റയിൽവേ സ്റ്റേഷനുകളുടെ നവീകരണം മുന്‍നിര്‍ത്തി ടിക്കറ്റ് നിരക്കുകള്‍ വര്‍ധിപ്പിക്കാനൊരുങ്ങി ഇന്ത്യന്‍ റയില്‍വേ. ഇത് സംബന്ധിച്ച തീരുമാനം കേന്ദ്രത്തെ അറിയിക്കുമെന്നും അധികൃതര്‍ പറയുന്നു. നിലവില്‍ നവീകരിച്ച റയില്‍വേ സ്റ്റേഷനുകള്‍ ഉപയോഗിക്കുന്ന യാത്രക്കാരില്‍ നിന്നാണ് വര്‍ധിപ്പിച്ച നിരക്ക് ഈടാക്കാന്‍ അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. ടിക്കറ്റ് നിരക്ക് പത്തു രൂപ മുതല്‍ 35 രൂപ വരെ വര്‍ധിപ്പിക്കാനാണ് റയില്‍വേ നീക്കം.
ക്ലാസുകള്‍ അനുസരിച്ചാണ് നിരക്കില്‍ വര്ധവുണ്ടാകുക. ഫസ്റ്റ് ക്ലാസില്‍ യാത്ര ചെയ്യുന്നവര്‍ക്കാണ് ഏറ്റവും കൂടുതല്‍ നിരക്ക് വര്‍ധനയുണ്ടാകുക. പുനര്‍നവീകരണം നടത്തിയ സ്റ്റേഷനുകളില്‍ നിന്നും ഏറ്റവും കൂടുതല്‍ ആളുകള്വരുന്ന സ്റ്റേഷനുകളില്‍ നിന്നും നിരക്കുവര്‍ധന ഈടാക്കും.
രാജ്യത്താകെ 7,000 റയില്വേസ്റ്റേഷനുകളാണ് ഉള്ളത്. 700 മുതല്‍ 1,000 വരെയുള്ള റയില്‍വേ സ്റ്റേഷനുകള്‍ ഈ വിഭാഗങ്ങളില്‍പ്പെടും. ഏറ്റവും ചെറിയ നിരക്ക് വര്‍ധനയാണ് റയില്‍വേ തീരുമാനിച്ചിരിക്കുന്നതെന്നും ആളുകള്‍ക്ക് ഒരു ഭാരമാകില്ലെന്നും അധികൃതര്‍ പറയുന്നു. അതേസമയം നിരക്ക് വര്‍ധിപ്പിക്കുന്നതിനുള്ള തീരുമാനം അന്തിമമല്ലെന്നും റയില്‍വേ വക്താവ് അറിയിച്ചു. ആദ്യമായാണ് ട്രെയിന്‍ യാത്രക്കാരില്‍ നിന്ന് ഇത്തരത്തില്‍ നിരക്കുവര്‍ധന റയില്‍വേ ഏർപ്പെടുത്തുന്നത്. വിമാനത്താവളങ്ങളില്‍ ഇതിനുസമാനമായ നിരക്ക് വര്‍ധന നേരത്തെയുണ്ടായിട്ടുണ്ട്.
English summary; train ticket price
You may also like this video;