂഡാലോചന നടന്നുവെന്നാണ് മന്ത്രി ആരോപിക്കുന്നത്. ‘ഇതില്‍ കാവി നിറം മാത്രമല്ല ഉള്ളത്. പച്ചയും ചുവപ്പും ചോക്കലേറ്റ് നിറവുമെല്ലാം നിങ്ങള്‍ക്ക് കാണാം. എതിര്‍ക്കുന്നവരെല്ലാം വികസനവിരോധികളാണ്’, നന്ദഗോപാല്‍ കുറ്റപ്പെടുത്തി.
ENGLISH SUMMARY: Trader complains of saffron painting of houses without permission
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.