രാജ്യത്ത് ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; ഓണ്‍ലൈൻ ടിക്കറ്റ് റിസര്‍വേഷൻ ഇന്ന് നാലു മണി മുതല്‍

Web Desk

ന്യൂഡൽഹി

Posted on May 11, 2020, 11:50 am

കൊറോണ വ്യാപനത്തെ തുടർന്നുള്ള ലോക്ഡൗണിനെ തുടർന്ന് റദ്ദാക്കിയ തീവണ്ടി സർവീസുകൾ നാളെ മുതൽ ഭാഗികമായി പുനരാരംഭിക്കുന്നു. ഇന്ന് വൈകിട്ട് നാല് മുതൽ ടിക്കറ്റ് റിസർവേഷൻ ആരംഭിക്കും. ആദ്യഘട്ടത്തിൽ ന്യൂഡൽഹിയിൽ നിന്നും 15 നഗരങ്ങളിലേയ്ക്കും തിരിച്ചുമാണ് തീവണ്ടി സർവീസ് നടത്തുന്നത്. തിരുവനന്തപുരം, ദിബ്രുഗഡ്, അഗർത്തല, ഹൗറ, പട്ന, ബിലാസ്പൂർ, റാഞ്ചി, ഭുവനേശ്വർ, സെക്കന്തരാബാദ്, ബംഗളൂരു, ചെന്നൈ, മഡ്ഗാവ്, മുംബൈ സെൻട്രൽ, അഹമ്മദാബാദ്, ജമ്മു താവി എന്നിവിടങ്ങളിലേയ്ക്കാണ് ന്യൂഡൽഹിയിൽ നിന്നും സർവീസ് നടത്തുന്നത്.

ഓൺലൈൻ വഴി മാത്രമേ ഈ തീവണ്ടി സർവീസുകൾക്ക് ബുക്കിംഗ് ഉണ്ടാകൂ എന്നും റെയിൽവേ അറിയിച്ചു. സ്റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകൾ ഒരു കാരണവശാലും തുറക്കില്ല. ടിക്കറ്റെടുക്കാൻ ആരും സ്റ്റേഷനുകളിൽ വരരുതെന്നും റെയിൽവേ അറിയിച്ചിട്ടുണ്ട്. പ്ലാറ്റ്ഫോം ടിക്കറ്റുകളും അനുവദിക്കില്ല. ടിക്കറ്റുള്ള യാത്രക്കാരെ മാത്രമേ പ്ലാറ്റ്ഫോമുകളിലേയ്ക്ക് പ്രവേശിപ്പിക്കുകയൂള്ളൂ. യാത്രക്കാർ മുഖാവരണം ( മാസ്ക്) നിർബന്ധമായും ധരിച്ചിരിക്കണം. പരിശോധനകളിൽ രോഗലക്ഷണങ്ങൾ ഇല്ലെന്ന് ഉറപ്പാക്കിയ ശേഷം മാത്രേമേ യാത്ര അനുവദിക്കുയുള്ളു.

മെയ് 12 ന് ശേഷം കൂടുതൽ സ്ഥലങ്ങളിലേയ്ക്ക് സർവീസ് ആരംഭിക്കും. കോച്ചുകളുടെ ലഭ്യതയ്ക്ക് അനുസരിച്ചാകും സർവീസുകൾ ആരംഭിക്കുന്നത്. നിലവിൽ 20,000 കോച്ചുകൾ കോവിഡ് കെയർ സെന്ററുകളായി മാറ്റിയിരുന്നു. ഇത് കൂടാതെ ഇന്നുമുതൽ കുടിയേറ്റ തൊഴിലാളികൾക്കായി 300 ശ്രമിക് പ്രത്യേക തീവണ്ടി സർവീസുകൾ നടത്തുമെന്നും റയിൽവേ മന്ത്രി പിയൂഷ് ഗോയൽ അറിയിച്ചു. ലോക്ഡൗൺ പ്രഖ്യാപനത്തിന്റെ ഭാഗമായി മാർച്ച് 25 മുതലാണ് രാജ്യത്ത് ട്രെയിൻ ഗതാഗതം നിർത്തിവച്ചത്. ലോക്ഡൗണിന് മുമ്പ് പ്രതിദിനം ഏകദേശം 12,000 ട്രെയിൻ സർവീസുകളാണ് നടത്തിയിരുന്നത്.

Eng­lish Sum­ma­ry: train ser­vices restart­ing.

You may also like this video

\