Saturday
14 Dec 2019

രാത്രിയാത്രാ നിരോധനം; കാട്ടാന ലോറിയിടിച്ച് ചരിഞ്ഞ സംഭവം സംസ്ഥാനത്തിനു തിരിച്ചടിയായേക്കും

By: Web Desk | Friday 12 July 2019 6:56 PM IST


ബാവലി ചമ്പാളം വനത്തില്‍ കണ്ടെത്തിയ കാട്ടാനയുടെ ജഡം

കല്‍പറ്റ: വയനാട് വന്യജീവി സങ്കേതത്തിലെ പൊന്‍കുഴിക്കു സമീപം കാട്ടാന ചരക്കുലോറിയിടിച്ചു ചരിഞ്ഞ സംഭവം കോഴിക്കോട്-കൊല്ലേഗല്‍ ദേശീയപാത 766ലെ രാത്രിയാത്ര വിലക്കുമായി ബന്ധപ്പെട്ടു സുപ്രീം കോടതിയിലുളള  കേസില്‍ കേരളത്തിനു വിനയാകുമെന്നു വിലയത്തിരുത്തല്‍. ദേശീയപാതയില്‍ കടുവാസങ്കേതം പരിധിയില്‍ രാത്രിയാത്ര വിലക്ക് തുടരണമെന്ന നിലപാടുള്ള  കര്‍ണാടക വനം-വന്യജീവി വകുപ്പും പരിസ്ഥിതി സംഘടനകളും കേസില്‍ വാദത്തിനു ശക്തിപകരാന്‍ പൊന്‍കുഴി സംഭവം ഉപയോഗപ്പെടുത്തുമെന്നു ആശങ്കപ്പെടുന്നവര്‍ നിരവധി. ലോറിയിടിച്ചു കാട്ടാന ചരിഞ്ഞതു ചൂണ്ടിക്കാട്ടി ദേശീയപാതയില്‍ വയനാട് വന്യജീവി സങ്കേതം പരിധിയിലും രാത്രിയാത്ര നിരോധനം ഏര്‍പ്പെടുത്തണമെന്ന ആവശ്യം പരിസ്ഥിതി സംഘടനകള്‍ ഉന്നയിച്ചേക്കും. രാത്രിയാത്ര വിലക്ക് നീക്കുന്നതിനെ എതിര്‍ക്കുന്ന നിരവധി പരിസ്ഥിതി സംഘടനകളുണ്ട്. സുപ്രീം കോടതിയിലുള്ള കേസില്‍  പരിസ്ഥിതി സംഘടനകള്‍ കക്ഷിയുമാണ്.വന്യജീവികളുടെ ജീവനു ഭീഷണിയും സൈ്വരവിരാഹത്തിനു തടസവുമാകുന്നുവെന്നു വിലയിരുത്തി  2009ല്‍ അന്നത്തെ ചാമരാജ് നഗര്‍ ജില്ലാ ഡപ്യൂട്ടി കമ്മീഷണറാണ് ദേശീയപാതയില്‍ രാത്രിയാത്ര വിലക്കി  ഉത്തരവായത്.

ബന്ദിപ്പുര വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ പുറപ്പെടുവിച്ച ഉത്തരവ് 2010 മാര്‍ച്ച് 13നു കര്‍ണാടക ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവച്ചു. ഇതിനെതിരെ കേരള സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലാണ്  സുപ്രീം കോടതിയിലുളളത്. ദേശീയപാതയില്‍ വാഹനങ്ങള്‍ ഇടിച്ച്  കാട്ടാനകള്‍ ഉള്‍പ്പെടെ വന്യജീവികള്‍ ചത്തതിന്റെയും മറ്റും നിശ്ചല-ചലന ചിത്രങ്ങള്‍ സഹിതം  രേഖകള്‍ കോടതിയില്‍ ഹാജരാക്കിയാണ് കര്‍ണാടക സര്‍ക്കാര്‍ രാത്രിയാത്ര വിലക്കിനെ ന്യായീകരിക്കുന്നത്. നിരോധനത്തിനുശേഷം  ദേശീയപാതയില്‍ വാഹനങ്ങള്‍ ഇടിച്ചു കൊല്ലപ്പെടുന്ന വന്യജീവികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായതായും ചൂണ്ടിക്കാട്ടുന്നുണ്ട്.

ദേശീയപാതയിലെ രാത്രിയാത്ര വിലക്കിനു പരിഹാരമാണ് 75 കോടി രൂപ ചെലവില്‍ വികസിപ്പിച്ച ഹുന്‍സൂര്‍-ഗോണിക്കുപ്പ-കുട്ട-മാനന്തവാടി റോഡെന്ന വാദവും കര്‍ണാടക ഉയര്‍ത്തുന്നുണ്ട്.  രാത്രിയാത്ര നിരോധനം മറികടക്കുന്നതിനു കേന്ദ്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് ഹൈവേസ് മന്ത്രാലയം 500 കോടി രൂപ ചെലവ് കണക്കാക്കുന്ന മേല്‍പ്പാലം പദ്ധതി നിര്‍ദേശിച്ചിരുന്നു. പദ്ധതി ചെലവിന്റെ വിഹിതമായി കേരള സര്‍ക്കാര്‍ 250 കോടി രൂപ അനുവദിച്ചും  ഉത്തരവായി. എന്നാല്‍ പദ്ധതിക്കു കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചില്ല. ദേശീയപാതയില്‍ ബന്ദിപ്പുര വനഭാഗത്തു  രാത്രി ഒമ്പതു മുതല്‍ രാവിലെ ആറുവരെയാണ് രാത്രി യാത്ര നിരോധനം.

കേരള കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനുകളുടേതായി നാലു വീതം ബസുകള്‍ക്കു  മാത്രമാണ് നിരോധന സമയത്തു സര്‍വീസ് നടത്താന്‍ അനുവാദം. ആംബുലന്‍സുകള്‍ക്കും അഗ്നി-രക്ഷാസേനയുടെ വാഹനങ്ങള്‍ക്കും നിരോധനം  ബാധകമല്ല. ടൂറിസ്റ്റ് ബസുകളും ചരക്കുലോറികളും അടക്കം മറ്റു വാഹനങ്ങള്‍ ദേശീയപാതയില്‍ കടുവാസങ്കേതത്തിന്റെ രണ്ടതിരുകളില്‍ പിടിച്ചിടുകയാണ് കര്‍ണാടക വനപാലകര്‍ ചെയ്യുന്നത്.

Related News