Web Desk

January 28, 2021, 7:20 pm

പരമ്പരാഗത വ്യവസായ മേഖല മുന്നേറ്റത്തിന്റെ പാതയിൽ: മന്ത്രി ഇ. പി. ജയരാജൻ

Janayugom Online

കഴിഞ്ഞ അഞ്ചു വർഷത്തിനിടെ സംസ്ഥാനത്തെ പരമ്പരാഗത വ്യവസായ മേഖല ശക്തമായ മുന്നേറ്റം നടത്തിയെന്ന് വ്യവസായമന്ത്രി ഇ. പി. ജയരാജൻ പറഞ്ഞു. ഖാദി ഗ്രാമ വ്യവസായ ബോർഡ് വൈക്കം ഉദയനാപുരത്ത് ആരംഭിച്ച മസ്ലിൻ ഖാദി ഉല്പാദന കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൊഴിൽ നഷ്ടവും കുറഞ്ഞ കൂലിയും നിലനിന്നിരുന്ന മേഖലയിലെ സാഹചര്യങ്ങൾ മെച്ചപ്പെടുത്തിയതിലൂടെ ധാരാളം പേർക്ക് പ്രത്യേകിച്ച് വനിതകൾക്ക് തൊഴിൽ നൽകാനായി. നവീകരണവും വൈവിധ്യവത്ക്കരണവും നടപ്പാക്കിയതിലൂടെ തൊഴിൽ സാധ്യതകൾ ഏറി. കൂടുതൽ പദ്ധതികൾ നടപ്പാക്കാനും തൊഴിൽ സംരക്ഷണം ഉറപ്പാക്കാനും നടപടികൾ സ്വീകരിച്ചു.

തൊഴിലാളികളുടെ മിനിമം കൂലി വർധിപ്പിക്കുകയും ഉത്സവബത്ത 900 രൂപയിൽ നിന്ന് 1500 രൂപയാക്കി ഉയർത്തുകയും ചെയ്തു. സർക്കാർ അധികാരത്തിലേറുന്ന സമയത്ത് ഖാദി മേഖലയിൽ തൊഴിലാളികൾക്ക് കൂലിയിനത്തിൽ ലഭിക്കാനുണ്ടായിരുന്ന കുടിശിക പൂർണമായി കൊടുത്തു തീർക്കുകയും തൊഴിലാളികളെ ഇ. എസ്. ഐ പരിധിയിൽ പ്പെടുത്തുകയും ചെയ്തു.

വെള്ളൂർ എച്ച്. എൻ. എൽ പോലെ പ്രതിസന്ധിയിലായിരുന്ന പൊതു വ്യവസായങ്ങളെയും അവിടെ തൊഴിലെടുത്തിരുന്നവരേയും സംരക്ഷിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു. എച്ച്. എൻ. എല്ലിൽ നിന്ന് ഏറ്റെടുത്ത സ്ഥലത്ത് റബർ അധിഷ്ഠിത ഉത്പന നിർമ്മാണ ഫാക്ടറി ആരംഭിക്കും. സർക്കാരിന്റെ നൂറു ദിന കർമ്മ പദ്ധതിയിലൂടെ 26000 പേർക്ക് തൊഴിൽ നൽകാൻ വ്യവസായ വകുപ്പിന് സാധിച്ചെന്നും അദ്ദേഹം പറഞ്ഞു.

മസ്ലിൻ ഖാദി തുണി നിർമ്മിക്കുന്നതിന് സ്ഥാപിച്ച തറികളുടെ ഉദ്ഘാടനം തോമസ് ചാഴികാടൻ എം. പി നിർവ്വഹിച്ചു. സി. കെ. ആശ എം. എൽ. എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

മസ്ലിൻ ഖാദി ഉല്പാദന കേന്ദ്രത്തിനായി സ്ഥലം വിട്ടുനൽകിയ പി എം. ഹരി വർമ്മയെ ചടങ്ങിൽ ആദരിച്ചു. വൈക്കം നഗരസഭ കൗൺസിലർ എൻ. അയ്യപ്പൻ, ഉദയനാപുരം ഗ്രാമ പഞ്ചായത്തംഗം കെ. എസ്. സജീവ്, ഖാദി ഗ്രാമ വ്യവസായ ബോർഡ് ഉപാധ്യക്ഷ ശോഭനാ ജോർജ്ജ്, അംഗങ്ങളായ ടി. എൽ. മാണി, ടി. വി. ബേബി, സെക്രട്ടറി ഡോ.കെ.എ രതീഷ്, ഖാദി ഡയറക്ടർ എം. സുരേഷ് ബാബു, പ്രോജക്ട് ഓഫീസർ കെ. എസ്. ഉണ്ണികൃഷ്ണൻ നായർ തുടങ്ങിയവർ സംസാരിച്ചു.

ENGLISH SUMMARY: Tra­di­tion­al indus­tri­al sec­tor on the path of progress: Min­is­ter E. P. Jayarajan

YOU MAY ALSO LIKE THIS VIDEO