മാനം മുട്ടി ആദം

Web Desk
Posted on October 20, 2019, 11:12 am

മനു പോരുവഴി

‘ആദം ഹാരി ഒരു പ്രതീകമാണ്. പെണ്ണുടലില്‍ കുടുങ്ങിയ ആണ്‍ സ്വത്വവുമായുള്ള തന്റെ നിരന്തര സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ പുറത്തു വന്ന് ഉയരങ്ങളിലേക്ക് ഒരു കിളിവാതില്‍ തുറന്ന് പറന്നുയര്‍ന്ന ഒരു ഫീനിക്‌സ് പക്ഷി. ‘ഇന്ത്യയിലാദ്യമായി വിമാനം പറത്താനുള്ള സ്വകാര്യ ലൈന്‍സ് കരസ്ഥമാക്കിയ ട്രാന്‍സ്‌ജെന്റര്‍മെന്‍. ‘കൗമാരത്തിന്റെ അടയാളങ്ങള്‍ ശരീരത്തില്‍ ഒരു പെണ്‍ രൂപം തീര്‍ത്തപ്പോഴാണ് ആ മനസില്‍ നീ ആദമോ ഹവ്വയോ എന്ന ചോദ്യം ഉയര്‍ന്നു തുടങ്ങിയത്. സ്വന്തം വീട്ടില്‍ തന്നെ നേരിട്ട ഒറ്റപ്പെടല്‍. ആരോടും സംസാരിക്കാതെ ഒരു ഇരുട്ടുമുറിയില്‍ അടച്ചിരുന്ന ആദത്തെ ജനാലയിലൂടെ കണ്ട, വിമാനം പറപ്പിച്ചതിനു പിന്നില്‍ ആകാശത്തിനും സ്വപ്നങ്ങള്‍ക്കും അതിരുകളില്ല എന്ന സത്യം മാത്രം. തൃശ്ശൂര്‍ ജില്ലയിലെ ഒരു യാഥാസ്ഥിതിക മുസ്ലീം കുടുംബത്തിലാണ് ആദം ജനിച്ചത്. പറക്കുന്ന വസ്തുക്കളോട് കുട്ടിക്കാലത്ത് തുടങ്ങിയ ഭ്രമം വളര്‍ച്ചയുടെ ഘട്ടത്തില്‍ പൈലറ്റ് എന്ന മോഹത്തിലെത്തിച്ചു. ജീവിത വഴിയില്‍ നേരിടേണ്ടി വന്ന കൊടിയ ദാരിദ്രത്തിലും പറക്കാനുള്ള മോഹത്തെ ആദം കൂടെ കൂട്ടി. എടത്തുരുത്തി സെന്റ് ആന്റ്‌സ് സ്‌കൂളില്‍ നിന്ന് എസ് എസ് എല്‍ സി യും വലപ്പാട് ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്ന് പ്ലസ്ടു വിദ്യാഭ്യാസവും നേടി. രണ്ടു പരീക്ഷയും തൊണ്ണൂറ് ശതമാനത്തിന് മുകളില്‍ മാര്‍ക്കോടെ കടന്നു. ഹൈസ്‌കൂള്‍ വിദ്യാഭ്യാസ കാലത്താണ് തന്റെ ശരീരത്തില്‍ പ്രകടമായ മാറ്റങ്ങളെ കുറിച്ച് മനസിലാക്കി തുടങ്ങിയത്. തെറ്റായ ശരീരത്തില്‍ ജനിച്ച ഒരു ആണ്‍കുട്ടിയാണ് താനെന്ന ചിന്ത മനസിന് പ്രയാസമുണ്ടാക്കിക്കൊണ്ടിരുന്നു.

