മാനന്തവാടിയില്‍ ഗതാഗത പരിഷ്‌കരണം 25 മുതല്‍

Web Desk
Posted on May 16, 2019, 2:05 pm

മാനന്തവാടിയില്‍ മെയ് 25 മുതല്‍ ഗതാഗത പരിഷ്‌കരണം നടപ്പാക്കാന്‍ ഗതാഗത ഉപദേശകസമതിയോഗം തിരുമാനിച്ചു. യോഗ തീരുമാനങ്ങള്‍ നടപ്പാക്കാത്ത സാഹചര്യം ഉണ്ടാകില്ലെന്ന് അധിതൃതര്‍ ഉറപ്പ് നല്‍കി. ഠൗണില്‍ സ്ഥാപിച്ച സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തനക്ഷമമാകുന്നതോടെ ഗതാഗതനിയമം ലംഘിക്കുന്നത് തടയാന്‍ കഴിയുമെന്ന് യോഗം വിലയിരുത്തി. അയല്‍ ജില്ലകളിലേക്കുള്ള ദീര്‍ഘദൂര ബസുകള്‍ നഗരസഭാ ബസ് സ്റ്റാന്റില്‍ നിന്ന് യാത്ര പുറപ്പെടും. കോഴിക്കോട്, കുറ്റിയാടി ഭാഗത്തേക്കുള്ള ബസുകള്‍ ഠൗണില്‍ പ്രവേശിക്കാതെ പൊലീസ് സ്‌റ്റേഷന് മുന്‍വശത്തുള്ള റോഡ് വഴി പോകണം.

ഠൗണില്‍ പ്രവേശിക്കുന്ന ബസുകള്‍ കോഴിക്കോട് റോഡിലെ ബസ് സ്‌റ്റോപ്പില്‍ മാത്രം ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യും. ബസുകള്‍ പുറപ്പെടുന്നതിന് അഞ്ച് മിനിറ്റ് മുമ്പ് മാത്രമേ ബസ് സ്റ്റാന്‍റില്‍ പ്രവേശിക്കാന്‍ അനുവദിക്കൂ. പോസ്റ്റ് ഓഫീസ് കവലയിലെ ബസ് സ്‌റ്റോപ്പ് എയിംസ് പിഎസ്സി പരിശീലന കേന്ദ്രത്തിന് സമീപത്തേക്ക് മാറ്റും. തലശ്ശേരി റോഡിലെ രണ്ടുവരി ഓട്ടോസ്റ്റാന്റ് ഒറ്റവരിയാക്കും. ബസ് സ്റ്റാന്റിന് മുമ്പിലുള്ള ഓട്ടോറിക്ഷാ സ്റ്റാന്റ് നിലവിലുള്ള ടൂറിസ്റ്റ് ടാക്‌സി സ്റ്റാന്റ് നില്‍ക്കുന്നിടത്തേക്ക് മാറ്റും. ടൂറിസ്റ്റ് ടാക്‌സി സ്റ്റാന്റ് താലൂക്ക് ഓഫീസ് പരിസരത്തേക്ക് മാറ്റും. മൈസൂരു റോഡ് വഴി കോഴിക്കോട് ഭാഗത്തേക്ക് വരുന്ന ചരക്ക് വാഹനങ്ങള്‍ ചെറ്റപ്പാലം ബൈപ്പാസ് കൊയിലേരി റോഡിലേക്ക് തിരിച്ച് വിടും. ഗാന്ധി പാര്‍ക്ക് ഭാഗത്തുനിന്ന് പ്രവേശിച്ച് ചൂട്ടക്കടവ് ഭാഗത്തേക്ക് പോകുന്ന തരത്തില്‍ ഠൗണ്‍ ഹാള്‍ റോഡ് വണ്‍വേ ആക്കും.

രാവിലെ 8.30 മുതല്‍ 10.30 വരെയും വൈകീട്ട് 3.30 മുതല്‍ 5 വരെയും ഠൗണില്‍ കയറ്റിറക്ക് അനുവദിക്കില്ല. രാത്രി പ്രവര്‍ത്തിക്കുന്ന തട്ടുകടകളുടെ സമയം രാത്രി ഒരുമണി വരെ ദീര്‍ഘിപ്പിക്കും. രാത്രി സര്‍വ്വീസ് നടത്തുന്ന ഓട്ടോറിക്ഷകള്‍ക്ക് ഗാന്ധി പാര്‍ക്കില്‍ തലശ്ശേരി റോഡില്‍ സ്റ്റാന്റ് അനുവദിക്കും. ഇവിടെ ക്യൂ സിസ്റ്റം നിര്‍ബന്ധമാക്കും. ചൂട്ടക്കടവ് റോഡിലെ ജീപ്പ് സ്റ്റാന്റ് സിഎസ്ഐ ഷോപ്പിങ് കോംപ്ലക്‌സിന് താഴെ ഭാഗത്തേക്ക് മാറ്റും. താഴെപമ്പില്‍നിന്ന് ഇന്ധനം നിറയ്ക്കുന്ന വാഹനങ്ങളെ യു ടേണ്‍ എടുക്കാന്‍ അനുവദിക്കില്ല. നഗരസഭ ചെയര്‍മാന്‍ വിആര്‍ പ്രവീജ് അധ്യക്ഷത വഹിച്ചു. സബ്ബ് കളക്ടര്‍  എന്‍ എസ് കെ ഉമേഷ്, മാനന്തവാടി സിഐപി കെ മണി, സെപ്യൂട്ടി തഹസില്‍ദാര്‍ പി യു സിതാര, അസി. ഠൗണ്‍ പ്ലാനിങ്ങ് ഓഫീസര്‍ കെ.രഞ്ജിത്ത് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

you may also like this: