പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ മേഖലയില്‍ ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി(ബിഎല്‍എ) റാഞ്ചിയ ട്രെയിന്‍ മോചിപ്പിക്കാന്‍ ശ്രമം തുടരുന്നു. ഇതുവരെ 190 പേരെ മോചിപ്പിച്ചതായും 27 ബിഎല്‍എ വിമതരെ വധിച്ചതായും പാക് സൈന്യം അറിയിച്ചു. ഏറ്റുമുട്ടലില്‍ 30 സുരക്ഷാ ഉദ്യോഗസ്ഥരും മരിച്ചു. പൂര്‍ണതോതിലുള്ള സൈനിക നടപടി ആരംഭിച്ചതായും മുഴുവന്‍ ബന്ദികളെയും മോചിപ്പിക്കുന്നതുവരെ തുടരുമെന്നും സൈന്യം അറിയിച്ചു. അതേസമയം ചാവേര്‍ ബോംബര്‍മാരുടെ സാന്നിധ്യം വെല്ലുവിളിയാണെന്നും സൈന്യം പറയുന്നു. ദുര്‍ഘടമായ മലനിരകളും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുന്നുണ്ട്. ഹെലികോപ്റ്ററുകളും സൈനിക നടപടിയില്‍ പങ്കെടുക്കുന്നുണ്ട്. അതേസമയം ഓപ്പറേഷനില്‍ നിന്നും സൈന്യം പിന്‍വാങ്ങിയില്ലെങ്കില്‍ 10 ബന്ദികളെ ഉടന്‍ വധിക്കുമെന്ന് വിമതര്‍ ഭീഷണി മുഴക്കി.
അതേസമയം ബിഎല്‍എയുടെ നിയന്ത്രണത്തിലുള്ള ജാഫര്‍ എക്സ‌്പ്രസില്‍ എത്ര ബന്ദികള്‍ ഇനിയുണ്ടെന്ന് വ്യക്തമല്ല. ക്വറ്റയില്‍ നിന്ന് അഞ്ഞൂറോളം യാത്രക്കാരുമായി പെഷവാറിലേക്ക് പോകുകയായിരുന്ന ട്രെയിനാണ് ആക്രമിക്കപ്പെട്ടത്. ഗുദലാറിനും പീരു കൊനേരിക്കുമിടയില്‍ എട്ടാം നമ്പര്‍ തുരങ്കത്തിലൂടെ പോകുമ്പോഴായിരുന്നു ആക്രമണം.
പാകിസ്ഥാനില്‍നിന്ന് ബലൂചിസ്ഥാന്‍ പ്രവിശ്യ സ്വതന്ത്രമാക്കാന്‍ പോരാടുന്ന സായുധസംഘടനയാണ് ബലൂച് ലിബറേഷന്‍ ആര്‍മി. പാകിസ്ഥാന്‍ സൈന്യം തടങ്കലിലാക്കിയ മുഴുവന്‍ ബിഎല്‍എ പ്രവര്‍ത്തകരെയും 48 മണിക്കൂറിനകം മോചിപ്പിക്കണമെന്നതാണ് വിമതരുടെ ആവശ്യം. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ രക്ഷപ്പെടുത്തിയ യാത്രക്കാരെ അടുത്തുള്ള പട്ടണമായ മാച്ചിലേക്ക് കൊണ്ടുപോയി. അവിടെ സ്ഥാപിച്ച താല്‍ക്കാലിക ആശുപത്രിയില്‍ പരിക്കേറ്റവര്‍ക്ക് ചികിത്സ നല്‍കി. അതിനിടെ, ട്രെയിന്‍ റാഞ്ചുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയാണ് വീഡിയോ പുറത്തു വിട്ടത്. മലനിരകള്‍ക്കിടയിലൂടെ ട്രെയിന്‍ പോകുന്നതും, ചെറു സ്‌ഫോടനവും ഇതിന് പിന്നാലെ ട്രെയിനിന്റെ മുന്‍ കോച്ചുകളില്‍ നിന്ന് കറുത്ത പുക ഉയരുന്നതും വീഡിയോയിലുണ്ട്. തുടര്‍ന്ന് നിര്‍ത്തിയിട്ട ട്രെയിനിന് സമീപത്തേക്ക് ആയുധധാരികളായ ഭീകരര്‍ എത്തുന്നതും യാത്രക്കാരെ ബന്ദികളാക്കുന്നതും വീഡിയോയില്‍ ദൃശ്യമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.