ഇത് തള്ളിപ്പറഞ്ഞവര്‍ക്കും അവഗണിച്ചവര്‍ക്കുമെതിരെയുള്ള മധുരപ്രതികാരം: ട്രാന്‍സ് വുമണ്‍ രഞ്ജു രഞ്ജിമാര്‍

Web Desk
Posted on November 15, 2019, 12:41 pm

കൊച്ചി: ഒരിക്കല്‍ തള്ളിപ്പറഞ്ഞവര്‍ക്കും അവഗണിച്ചവര്‍ക്കുമെതിരെ കഴിവ് കൊണ്ട് മധുരപ്രതികാരം ചെയ്യുകയാണ് ട്രാന്‍സ് വുമണ്‍ രഞ്ജു രഞ്ജിമാര്‍. ഇന്ന് സിനിമലോകത്ത് അറിയപ്പെടുന്ന കേരളത്തിലെ ആദ്യത്തെ സെലിബ്രിറ്റി ആന്‍ഡ് ബ്രൈഡല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് രഞ്ജു. കാവ്യാ മാധവന്‍, തമന്ന, ഭാവന, മമ്ത, മീരനന്ദന്‍, നവ്യ നായര്‍, ശ്വേത മേനോന്‍, മീന, അനുശ്രീ, റീമ കല്ലിങ്കല്‍, മിയ തുടങ്ങിയ താരനിരയെ രഞ്ജുവിന്റെ കൈകള്‍ അണിയിച്ചൊരുക്കിയിട്ടുണ്ട്.

22ാം വയസിലാണ് രഞ്ജു ഈ രംഗത്തേക്ക് കടന്നു വരുന്നത്. 2016ല്‍ ജനപ്രിയ മേക്കപ്പ് ആർട്ടിസ്റ്റിനുള്ള അവാര്‍ഡും രഞ്ജു സ്വന്തമാക്കി. ട്രാൻസ്ജെൻഡേഴ്സിന് തൊഴില്‍ പരിശീലനം നല്‍കുവാനായി രൂപം നല്‍കിയ ദ്വയ ട്രാൻസ്ജെൻഡേഴ്സ് അക്കാഡമി രഞ്ജുവിന്റെയും കൂട്ടുകാരുടെയും ദൃഢനിശ്ചയത്തിന്റെ കൂടി ഫലമാണ്.

തൊഴിലെടുത്തു ജീവിക്കുന്നത് സമൂഹത്തിന്റെ ഭാഗമാണ്. ഭിന്നലിംഗക്കാര്‍ക്കായി ഒരുപാട് സംഘടനകള്‍ ഉണ്ടെങ്കിലും സ്വന്തം കഴിവുകളെ വളര്‍ത്താനും ഒരു തൊഴിലാക്കി മാറ്റുവാനുമുള്ള അവസരങ്ങള്‍ വളരെ കുറവാണെന്നും അങ്ങിനെയാണ് ഇത്തരമൊരു ആശയത്തിലേക്ക് എത്തിയതെന്നും രഞ്ജു പറയുന്നു. സമൂഹം ഒരിക്കലും ഞങ്ങളെ മനുഷ്യരായി കാണുന്നില്ല. ഞങ്ങളും മനുഷ്യരാണെന്ന് രഞ്ജു ചെറുപുഞ്ചിരിയോടെ പറയുന്നു.

രഞ്ജു രഞ്ജിമാര്‍, ശീതള്‍ ശ്യാം, സൂര്യ ഇഷാന്‍, ദീപ്തി കല്യാണി, അനീന, മോനിഷ, മീനു എന്നിവര്‍ ചേര്‍ന്ന് 2018 ല്‍ ആരംഭിച്ച ഈ സംഘടനയില്‍ ഇപ്പോള്‍ എഴുപതിലധികം അംഗങ്ങള്‍ ഉണ്ട്. കേരള സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തില്‍ പൂര്‍ണമായും സൗജന്യമായാണ് ബ്യൂട്ടീഷ്യന്‍ കോഴ്സ് പരിശീലിപ്പിക്കുന്നത്.