മൊബൈൽ പോർട്ട് ചെയ്യാൻ ഇനി 15 നാൾ കാത്തിരിക്കേണ്ട- പുതിയ സംവിധാനം ഇങ്ങനെ

Web Desk
Posted on December 16, 2019, 8:25 pm

മൊബൈൽ പോർട്ട് ചെയ്യാൻ ഇനി 15 ദിവസത്തോളം കാത്തിരിക്കേണ്ട ആവശ്യമില്ല.മുന്ന് മുതൽ അഞ്ച് ദിവസത്തിനുള്ളിൽ ഇഷ്ടമുള്ള കണക്ഷനിലേക്ക് നമ്പർ പോർട്ട് ചെയ്യാം. ഇന്ന് മുതലാണ് ട്രയ് പോർട്ടബിലിറ്റിക്കായ് കൊണ്ടു വന്ന ഈ മാറ്റം നിലവിൽ വരുന്നത്. ഒരേ സർക്കിളിലുള്ള നെറ്റ് വർക്കുകളിലേക്ക് മുന്ന് ദിവസം കൊണ്ടും മറ്റ് നമ്പറിലേക്ക് പോർട്ട് ചെയ്യുന്നതിന് അഞ്ച് ദിവസവുമാണ് വേണ്ടത്. ജമ്മു കശ്മീർ, അസം വടക്ക്- കിഴക്കൻ മേഖലകൾ എന്നിവിടങ്ങളിൽ ഇത് 15 ദിവസമെടുക്കും. പുതിയ മാർഗ നിർദേശ പ്രകാരം പോസ്റ്റ് പെയ്ഡ് കണക്ഷൻ ഉപയോഗിക്കുന്നവരിൽ ബിൽ അടയ്ക്കാത്തവർക്ക് പോർട്ട് ചെയ്യാൻ കഴിയില്ല.

you may also like this video

കണക്ഷൻ എടുത്ത് 90 ദിവസം പൂർത്തിയാകാത്തവർക്കും നിയമ നടപടി നേരിടുന്ന നമ്പറുകൾക്കും പോർട്ട് ചെയ്യാൻ സാധിക്കില്ല. ഏതെങ്കിലും കാരണവശാൽ യുപിസി അപേക്ഷ റദ്ദാക്കിയാൽ അതിന്റെ കാരണം എസ്എംഎസ് വഴി അറിയിക്കുന്നതായിരിക്കും.ഓരോ തവണ പോര്‍ട്ട് ചെയ്യാനും ട്രായ് 6.46 രൂപയാണ് ഈടാക്കുക. പോര്‍ട്ട് ചെയ്യുന്ന ദിവസം രാത്രി നാല് മണിക്കൂറോളം സര്‍വീസ് തടസപ്പെടുമെന്നും ട്രായ് വ്യക്തമാക്കുന്നു.

പോര്‍ട്ട് ചെയ്ത ശേഷം റദ്ദാക്കാനും ഉപഭോക്താക്കള്‍ക്ക് അവസരമുണ്ട്. അതിനായി CANCEL എന്ന് ടൈപ്പ് ചെയ്ത് സ്‌പേസ് ഇട്ട് ശേഷം മൊബൈല്‍ നമ്പറും അടിച്ച് 1900 എന്ന നമ്പറിലേക്ക് അയച്ചാല്‍ മതി. പോര്‍ട്ടിംങിന് അപേക്ഷ നല്‍കി 24 മണിക്കൂര്‍ മാത്രമേ റദ്ദാക്കാന്‍ അവസരമുണ്ടാവുകയുള്ളു.

പോര്‍ട്ട് ചെയ്യുന്നതിങ്ങനെ

* മൊബൈല്‍ നമ്പര്‍ പോര്‍ട്ടു ചെയ്യുന്നതിന് ആദ്യം യു.പി.സി അഥവാ യൂണിക് പോര്‍ട്ടിംങ് കോഡ് ലഭിക്കണം.

* PORT എന്ന് ടൈപ്പ് ചെയ്ത ശേഷം സ്‌പേസ് ഇട്ട് പത്ത് അക്ക മൊബൈല്‍ നമ്പര്‍ 1900 എന്ന നമ്പറിലേക്ക് അയച്ചുകൊടുക്കണം.

* ശേഷം ഉപഭോക്താക്കള്‍ക്ക് UPC എസ്.എം.എസായി ലഭിക്കും. നാല് ദിവസത്തേക്കായിരിക്കും ഈ കോഡിന് കാലാവധി ഉണ്ടാവുക. അതേസമയം കശ്മീര്‍, അസം, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ ഈ കാലാവധി 15 ദിവസമായിരിക്കും.

* UPC ലഭിച്ചാല്‍ ഏത് മൊബൈല്‍ സര്‍വീസിലേക്കാണോ സന്ദേശം മാറ്റേണ്ടത് അവരുടെ കസ്റ്റമര്‍ കെയറുമായി ബന്ധപ്പെടുക.

* CAF(Customer Acqui­si­tion Form)ഉം പോര്‍ട്ടിംങ് ഫോമും പൂരിപ്പിച്ച ശേഷം KYC രേഖകള്‍ കൂടി കൈമാറിയി ആവശ്യമായ റീചാര്‍ജ്ജുകള്‍ ആരംഭിക്കാവുന്നതാണ്.

* രേഖകള്‍ സമര്‍പിച്ചാല്‍ പുതിയ സിം കാര്‍ഡ് ലഭിക്കും. വൈകാതെ പോര്‍ട്ടിംങ് അപേക്ഷ സ്വീകരിക്കപ്പെട്ടാല്‍ അതിന്റെ സന്ദേശവും ലഭിക്കും. ഈ സന്ദേശത്തില്‍ പോര്‍ട്ടിംങിന്റെ ദിവസവും സമയവും അടക്കം രേഖപ്പെടുത്തിയിരിക്കും.