പാളത്തിലിരുന്ന നാല് വിദ്യാർത്ഥികൾ ട്രെയിൻ തട്ടി മരിച്ചു

Web Desk
Posted on November 14, 2019, 2:47 pm

കോയമ്പത്തൂർ: കോയമ്പത്തൂരിൽ റെയിൽവേ ട്രാക്കിൽ ഇരിക്കുകയായിരുന്ന വിദ്യാർത്ഥികൾ ട്രെയിൻ തട്ടി മരിച്ചു. സുലൂർ റാവുത്തൽ പാലം റെയിൽവേ മേൽപ്പാലത്തിനടുത്ത് പാളത്തിലിരുന്ന വിദ്യാർത്ഥികളെ ചെന്നൈ-ആലപ്പുഴ എക്സ്പ്രസ് ട്രെയിനാണ് ഇടിച്ചുതെറിപ്പിച്ചത്. സംഭവത്തിൽ ഒരു വിദ്യാർത്ഥി പരിക്കുകളോടെ രക്ഷപ്പെട്ടു.

കൊടൈക്കനാൽ, തേനി, വിരുത നഗർ എന്നീ ജില്ലകളിൽ നിന്നുള്ളവരാണ് അപകടത്തിൽപെട്ടത്. ഡി. സിദ്ദിഖ് രാജ(22), എം. ഗൗതം(20), രാജശേഖർ(23), കറുപ്പസ്വാമി (24) എന്നിവരാണ് മരിച്ചത്. അവസാന വർഷ എഞ്ചിനിയറിങ് വിദ്യാർത്ഥിയായ എം. വിഘ്നേഷ് (22) ആണ് പരിക്കുകളോടെ രക്ഷപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഇയാൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

വിദ്യാർത്ഥികൾ പാളത്തിലിരുന്ന് മദ്യപിക്കുകയായിരുന്നുവെന്ന് സംശയിക്കുന്നതായി പോലീസ് പറയുന്നു. അപകട സ്ഥലത്തുനിന്ന് മദ്യക്കുപ്പിയും ഗ്ലാസുകളും കണ്ടെടുത്തിട്ടുണ്ട്. അപകടം നടന്നത് ശ്രദ്ധയിൽപെട്ട പ്രദേശവാസികൾ വിവരം റെയിൽവേ പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് ബോതന്നൂർ റെയിൽവേ പോലീസ് സ്ഥലത്തെത്തി നാല് മൃതദേഹങ്ങൾ കണ്ടെടുക്കുകയും ഒരാളെ പരിക്കുകളോടെ രക്ഷപ്പെടുത്തുകയും ചെയ്യുകയായിരുന്നു. മരിച്ച വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ കോയമ്പത്തൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.