Web Desk

തിരുവനന്തപുരം/കൊച്ചി

October 16, 2021, 10:43 pm

ദുരന്തമഴ: അ‍ഞ്ച് മരണം സ്ഥിരീകരിച്ചു നിരവധി പേരെ കാണാതായി

Janayugom Online

അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദത്തിന്റെ ഭാഗമായി കേരളത്തിൽ പെയ്യുന്ന ശക്തമായ മഴയിൽ ജീവനാശവും വ്യാപക നാശനഷ്ടങ്ങളും. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും തോരാതെ പെയ്യുന്ന പേമാരിയിൽ അഞ്ചുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി. ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ എന്നിവ ഉണ്ടായി. കോട്ടയം ജില്ലയിൽ മുണ്ടക്കയത്തിനടുത്ത് പ്ലാപ്പിള്ളിയിൽ ഉരുപൊട്ടലിൽ ഒരു കുടുംബത്തിലെ മൂന്നുപേരും ഇടുക്കി കാഞ്ഞാറിൽ കാർ ഒഴുക്കിൽപ്പെട്ട് രണ്ട് പേരും മരിച്ചു.

കോട്ടയം ജില്ലയിലെ കൂട്ടിക്കൽ മേഖലയിൽ പല സ്ഥലങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ 15 പേരെ കാണാതായി. പ്ലാപ്പിള്ളിയിലെ ഉരുൾപൊട്ടലിൽ വീടുകൾ തകർന്ന് നിരവധി പേരെയാണ് കാണാതായത്. ഏറെ നേരം നീണ്ടു നിന്ന തിരച്ചിലിൽ പ്ലാപ്പിള്ളി സ്വദേശികളായ സിമി(35) മകൾ, സോന (10), സിമിയുടെ അമ്മ ക്ലാരമ്മ(65) എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. പ്ലാപ്പിള്ളിയിൽ മൂന്നുവീടുകൾ പൂർണമായും ഒലിച്ചുപോയി.

 

തൊടുപുഴയ്ക്ക് സമീപം കാഞ്ഞാർ മൂന്നുങ്കവയലിൽ ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ കാർ ഒഴുക്കിൽപ്പെട്ട് രണ്ട് പേർമരിച്ചു. കൂത്താട്ടുകുളം സ്വദേശികളായ കിഴകൊമ്പ് അമ്പാടി നിഖിൽ ഉണ്ണികൃഷ്ണൻ (29), മംഗലത്തുതാഴം വട്ടിനാൽ പുത്തൻപുരയിൽ നിമ കെ വിജയൻ(31) എന്നിവരാണ് മരിച്ചത്. കൊക്കയാറിൽ ഉരുൾപൊട്ടലിനെ തുടർന്ന് മൂന്നു പേരെ കാണാതായിട്ടുണ്ട്. ഇവിടെ ഏഴോളം വീടുകൾ പൂർണമായും എട്ടോളം വീടുകൾ ഭാഗികമായും നശിച്ചിട്ടുണ്ട്.

തൃശൂർ പുത്തൂരിനടുത്ത് മാന്ദാമംഗലം മരോട്ടിചാലിൽ 19 തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഇടിമിന്നലേറ്റു. അഞ്ച് പേരുടെ നില ഗുരുതരമാണ്. ഡാമുകളിൽ ജലനിരപ്പ് ഉയർന്ന സാഹചര്യം കണക്കിലെടുത്ത് തൃശൂരിൽ ഷോളയാർ ഡാം ഒഴികെയുള്ള എല്ലാ ഡാമുകളും തുറന്നു.

 

പത്തനംതിട്ട ജില്ലയിൽ ശനിയാഴ്ച രാവിലെ മുതൽ തോരാതെ പെയ്യുന്ന മഴ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളെ വെളളത്തിലാക്കി. മണിയാർ ഡാമിന്റെ മൂന്ന് ഷട്ടറുകൾ തുറന്നു. ശബരിമലപാതയിൽ വടശ്ശേരിക്കര ചമ്പോണിന് സമീപം പമ്പയാറ്റിലെ വെള്ളം ഉയര്‍ന്ന് റോഡിലേക്ക് കയറിയതിനാൽ ഈ പാതയിലൂടെയുളള ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.

കനത്ത മഴയിൽ കൊല്ലം ജില്ലയിൽ വ്യാപക നാശനഷ്ടമുണ്ടായി. കൊല്ലം — തിരുമംഗലം ദേശീയ പാതയിൽ തെന്മല ഇടപ്പാളയത്ത് മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. തെന്മല പരപ്പാർ അണക്കെട്ടിന്റെ മൂന്നു ഷട്ടറുകൾ 80 സെന്റിമീറ്റർ ഉയർത്തി.

തിരുവനന്തപുരം ജില്ലയിൽ പൊന്മുടിയിൽ മണ്ണിടിച്ചിലുണ്ടായി. ജില്ലയിലെ നെയ്യാർ, പേപ്പാറ, അരുവിക്കര ഡാമുകൾ തുറന്നു. തീരപ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. കണ്ണമ്മൂലയില്‍ ആമയിഴഞ്ചാൻ തോട്ടിലെ ഒഴുക്കിൽപ്പെട്ട് ഒരാളെ കാണാതായി.

