വിവിധ സംസ്ഥാനങ്ങളില്‍നിന്ന് ജന്മനാട്ടിലേക്ക് മടങ്ങുന്ന തൊഴിലാളികളുടെ ട്രെയിന്‍ ടിക്കറ്റ് നിരക്ക് സംസ്ഥാനങ്ങള്‍ വഴി ഈടാക്കാന്‍ റെയില്‍വേയുടെ നീക്കം. ജോലി നഷ്ടപ്പെട്ട് ദുരിതത്തിലായ തൊഴിലാളികളില്‍നിന്ന് ട്രെയിന്‍ കൂലി ഈടാക്കുന്നതിനെതിരെയാണ് പ്രതിഷേധം.
കോവിഡ് വ്യാപനം തടയുന്നതിനായുള്ള ലോക്ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടിയിരിക്കെ, വിവിധ സ്ഥലങ്ങളില്‍ കുടുങ്ങിയ അന്തര്‍സംസ്ഥാന തൊഴിലാളികളെ നാടുകളിലെത്തിക്കാന്‍ വെള്ളിയാഴ്ച മുതലാണ് പ്രത്യേക ട്രെയിനുകള്‍ ഏര്‍പ്പെടുത്തിയത്. ട്രെയിന്‍ കൂലിയെ കുറിച്ച് ആദ്യം ഒന്നും പറഞ്ഞിരുന്നില്ലെങ്കിലും സംസ്ഥാനങ്ങള്‍ പണം ഈടാക്കി നല്‍കണമെന്നാണ് റെയില്‍വേ ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനെതിരെ പ്രതിപക്ഷം രംഗത്തുവന്നിട്ടുണ്ട്.
പ്രാദേശിക ഗവണ്‍മെന്റ് അധികൃതര്‍ തൊഴിലാളികള്‍ക്ക് ടിക്കറ്റ് നല്‍കി പണം ഈടാക്കണമെന്നും പിന്നീട് റെയില്‍വേക്ക് കൈമാറണമെന്നും റെയില്‍വേ പുറപ്പെടുവിച്ച സര്‍ക്കുലറില്‍ പറയുന്നു. തൊഴിലാളികളുടെ യാത്രച്ചെലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കണമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ആവശ്യപ്പെടുന്നത്. വീടുകളിലേക്ക് മടങ്ങുന്ന തൊഴിലാളികളില്‍നിന്ന് പണം ഈടാക്കാനുള്ള ബി.ജെ.പി സര്‍ക്കാരിന്റെ നീക്കം ലജ്ജാകരമാണെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ട്വീറ്റ് ചെയ്തു. മുതലാളിമാരുടേയും ബിസിനസുകാരുടേയും വായ്പകള്‍ എഴുതിത്തള്ളുമ്പോഴാണ് പാവങ്ങളെ പിഴിയാനുള്ള നീക്കമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പ്രതിസന്ധി സമയങ്ങളില്‍ പണം വായ്പ നല്‍കുന്നവരാണ് പാവങ്ങളെ ചൂഷണം ചെയ്യാറുള്ളതെന്നും സര്‍ക്കാരല്ലെന്നും ഹിന്ദിയിലുള്ള ട്വീറ്റില്‍ അദ്ദേഹം പറഞ്ഞു.
ടിക്കറ്റ് തുക നല്‍കാന്‍ കുടിയേറ്റ തൊഴിലാളികളോട് ആവശ്യപ്പെടാന്‍ പാടില്ലെന്ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ പറഞ്ഞു. കേന്ദ്രത്തിനു സാധ്യമല്ലെങ്കില്‍ ജാര്‍ഖണ്ഡ് സര്‍ക്കാര്‍ വഴി നോക്കുമെന്നും തൊഴിലാളികളില്‍നിന്ന് ഈടാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.അതേസമയം കുടിയേറ്റ തെഴിലാളികള്‍ക്കായി ഏര്‍പ്പെടുത്തുന്ന ട്രെയിനുകളില്‍ അതത് സംസ്ഥാന സര്‍ക്കാരുകള്‍ നിശ്ചയിക്കുന്നവര്‍ക്ക് മാത്രമാകും യാത്രാനുമതിയെന്ന് റെയില്‍വേ വ്യക്തമാക്കി. സാധാരണക്കാരും ഇത്തരം ട്രയിനുകളില്‍ യാത്രചെയ്യാന്‍ റെയില്‍വേ സ്റ്റേഷനുകളിലേക്ക് എത്തുന്ന സാഹചര്യം കണക്കിലെടുത്താണ് റെയില്‍വേ വിശദീകരണം.
ENGLISH SUMMARY:Train ticket prices for workers; States with protests against Railways and Central Government
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.