കോഴിക്കോട് : വീട്ടമ്മയും അയൽക്കാരനും ട്രെയിൻ തട്ടി മരിച്ച നിലയിൽ

Web Desk
Posted on December 12, 2019, 9:50 am

കോഴിക്കോട്: വീട്ടമ്മയേയും അയൽക്കാരനെയും തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് വെസ്റ്റ്ഹില്ലിൽ എലത്തൂർ സ്വദേശികളായ അബ്ദുൽ ജബ്ബാർ, സജ്ന എന്നിവരാണ് ട്രെയിൻ തട്ടി മരിച്ചത്. ഓട്ടോ ഡ്രൈവറാണ് മരിച്ച 37 കാരനായ അബ്ദുൽ ജബ്ബാർ.

ഇദ്ദേഹത്തിൻറെ അയൽക്കാരിയാണ് വീട്ടമ്മയായ സജ്ന. ഇരുവരുടെയും മരണം ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസ്. ജബ്ബാറും സജ്നയും പ്രണയത്തിലായിരുന്നുവെന്നും ഇരുവരും ഒപ്പിട്ട ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതായും പൊലീസ് പറഞ്ഞു. മരണത്തിന് മറ്റാരും ഉത്തരവാദികൾ അല്ലെന്നും മക്കളെ നോക്കണമെന്നും കുറിപ്പിലുണ്ട്. അബ്ദുൽ ജബ്ബാർ ബന്ധുവിന് വാട്സ്ആപ്പിൽ അയച്ച ശബ്ദ സന്ദേശവും പൊലീസിന് കിട്ടിയിട്ടുണ്ട്.

അബ്ദുൽ ജബ്ബാറിന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. 35 കാരിയായ സജ്നയ്ക്ക് ഭർത്താവും രണ്ട് കുട്ടികളുണ്ട്. ഇരുവരും പ്രണയത്തിലായിരുന്നു എന്നത് സംബന്ധിച്ച് അറിവുണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്.