ശരീരവും മനസും പരസ്പരം യോജിക്കാതെ രണ്ട് ധ്രുവങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരുന്നുവെങ്കിലും അത് പഠനത്തെ ബാധിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ഥികളുമാണ് മാറ്റം ആദ്യം ശ്രദ്ധിച്ചു തുടങ്ങിയത്. പിന്നീട് സഹപാഠികളുടെ കളിയാക്കലുകളിലേക്ക് ഇത് വഴിമാറി. നാട്ടുകാര്‍ ആണും പെണ്ണും കെട്ടവന്‍ വിളിക്കാന്‍ തുടങ്ങിയതോടെ വീട്ടുകാര്‍ പ്രതിസന്ധിയിലായി. പ്ലസ് ടു പഠന കാലത്ത് കളിയാക്കല്‍ കൂടി. ഇതിനെയൊക്കെ അതിജീവിച്ച് പഠനം പൂര്‍ത്തിയാക്കി. പ്രാഥമിക പഠനത്തിനു ശേഷം ഏവിയേഷന്‍ മേഖല തന്നെ തുടര്‍പഠനത്തിനായി തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചു. ഇതിനുള്ള അന്വേഷണം ആരംഭിച്ചു. പഠിക്കാന്‍ വേണ്ട ഭാരിച്ച തുക കണ്ടെത്താന്‍ വീട്ടില്‍ സാഹചര്യം ഉണ്ടായിരുന്നില്ല. ഒരു ബാങ്കിനെ സമീപിച്ച് പത്ത് ലക്ഷം രൂപാ വായ്പ സംഘടിപ്പിച്ച് ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗ്ഗിലുള്ള സ്‌കെ ഹോക്ക് ഏവിയേഷന്‍ അക്കാഡമിയില്‍ ‘പ്രെവറ്റ് പൈലറ്റ് ട്രെയിനിംഗ് കോഴ്‌സിന് ’ ചേര്‍ന്നു. ആറ് മാസത്തെ കോഴ്‌സിനാണ് ചേര്‍ന്നതെങ്കിലും കൃത്യമായ സമയങ്ങളില്‍. ഹോസ്റ്റല്‍ ഫീസും ട്യൂഷന്‍ ഫീസും അടക്കാന്‍ കഴിയാത്തതിനാല്‍ പഠനം മിക്കപ്പോഴും മുടങ്ങി, ഹോസ്റ്റലില്‍ നിന്നും പുറത്തായി. വര്‍ഷങ്ങളായി ഹൃദയത്തില്‍ ചേക്കേറിയ പറക്കാനുള്ള ആഗ്രഹം പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ കഴിയാത്തതിനാല്‍ എന്തെങ്കിലും ജോലി കണ്ടെത്തി പഠനം തുടരാന്‍ തീരുമാനിച്ചു. കറുത്ത വര്‍ഗ്ഗക്കാര്‍ ഏറ്റവും അധികം തിങ്ങിപ്പാര്‍ക്കുന്ന ‘കോസ്‌മോ’ എന്ന തെരുവില്‍ കുറഞ്ഞ വരുമാനത്തില്‍ ജീവിക്കാമെന്ന് മനസിലാക്കി അവിടെയെത്തി. ദരിദ്രര്‍ താമസിക്കുന്ന ചേരിയായിരുന്നു കോസ്‌മോ. പേരിന് നാലു ചുവരുകളുള്ള ഒരു മുറിയില്‍ ദിവസങ്ങളോളം തള്ളി നീക്കി ജോലി കണ്ടെത്തി. പിടിച്ചു പറിക്കുന്നവരുടെ കേന്ദ്രമായിരുന്നു അത്. കത്തിമുനയില്‍ നിന്ന് ഓടി രക്ഷപെട്ട ഒട്ടേറെ ദിവസങ്ങള്‍ ഉണ്ടായിട്ടുണ്ട്. കത്തി കഴുത്തില്‍ വെച്ച് ശരീരത്തില്‍ പരതി പണം കിട്ടാത്ത നിരാശയില്‍ കയ്യേറ്റം ചെയ്ത് അവര്‍ മടങ്ങുമ്പോള്‍ ജീവന്‍ തിരിച്ചു കിട്ടിയ ആശ്വാസത്തില്‍ നെടുവീര്‍പ്പിടുമായിരുന്നു.

ഹോട്ടലുകളിലും റെസ്റ്റോറ്റന്റുകളിലും ക്ലീനിംഗ് അടക്കമുള്ള ജോലികള്‍ ചെയ്താണ് അത്യാവശ്യം പണം കണ്ടെത്തിയിരുന്നത്. ദരിദ്ര രാഷ്ട്രമായതിനാല്‍ ജോലിയ്ക്ക് അനുസരിച്ചുള്ള കൂലിയൊന്നും ലഭിച്ചില്ല. എട്ടു മണിക്കൂര്‍ വരെ ജോലി ചെയ്തു. ഇങ്ങനെ ലഭിക്കുന്ന ശമ്പളം കൊണ്ട് ഒരു മണിക്കൂര്‍ പരിശീലനം കിട്ടുമായിരുന്നു. പഠനത്തിന് അവശ്യമായ പണം കണ്ടെത്താന്‍ കഴിയാത്തതിനാല്‍ കിടപ്പും പഠനവും കടകളുടേയും, സമീപത്തുള്ള ലൈബ്രറി കെട്ടിടത്തിന്റെ മുന്നിലേക്കും മാറ്റി. ഉറക്കത്തിന്റെ സമയം കുറച്ചു കൊണ്ട് ആ സമയം കൂടി പഠിക്കുന്നതിനു മാറ്റിവച്ചു. അവിടെ നിന്നും തൊണ്ണൂറ് ശതമാനം മാര്‍ക്കാടെ പ്രൈവറ്റ് പൈലറ്റ് ലൈസന്‍സ് ലഭിച്ചുനാട്ടിലെത്തി. തുടര്‍പഠനവും സ്ഥിരമായ ജോലിയും കുടുംബത്തോടൊപ്പമുള്ള സന്തോഷങ്ങളുമായിരുന്നു മനസില്‍. കൂടെ ഇന്ത്യയില്‍ പ്രൈവറ്റ് പൈലറ്റ് ലൈസന്‍സ് ലഭിക്കുന്ന ആദ്യത്തെ ട്രാന്‍സ്‌ജെന്റര്‍ വിഭാഗക്കാരനായി മാറിയതിന്റെ അഭിമാനവും.

വീട്ടിലെ സാഹചര്യങ്ങള്‍ തുടര്‍പഠനത്തിനുള്ള വഴിയടച്ചു. പഠനത്തിനായി എടുത്ത വായ്പയുടെ തിരിച്ചടവ് മുടക്കത്തിലായി. ഇതോടൊപ്പം നാട്ടുകാരുടെ ആക്ഷേപങ്ങള്‍ കൂടി വന്നതോടെ വീട്ടുകാര്‍ക്ക് ഞാനൊരു നാണക്കേടായി തീര്‍ന്നു. വീട്ടുകാരുടെ മേല്‍ ബന്ധുക്കളുടെ സമ്മര്‍ദ്ദം, ഭീഷണി ഇത് നിത്യസംഭവങ്ങളായി. പുറത്തേക്കുള്ള വഴിയടച്ച് എന്നോടൊപ്പം എന്റെ സ്വപ്നങ്ങളേയും അവര്‍ പൂട്ടിയിട്ടു. ചിലരുടെ ഉപദേശപ്രകാരം കൗണ്‍സിലിംഗ്, മാനസികനില ശരിയാക്കാനുള്ള വിവിധ ചികില്‍സകള്‍ നടത്താന്‍ വീട്ടുകാര്‍ നിര്‍ബന്ധം പിടിച്ചു. മനശാസ്ത്രജ്ഞന്റെ സഹായം തേടി. സ്ത്രീ ഹോര്‍മോണ്‍ അധികമായി കുത്തിവെയ്ക്കാനും, കിടത്തി ചികില്‍സിക്കാനുമൊക്കെയുള്ള ചികില്‍സാ രീതികള്‍ പല മാനസിക രോഗവിദഗ്ധരും നിര്‍ദ്ദേശിച്ചു. ശരീരത്തിന് ആവശ്യമുള്ളതിനേക്കാള്‍ കൂടുതല്‍ ഹോര്‍മോണുകള്‍ കുത്തിവച്ചാല്‍ ആന്തരിക അവയവങ്ങളെ ബാധിക്കുമെന്ന് തോന്നിയതിനാല്‍ അത്തരം ചികില്‍സകള്‍ വേണ്ടെന്ന് തീരുമാനിച്ചു. നാട്ടുകാരുടെ അപഹാസ്യമായ സംസാരങ്ങള്‍ വീട്ടുകാര്‍ക്ക് കൂടുതല്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നുവെന്ന തോന്നല്‍ വീട് ഉപേക്ഷിച്ച് പോകുന്ന നിലയിലേക്കെത്തിച്ചു. പത്തൊന്‍പതാമത്തെ വയസില്‍ വീടുവിട്ടിറങ്ങി. സര്‍ട്ടിഫിക്കറ്റുകളും മാതാവ് തന്ന കുറച്ച് പൈസയും, ധരിച്ചിരുന്ന വസ്ത്രവും മാത്രം. എന്തെങ്കിലും ഒരു ജോലി തരപ്പെടുത്തുകയായിരുന്നു ലക്ഷൃം. ഇതിന് എറണാകുളമാണ് നല്ലതെന്ന് തോന്നിയതിനാല്‍ അവിടെ എത്തി. റെയില്‍വേ സ്റ്റേഷനിലും, ബസ് സ്റ്റാന്‍ഡിലുമൊക്കെ രാത്രികാലം കഴിച്ചുകൂട്ടി തൊഴില്‍ അന്വേഷണം തുടര്‍ന്നു. അവിടെ വെച്ച് ട്രാന്‍സ്‌ജെന്ററുകളായ സുഹൃത്തുക്കളെ കണ്ടുമുട്ടി. അവര്‍ സീസണ്‍ കാലങ്ങളില്‍ കുടുംബശ്രീ സഹായത്തോടെ ആരംഭിക്കുന്ന ജ്യൂസ് സ്റ്റോറുകളിലും, ജ്യൂവല്‍ സ്റ്റോറുകളിലുമൊക്കെ സെയില്‍സ്മാനായി ജോലി ചെയ്തു. ഇതിനിടയില്‍ പരസ്യം കണ്ടു കൊണ്ട് നിരവധി ഏവിയേഷന്‍ അക്കാഡമികളില്‍ പാര്‍ട്ടെം ഫാക്കല്‍റ്റിയുടെ അഭിമുഖങ്ങളില്‍ പങ്കെടുത്തു. പലരും ട്രാന്‍സ്‌ജെന്റര്‍ എന്ന കാരണത്താല്‍ ഒഴിവാക്കി. ചിലര്‍ ഭാരിച്ച ജോലി ചെയ്യിപ്പിച്ച് തുച്ഛമായ വേതനം തന്ന് ഒഴിവാക്കി. ഇങ്ങനെ ജീവിതം മുന്നോട്ടു പോകുന്നതിനിടയില്‍ പ്രൈവറ്റ് പൈലറ്റ് ലൈസന്‍സുള്ള എക ട്രാന്‍സ്‌ജെന്റര്‍ എന്ന് മീഡിയാ ആദത്തെ ആഘോഷിച്ചു. തുടര്‍ന്ന് സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന ഒട്ടേറെ പേരുടെ സഹായങ്ങള്‍ ലഭിച്ചു. കുടുംബാംഗങ്ങളുടെ സ്‌നേഹവും പരിചരണവും എന്തിനേക്കാളും വലുതെന്ന തോന്നല്‍ മനസില്‍ കിടക്കുന്നതിനാല്‍ വീട്ടുകാരെ കണ്ടെത്താന്‍ പലതവണ ശ്രമം നടത്തി. താല്‍പ്പര്യം ഇല്ലെന്ന ഒറ്റവരിയില്‍ അവരുടെ എന്നോടുള്ള ബന്ധം അവസാനിപ്പിച്ച് ആരും അറിയാത്ത എതോ ദിക്കിലേക്ക് കുടുംബം പോയി മറഞ്ഞിരുന്നു. ഒറ്റക്ക് പറക്കുന്ന പക്ഷിയായി ഉയരങ്ങളില്‍ വിലസുമ്പോഴും കൂടണയുമ്പോള്‍ കാത്തിരിക്കാന്‍ സ്വന്തം വീട്ടുകാര്‍ എന്നെങ്കിലും ഉണ്ടാകുമെന്ന പ്രതീക്ഷ ഇപ്പോഴും വഴിവിളക്കായി കാത്തുസൂക്ഷിക്കുന്നു ആദം.

ജീവിതം മാറ്റി മറിച്ച ആ ഫോണ്‍ കോള്‍

മ്മനത്ത് ഒരു സ്വകാര്യ ഏവിയേഷന്‍ അക്കാഡമിയില്‍ പാര്‍ട്ടെം ഫാക്കല്‍റ്റിയായി ജോലി ചെയ്യുമ്പോള്‍ ഒരു ദിവസം രാവിലെ വന്ന ഒരു ഫോണ്‍ കോളാണ് ആദത്തിന്റെ ജീവിതത്തില്‍ മാറ്റമുണ്ടാക്കിയത്. വിളിച്ചയാള്‍ ബിസിനസ് ചെയ്യുന്ന പ്രവാസിയായ മാത്യു എന്ന് പരിചയപ്പെടുത്തി. മാധ്യമങ്ങളിലൂടെയുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ നമ്പര്‍ കണ്ടെത്തി വിളിച്ചതാണെന്ന് സംസാരത്തിലൂടെ മനസിലായി. ഏവിയേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഫാക്കല്‍റ്റിയായി ജോലിയ്ക്ക് സഹായിക്കാമെന്നുള്ള അദ്ദേഹത്തിന്റെ സഹായം വലിയ സന്തോഷം തന്നു. ട്രാന്‍സ്‌ജെന്റര്‍ വിഭാഗങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന വിവിധ ക്ഷേമ പദ്ധതികള്‍ അദ്ദേഹം ചുരുക്കം വാക്കുകളില്‍ വിവരിച്ചു തന്നപ്പോള്‍ എന്നോ അവസാനിച്ചെന്നു കരുതിയ ആഗ്രഹം വീണ്ടും മുളപൊട്ടി. സര്‍ക്കാര്‍ സംവിധാനം ഉപയോഗപ്പെടുത്തിയാല്‍ മറ്റ് എന്തെങ്കിലും ജോലി ഉറപ്പായും ലഭിക്കുമെന്നും അദ്ദേഹത്തിന്റെ വാക്കുകളിലുണ്ടായിരുന്നു.

ഈ കാര്യങ്ങളില്‍ സഹായിക്കാനും ഇടപെടുന്നതിനും സാമൂഹികക്ഷേമ വകുപ്പ് കൊല്ലം ജില്ലാ സിഡബ്‌ളൂസി അംഗമായ മീനാ ശൂരനാടിന്റെ നമ്പര്‍ നല്‍കുകയും പരിചയപ്പെടുത്തുതുകയും ചെയ്തു. ഈ വിഷയം കൈകാര്യം ചെയ്യുന്നതിന് സാമൂഹികക്ഷേമ വകുപ്പ് സെക്രട്ടറി തന്നെയാണ് നല്ലതെന്ന മാഡത്തിന്റെ ഉപദേശപ്രകാരം അദ്ദേഹത്തെ നേരില്‍ കാണാന്‍ അനുമതി വാങ്ങി. കൂടി ക്കാഴ്ചച സംഘടിപ്പിക്കുന്നനതിനും സഹായിച്ചു. അദ്ദേഹവുമായുള്ള ആദ്യ കൂടിക്കാഴ്ചയില്‍ നേരിയ പ്രതീക്ഷ മാത്രമാണ് പ്രകടിപ്പിച്ചത്. കൊമേഷ്യല്‍ പൈലറ്റ് ലൈസന്‍സ് ലഭിക്കുന്നതിനായി ഇത്തരത്തില്‍ ഫണ്ട് അനുവദിച്ച കേസ് സര്‍ക്കാരിന് മുമ്പാകെ ഉണ്ടായിട്ടില്ല. ഇത് പ്രാരംഭ ഘട്ടത്തില്‍ പ്രതിസന്ധി സൃഷ്ടിച്ചു. അപ്പോഴാണ് മുന്‍പ് പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള ഒരു കുട്ടിയ്ക്ക് ഇത്തരം ട്രെയിനിംഗിനായി അനുവദിച്ച തുകയുടെ ബാക്കി വന്ന തുക അനുവദിക്കുന്നതിനുള്ള ഒരു സര്‍ക്കാര്‍ ഉത്തരവ് ശ്രദ്ധയില്‍പ്പെട്ടത്. ഈ ഉത്തരവ് ഉപയോഗിച്ച് സാമൂഹിക നീതി വകുപ്പിന്റെ ട്രാന്‍സ്‌ജെന്റര്‍ വിഭാഗത്തിന്റെ തൊഴില്‍ നൈപുണ്യ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി തുക അനുവദിക്കുന്നതിനുള്ള ശ്രമം ആരംഭിച്ചു. പല തരത്തിലുള്ള തടസ്സങ്ങള്‍ വിവിധ ഘട്ടങ്ങളില്‍ വന്നെങ്കിലും തടസ്സങ്ങളൊക്കെ നീക്കി വകുപ്പു മന്ത്രി ഷൈലജ ടീച്ചറും ഡയറക്ടര്‍ ബിജു പ്രഭാകര്‍ ഐ എ എസും ആത്മാര്‍ഥമായി ഇടപെട്ടതോടെ സാമൂഹിക നീതി വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും 23. 