താമരശ്ശേരി ചുരത്തിൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം. ചുരം റോഡിന്റെ നവീകരണ പ്രവർത്തി നടക്കുന്നതിനാൽ അടിവാരം മുതൽ ലക്കിടിവരെയുള്ള ഭാഗങ്ങളിലാണ് നിയന്ത്രണം. ഒരു മാസത്തേക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
ചുരത്തിലെ എട്ടാം വളവിനും ഒൻപതാം വളവിനും റോ വളരെ കുറവുള്ള സ്ഥലങ്ങളിൽ സംരക്ഷണ ഭിത്തിയുടെ പുനർനിർമ്മാണവും 12 കിലോ മീറ്റർ ദൂരത്തിൽ ടാറിംങുമാണ് ചുരം നവീകരണത്തിന്റെ ഭാഗമായി നടപ്പാക്കുന്നത്. മാർച്ച് മാസം അവസാനത്തോട് കൂടി പദ്ധതി പൂർത്തിയാക്കാനാണ് കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലെ തീരുമാനം. തുടർന്നാണ് അടിവാരം മുതൽ ലക്കിടി വരെയുള്ള ഭാഗങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. ഇന്ന് മുതൽ വയനാട്ടില്‍ നിന്ന് കോഴിക്കോട്ടേക്ക് വരുന്ന വാഹനങ്ങള്‍ കൈനാട്ടിയില്‍നിന്ന് തിരിഞ്ഞ് നാലാംമൈല്‍, പക്രന്തളം ചുരം വഴിയും മലപ്പുറം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ഗുഡല്ലൂരില്‍നിന്ന് നാടുകാണി ചുരംവഴിയും പോകണം.
രാവിലെ അഞ്ച് മുതൽ 10 വരെ എല്ലാ ചരക്ക് വാഹനങ്ങൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തും. ഈ സമയത്ത് യാത്രക്കാർക്കായി കെഎസ്ആർടിസി മിനി സർവീസ് ഏർപ്പെടുത്തും. തിരക്ക് കുറവുള്ള സമയങ്ങളിൽ 15 മിനിറ്റ് ഇടവേളകളിലും തിരക്കുള്ള സമയങ്ങളിൽ 10 മിനിറ്റ് ഇടവേളകളിലുമായിരിക്കും സർവീസ്. ടാറിംങ് നടക്കുന്ന സമയത്ത് ചെറിയ വാഹനങ്ങൾ വൺവേ ആയി കടത്തിവിടുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
english summary; Traffic restriction in Thamarassery pass for one month from today
you may also like this video;