ഗതാഗത തടസ്സം — കൊല്ലം പള്ളിമുക്കില്‍ ആഡിറ്റോറിയം അധികൃതര്‍ക്കെതിരെ കേസ്

Web Desk
Posted on July 15, 2018, 8:16 pm

കൊല്ലം പള്ളിമുക്കിലെ ആഡിറ്റോറിയങ്ങളില്‍ നടന്ന വിവാഹ ചടങ്ങുകളുമായി ബന്ധപ്പെട്ട് അനധികൃത പാര്‍ക്കിംഗും, ഗതാഗത തടസ്സവും ഉണ്ടാക്കിയതിന് ദേശീയപാതയോരത്തെ ആഡിറ്റോറിയം ഉടമകള്‍ക്കും, മാനേജര്‍മാര്‍ക്കുമെതിരെ ഇരവിപുരം പൊലിസ് കേസ്സ് രജിസ്റ്റര്‍ ചെയ്തു. രാവിലെ മുതല്‍ ദേശീയ പാതയില്‍ ഗതാഗത തടസ്സം ഉണ്ടാകുന്ന തരത്തില്‍ വിവാഹ ചടങ്ങുകളുമായി ബന്ധപ്പെട്ട് പള്ളിമുക്കിലെ ചില ആഡിറ്റോറിയങ്ങള്‍ക്കു മുന്നില്‍ ഗതാഗതം തടസ്സപ്പെട്ടു. തന്‍മുലം രോഗികളുമായി സഞ്ചരിച്ച ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനഗതാഗതം തടസ്സപ്പെടുകയും, ഗതാഗതം വഴതിരിച്ചുവിടേണ്ട സാഹചര്യം ഉണ്ടായതിനാലുമാണ് പൊലീസ് ഇത്തരത്തില്‍ ഒരു നടപടിയ്ക്ക് നിര്‍ബന്ധിതമായത്. മതിയായ പാര്‍ക്കിംഗ് സംവിധാനമില്ലാത്ത നഗരത്തിലെ ആഡിറ്റോറിയങ്ങളുടെ ലൈസന്‍സ് റദ്ദ്‌ചെയ്യുന്നതിലേക്കുള്ള നടപടി സ്വീകരിക്കുന്നതിനും, പുതുതായി നഗരത്തില്‍ സ്ഥാപിക്കപ്പെടുന്ന ആഡിറ്റോറിയങ്ങള്‍ക്കും, ഷോപ്പിംഗ് മാളുകള്‍ക്കും ആയതിന്റെ കപ്പാസിറ്റിക്ക് അനുസൃതമായ വാഹന പാര്‍ക്കിംഗ് സൗകര്യം ഇല്ലാത്ത പക്ഷം അനുമതി നല്‍കാതിരിക്കുന്നതിന് നടപടി സ്വീകരിക്കുവന്‍ കൊല്ലം കോര്‍പ്പറേഷനു സിറ്റി പൊലീസ് നോട്ടീസ് നല്‍കി. നഗരത്തില്‍ വിവിധയിടങ്ങളിലായി, ദേശീയ പാതയോരത്തും, സംസ്ഥാന പാതയോരത്തും, മതിയായ പാര്‍ക്കിംഗ് സൗകര്യമില്ലാതെ പൊതുഗതാഗതം തടസ്സപ്പെടുത്തിയുളള ഇത്തരം നടപടികളെ പൊലീസ് അതീവഗൗരവത്തോടെയാണ് വീക്ഷിക്കുന്നതെന്നും, ശക്തമായ നടപടികള്‍ വരും ദിവസങ്ങളില്‍ ഉണ്ടാകും എന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.