34 ലക്ഷം രൂപാ അനുവദിച്ചു. മറ്റ് ആവശ്യങ്ങള്‍ക്കായി മിഷന്‍ വി കെയല്‍ പദ്ധതിയില്‍ നിന്നും ആവശ്യമുള്ള തുകയും അനുവദിക്കുന്നതിനും ഉത്തരവായി. ഇതിനു മുമ്പുതന്നെ ബിജു പ്രഭാകര്‍ അഡ്മിഷന്‍ കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു. ട്രാന്‍സ്‌ജെന്റര്‍ ആയതിനാല്‍ ചില അക്കാഡമികളില്‍ ആദ്യം തന്നെ അവസരം നിഷേധിച്ചു. ഒടുവില്‍ സര്‍ക്കാരിന്റെ തന്നെ നിയന്ത്രണത്തിലുള്ള തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ പ്രവര്‍ത്തിക്കുന്ന രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഏവിയേഷന്‍ ടെക്‌നോളജിയില്‍ മൂന്നു വര്‍ഷത്തെ കോഴ്‌സിന് അഡ്മിഷന്‍ നല്‍കാമെന്ന് അവര്‍ സമ്മതിച്ചു. സര്‍ട്ടിഫിക്കറ്റിലെ ലിംഗമാറ്റമാണ് ഇനി മറികടക്കാനുള്ള ഏറ്റവും പ്രധാനമായ കടമ്പ. ലിംഗ മാറ്റം എസ് എസ് എല്‍ സി, പ്ലസ് ടു സര്‍ട്ടിഫിക്കറ്റുകളിലെ പ്രയാസമില്ലാതെ മാറ്റാന്‍ കഴിയുമെങ്കിലും കൈവശമുള്ള പ്രൈവറ്റ് പൈലറ്റ് ലൈസന്‍സില്‍ എങ്ങനെ മാറ്റം വരുത്താന്‍ കഴിയും എന്ന ആശങ്ക നിലനില്‍ക്കുന്നു. പഠനം പൂര്‍ത്തീകരിച്ചാല്‍ ജോലി നല്‍കാമെന്ന് പല എയര്‍ലൈന്‍ കമ്പനികളും അറിയിച്ചിട്ടുണ്ട്. പലരും ട്രാന്‍സ്‌ജെന്റര്‍ വിഭാഗത്തെ അംഗീകരിക്കുന്നതിന്റെ ഉദാഹരണമായി ആദം ഇത് ചൂണ്ടി കാണിക്കുന്നു സ്വന്തം വ്യക്തിത്വം തുറന്നു പറയുമ്പോള്‍ ട്രാന്‍സ്‌ജെന്ററുകളെ സമൂഹം ഒറ്റപ്പെടുത്തുകയാണ്. മാതാപിതാക്കളുടെ പരിചരണം കിട്ടേണ്ട കാലത്ത് വീട്ടില്‍ നിന്നും പുറത്തു പോകാന്‍ പലരും നിര്‍ബന്ധിതരാകുന്നു. പഠനം, ഭക്ഷണം, താമസ സൗകര്യം, ജോലി ഇവയൊക്കെ ട്രാന്‍സ്‌ജെന്റര്‍ വിഭാഗത്തിന് അപ്രാപ്യമായിരുന്നു. ഇന്ന് കേരളത്തില്‍ ഈ അവസ്ഥയ്ക്ക് വലിയ മാറ്റം ഉണ്ട്. ഒട്ടേറെ പുതിയ പദ്ധതികള്‍ സര്‍ക്കാര്‍ ഇപ്പോള്‍ അവിഷ്‌കരിച്ചിട്ടുണ്ട്. കേരളാ മോഡല്‍ നടപ്പിലാക്കാന്‍ പല സംസ്ഥാനങ്ങളും മുന്നോട്ടു വരുന്നത് സ്വാഗതാര്‍ഹമാണ്. നിരവധി പ്രതിബന്ധളെ അതിജീവിച്ചാണ് തന്റെ ലക്ഷ്യ പൂര്‍ത്തീകരണത്തിലേക്ക് ആദം എത്തുന്നത്. ലിംഗത്തിന്റെ പേരില്‍ ഇങ്ങനെ ഒറ്റപ്പെട്ട് കഷ്ടത അനുഭവിക്കുന്ന കുട്ടികള്‍ക്ക് തണലായി ശേഷിക്കുന്ന കാലം ജീവിക്കാന്‍ കാത്തിരിക്കുകയാണ് മാനംമുട്ടെ മോഹങ്ങളുമായി ആദം.