വിജയരാജമല്ലിക ഇനി  വസന്തസേനനു  സ്വന്തം

Web Desk
Posted on September 07, 2019, 6:35 pm

തൃശൂര്‍: മലയാളത്തിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്റര്‍ കവയിത്രി വിജയരാജമല്ലിക വിവാഹിതയായി. മണ്ണുത്തി സ്വദേശി ജാസ് ജാഷിമും തമ്മിലുള്ള വിവാഹം ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആസ്ഥാനമായ പരിസരകേന്ദ്രത്തിലാണ് നടന്നത്. ഫ്രീലാന്‍സ് സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറാണ് ജാസ് ജാഷിം.  കവിയും സാമൂഹ്യപ്രവര്‍ത്തകയുമായ ട്രാന്‍സ് വുമണ്‍ വിജയരാജമല്ലികയുടെ എഴുത്തുകളിലും പറച്ചിലുകളിലും സ്വപ്‌നപങ്കാളിയായ വസന്തസേനനെ പ്രേക്ഷകര്‍ കണ്ടും കേട്ടുമറിഞ്ഞതാണ്. ജീവിതത്തിന്റെ വിഷമഘട്ടങ്ങളെ തരണം ചെയ്തുകൊണ്ട് ജാസ് ജാഷിമിനൊപ്പം ജീവിക്കാന്‍ ഒരുങ്ങുന്ന കാര്യവും വിജയരാജമല്ലിക നേരത്തെ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിച്ചിരുന്നു.

2018 ആഗസ്റ്റിലാണ് ഇരുവരും കണ്ടുമുട്ടിയത്. പീന്നീട് പ്രണയത്തിലാവുകയായിരുന്നു. തന്റെ സ്വത്വത്തെ തിരിച്ചറിഞ്ഞുകൊണ്ട് ജാഷിം തന്നെ പ്രണയിക്കുകയായിരുന്നെന്നും മല്ലിക പറയുന്നു. താനാണ് വിജയരാജമല്ലികയുടെ വസന്തസേനന്‍ എന്ന് ജാസ് ജാഷിമും തന്റെ ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കിയിരുന്നു. വിവാഹച്ചടങ്ങില്‍ സി പി ഐ തൃശൂര്‍ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്, സി പി എം ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ്, മുന്‍ എംഎല്‍എ ബാബു എം പാലിശ്ശേരി, പ്രൊഫ.കാവുമ്പായി ബാലകൃഷ്ണന്‍, യുവകലാസാഹിതി സംസ്ഥാന സെക്രട്ടറി ഇ എം സതീശന്‍, പരിഷത്ത് നേതാക്കളായ പി മുരളി, സത്യന്‍, യുവകലാസാഹിതി ഭാരവാഹികളായ ലില്ലി തോമസ്, സി വി പൗലോസ്, അഡ്വ ആര്‍ കെ ആശ ഉണ്ണിത്താന്‍, രത്‌നകുമാരി, എഴുത്തുകാരി പി. ഗീത, കെ പിഎന്‍ അമൃത, നടുവം സത്യന്‍, ജലീല്‍, പു ക സ ഭാരവാഹികളായ ഡോ.എം.എന്‍.വിനയകുമാര്‍, ഡോ. ഡി ഷീല, അഡ്വ. വി ഡി പ്രേം പ്രസാദ് തുടങ്ങി നാനാതുറകളില്‍പ്പെട്ടവര്‍ സ്‌നേഹവും അഭിനന്ദനവും അര്‍പ്പിക്കാനെത്തി.
വധൂവരന്‍മാരോടൊപ്പം സി പി ഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്, സി പി എം ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ്, പ്രൊഫ.കാവുമ്പായി ബാലകൃഷ്ണന്‍, യുവകലാസാഹിതി സംസ്ഥാന സെക്രട്ടറി ഇ എം സതീശന്‍ ലില്ലി തോമസ് തുടങ്ങിയവര്‍.

you may also like this video