കാസര്‍കോട് ട്രെയിനപകടം; രണ്ട് സ്ത്രീകളും ഒരു കുട്ടിയും മരിച്ചു

Web Desk
Posted on January 31, 2018, 12:52 pm
മഞ്ചേശ്വരം: റെയില്‍വേ സ്‌റ്റേഷന്‍പരിസരത്തെ പാളം മുറിച്ചുകടക്കുന്നതിനിടയില്‍ ട്രെയിന്‍ എന്‍ജിന്‍ തട്ടി സഹോദരിമാരും മകനും മരിച്ചു. പൊസോട്ടെ അബൂബക്കര്‍ ഹാജിയുടെ മക്കളായ ആമിന(40),  ആയിശ(35), ആയിശയുടെ മകന്‍ ഷാമില്‍ (മൂന്ന്) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12ഓടെ മഞ്ചേശ്വരം ടൗണില്‍ പോയി തിരിച്ചു പോസോട്ടെ വീട്ടിലേക്ക് വരുന്നതിനിടയിലാണ് അപകടം.  ചെന്നൈ-മംഗലാപുരം മെയില്‍ കടന്നു പോയ ഉടന്‍ തന്നെ ഇവര്‍ പാളം മുറിച്ച് കടക്കുകയായിരുന്നു. അതേ സമയം മംഗലാപുരത്ത് നിന്ന് കോഴിക്കോടേക്ക്  മറ്റൊരു ട്രാക്കിലൂടെ കടന്നു വന്ന എഞ്ചിന്‍ തട്ടിയാണ് മൂന്നു പേരും മരിച്ചത്. മഞ്ചേശ്വരത്തെ കടയില്‍ പോയി സാധനങ്ങളും ആശുപത്രിയില്‍ പോയി ചികില്‍സയും നേടിയ ശേഷം വീട്ടിലേക്ക് വരുമ്പോഴാണ് ദുരന്തം. സ്ത്രീകളുടെ മൃതദേഹങ്ങള്‍ ചിന്നഭിന്നമായ നിലയിലായിരുന്നു. മംഗല്‍പാടി ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
പൊസോട്ടെ അബൂബക്കര്‍ ഹാജി-ബീഫാത്തിമ ദമ്പതികളുടെ മക്കളാണ്. കുഞ്ചത്തൂരിലെ അബ്ദുല്ലയുടെ ഭാര്യയാണ് ആയിശ. പൊസോട്ട് സ്വദേശി മൊയ്തീന്റെ ഭാര്യയാണ് ആമിന.
സഹോദരങ്ങള്‍: മൈമൂന, അബ്ദുല്ല ഹാജി, മുഹമ്മദ്.