മാര്‍ച്ചുവരെ സംസ്ഥാനത്ത് തീവണ്ടികള്‍ വൈകിയോടും

Web Desk
Posted on November 26, 2017, 11:07 am

തിരുവനന്തപുരം: മാര്‍ച്ചുവരെ സംസ്ഥാനത്ത് തീവണ്ടികള്‍ വൈകിയോടും. സുരക്ഷയ്ക്ക് പരിഗണന നല്‍കി പാളങ്ങളുടെ കേടുപാടുകള്‍ പൂര്‍ണമായി തീര്‍ക്കുന്നതിന്‍റെ ഭാഗമായാണിത്. ഷൊര്‍ണൂര്‍-എറണാകുളം, കായംകുളം-തിരുവനന്തപുരം ഭാഗത്താണ് പ്രധാന ജോലികളുള്ളത്. കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടും ഏഴുമാസത്തിനിടെ മാറ്റാന്‍ കഴിഞ്ഞത് 40 കിലോമീറ്റര്‍ പാളമാണ്. 150 കിലോമീറ്റര്‍ പാളംകൂടി മാറ്റേണ്ടതുണ്ട്.

പാളങ്ങള്‍ക്ക് പുറമേ സിഗ്നല്‍ സംവിധാനങ്ങളുടെ അറ്റകുറ്റപ്പണികളും ഇപ്പോള്‍ നടക്കുന്നുണ്ട്. സിഗ്നല്‍ കേബിളുകളുടെ പരിശോധനയും നടക്കുന്നുണ്ട്. ഡിസംബര്‍ മുതല്‍ മേയ് വരെയാണ് സംസ്ഥാനത്ത് പാളങ്ങളുടെ അറ്റകുറ്റപ്പണിക്ക് അനുയോജ്യമായ കാലാവസ്ഥയുള്ളത്. എന്നാല്‍, ശബരിമല, ക്രിസ്തുമസ്, പുതുവര്‍ഷ പ്രത്യേക തീവണ്ടികള്‍ കാരണം ജനുവരി 10 വരെ അറ്റകുറ്റപ്പണിക്ക് സമയം അനുവദിക്കാറില്ല

തീവണ്ടികള്‍ക്കിടയില്‍ നിശ്ചിതസമയം പാളങ്ങളുടെ അറ്റകുറ്റപ്പണിക്കുവേണ്ടി മാറ്റിവയ്ക്കാറുണ്ട്. ഇത്തരം ഇടവേളകള്‍ സംസ്ഥാനത്ത് പൂര്‍ണമായും ഇല്ലാതായി. പുതിയ വണ്ടികള്‍ അനുവദിച്ചപ്പോള്‍ ഈസമയമാണ് അപഹരിക്കപ്പെട്ടത്. വാര്‍ഷിക അറ്റകുറ്റപ്പണി ഇതോടെ മുടങ്ങുകയായിരുന്നു.