 

പല ജില്ലകളിലും നദികൾ കരവിഞ്ഞ് ഒഴുകുകയാണ്. പലയിടങ്ങളിലും റോഡ് ഗതാഗതം തടസപ്പെട്ടു. ഉരുൾപൊട്ടൽ ഭീഷണി തുടരുന്നതിനാൽ മലയോര മേഖലകളിലേക്കുള്ള ഗതാഗതം പൂർണമായും നിരോധിച്ചിട്ടുണ്ട്. അപ്രതീക്ഷിതമായുണ്ടായ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടായ പ്രദേശങ്ങളിൽ നിന്നും ആളുകളെ മാറ്റിപ്പാർപ്പിക്കുന്നത് രാത്രി വൈകിയും തുടരുകയാണ്. ആളുകളെ സുരക്ഷിതരായി മാറ്റിപ്പാർപ്പിക്കാൻ ആവശ്യമായ ദുരിതാശ്വാസ ക്യാമ്പുകൾ എല്ലായിടത്തും സജ്ജമായി.

മുഖ്യമന്ത്രി പിണറായി വിജയൻ, റവന്യു മന്ത്രി കെ രാജൻ എന്നിവരുടെ നേതൃത്വത്തിൽ മഴക്കെടുതി വിലയിരുത്തുന്നതിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ തുടരുകയാണ്. കോട്ടയം ജില്ലയിലെ വെള്ളപ്പൊക്കത്തെ തുടർന്നുണ്ടായ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് റവന്യുമന്ത്രി കെ രാജൻ എറണാകുളത്തു നിന്നും കോട്ടയത്തേക്കു തിരിച്ചു.

 

ദുരിതാശ്വാസ കേന്ദ്രങ്ങളിൽ പ്രത്യേക പൊലീസ് സുരക്ഷ ഏർപ്പെടുത്താനും ഡിജിപി നിർദ്ദേശം നൽകി. എൻഡിആർഎഫിന്റെ ഓരോ ടീമുകളെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ വിന്യസിച്ചു കഴിഞ്ഞു. കൂടാതെ ആർമിയുടെ രണ്ടു ടീമുകളിൽ ഒരു ടീം തിരുവനന്തപുരത്തും, മറ്റേത് കോട്ടയത്തും വിന്യസിക്കാനുള്ള നിർദ്ദേശം നൽകി. ഡിഎസ്‌സിയുടെ ഒരു ടീം കണ്ണൂരും ഒരെണ്ണം കോഴിക്കോടും വിന്യസിക്കാൻ നിർദ്ദേശം നൽകി. എയർഫോഴ്സിനും അടിയന്തരസാഹചര്യം നേരിടാൻ സജ്ജരായിരിക്കാൻ നിർദ്ദേശം നൽകി. കോട്ടയത്ത് കൂട്ടിക്കലിൽ രക്ഷാപ്രവർത്തനത്തിനായി എയർഫോഴ്സിനോട് സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. ഡാമുകളിലെ സ്ഥിതിഗതികൾ വിലയിരുത്താൻ കെഎസ്ഇബി, ഇറിഗേഷൻ വകുപ്പുകളുടെ പ്രതിനിധികളെയും നിയോഗിച്ചു.

 

അടിയന്തര സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾക്കായി പൊലീസ്, ഫയർഫോഴ്സ്, റവന്യു, കെഎസ്ഇബി, ജല വകുപ്പുകളടക്കം സർക്കാരിന്റെ മുഴുവൻ സംവിധാനങ്ങളും വിവിധ പ്രവർത്തനങ്ങളിൽ വ്യാപൃതരാണ്. റവന്യുമന്ത്രിയുടെ ഓഫീസിലും മറ്റു റവന്യൂ ഓഫീസ് കേന്ദ്രങ്ങളിലും കൺട്രോൾ റൂമുകൾ തുറന്നു. ജില്ലകളിൽ സ്പെഷ്യൽ കൺട്രോൾ റൂം ആരംഭിക്കാൻ ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകി.

അതിതീവ്ര മഴ തുടരുന്ന എല്ലാ മേഖലകളിലും രക്ഷാപ്രവർത്തനം ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സർക്കാരിന്റെ എല്ലാ സംവിധാനങ്ങളും ഇതിനായി രംഗത്തിറങ്ങും.

 

കോട്ടയം ജില്ലയടക്കം മഴക്കെടുതി രൂക്ഷമായ മേഖലകളിൽ കുടുങ്ങിപ്പോയവരെ രക്ഷിക്കാൻ സാധ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ക്യാമ്പുകൾ സജ്ജമാക്കാൻ ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. ക്യാമ്പുകളിൽ ആവശ്യത്തിന് മരുന്നുകൾ സൂക്ഷിക്കാനും വാക്സിൻ എടുക്കാത്തവരുടെയും അനുബന്ധരോഗികളുടെയും കാര്യത്തിൽ പ്രത്യേകം ജാഗ്രത കാണിക്കാനും അധികൃതർ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.

എസ്ഡിആർഎഫ് ഫണ്ട് വിനിയോഗത്തിന് ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി. ഡാമുകളുടെ ജലനിരപ്പ് നിരീക്ഷണം ശക്തമാക്കാനും മാറിപ്പോകാനുള്ളവർക്ക് മുന്നറിയിപ്പ് നൽകാനും വീഴ്ചയുണ്ടാകരുതെന്നും കർശനമായ നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി പറഞ്ഞു.

Eng­lish Sum­ma­ry: Tragedy: Five deaths con­firmed, sev­er­al missing

You may like this video also