ട്രൗസര്‍ കുടഞ്ഞാല്‍ നില്‍ക്കുന്ന ട്രയിന്‍;ലോകാതിശയം കണ്ണൂരില്‍

Web Desk
Posted on July 16, 2019, 10:38 am

തലശ്ശേരി : ചെറിയ ഒരു ട്രൗസര്‍ ഉപയോഗിച്ച് കുട്ടികള്‍ ട്രയിനിന് കൊടുത്തത് വലിയ പണി. കുളികഴിഞ്ഞെത്തിയ കുട്ടികള്‍ ചുവന്ന ടൗസര്‍ കുടഞ്ഞത് അപായ സൂചനയാണെന്ന് കരുതി ലോക്കോപൈലറ്റ് ട്രെയിന്‍ നിര്‍ത്തി . കണ്ണൂര്‍ എടക്കാടാണ് സംഭവം. തിങ്കളാഴ്ച ഉച്ചക്ക് 12.15 ന് എടക്കാട് റെയില്‍വേ സ്‌റ്റേഷനിലെത്തിയ എറണാകുളം കണ്ണൂര്‍ ഇന്റര്‍സിറ്റി എക്പ്രസാണ് അപകടം സംഭവിച്ചെന്നു കരുതി അഞ്ച് മിനിറ്റിലേറെ നിര്‍ത്തിയിട്ടത്.

സ്‌റ്റേഷന് സമീപത്തുള്ള കുളത്തില്‍ കുളിക്കാനെത്തിയ കുട്ടികള്‍ പ്ലാറ്റ്‌ഫോം അവസാനിക്കുന്നിടത്തുള്ള മരപ്പൊത്തില്‍ വസ്ത്രങ്ങള്‍ സൂക്ഷിച്ചിരുന്നു . കുളി കഴിഞ്ഞെത്തിയ കുട്ടികള്‍ മരപ്പൊത്തില്‍ നിന്ന് ചുവന്ന കളറുള്ള വസ്ത്രമെടുത്ത് കുടഞ്ഞതാണ് ലോക്കോപൈലറ്റ് തെറ്റിദ്ധരിക്കാന്‍ കാരണമായത് . കുട്ടി അപായ സൂചന നല്‍കുകയാണെന്ന് കരുതി ലോക്കോപൈലറ്റ് ട്രെയിന്‍ സ്‌റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയിടുകയായിരുന്നു .

ട്രെയിന്‍ നിര്‍ത്തി പുറത്തിറങ്ങിയ ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ കുട്ടികളോട് വിവരം തിരക്കിയപ്പോഴാണ് സംഭവം അറിയുന്നത് . ഇതോടെ ട്രെയിന്‍ യാത്ര തുടരുകയായിരുന്നു. മതിയായ കാരണമില്ലാതെ ട്രെയിന്‍ നിര്‍ത്തിക്കുന്നത് ജാമ്യമില്ലാ പ്രകാരം കുറ്റകരമാണെന്ന് ഓര്‍മ്മിപ്പിച്ചെങ്കിലും കുട്ടികളെ അറസ്റ്റുചെയ്യാന്‍ എന്തായാലും നീക്കമുണ്ടായില്ല.