ബ്രിട്ടൻ പൊതുതെരഞ്ഞെടുപ്പിൽ 14 വർഷം നീണ്ടുനിന്ന കൺസർവേറ്റീവ് ഭരണത്തിന് അന്ത്യം കുറിച്ച് ലേബർ പാർട്ടി അധികാരത്തിലേക്ക് എത്തുകയാണ്. വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് ലേബർ പാർട്ടി മുന്നേറിയിരിക്കുന്നത്. കൺസർവേറ്റീവ് പാർട്ടിക്ക് വൻ തിരിച്ചടി നേരിട്ടു. പരാജയമുണ്ടാകുമെന്ന പ്രധാന അഭിപ്രായ സർവേകളെല്ലാം ശരിയാണെന്ന് തെളിയിക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലം. മുൻ പ്രധാനമന്ത്രി ലിസ് ട്രസ് ഉൾപ്പെടെ പ്രമുഖർ പരാജയപ്പെട്ടു. ലിബറൽ ഡെമോക്രാറ്റ് പാർട്ടി മൂന്നാം സ്ഥാനത്തെത്തി. ഹോൽബോൺ ആന്റ് സെന്റ് പാൻക്രാസ് സീറ്റിൽ വിജയിച്ച ലേബർ പാർട്ടിയുടെ കെയ്ര്‍ സ്റ്റാർമർ പ്രധാനമന്ത്രിയാകും. സമീപകാലത്ത് നടന്ന പ്രധാനപ്പെട്ട തെരഞ്ഞെടുപ്പുകളിൽ ഉണ്ടായതുപോലുള്ള വിധിയെഴുത്താണ് ബ്രിട്ടനിലുമുണ്ടായിരിക്കുന്നത്. ദക്ഷിണാഫ്രിക്ക, മെക്സിക്കോ, ഇന്ത്യ എന്നിവിടങ്ങളിൽ അതാതിടങ്ങളിലെ നിലവിലുള്ള ഭരണകൂടങ്ങൾക്ക് അവയുടെ ഭരണനയങ്ങളെ വിലയിരുത്തിയുള്ള താക്കീത് നൽകുവാൻ സമ്മതിദായകർ തയ്യാറായി. ദക്ഷിണാഫ്രിക്കയിൽ ഭരണത്തിന്റെ നാളുകളിൽ വരുത്തിയ വീഴ്ചകളുടെ ഫലമായി ഭരണകക്ഷിയായ ആഫ്രിക്കൻ നാഷണൽ കോൺഗ്രസിനെ ന്യൂനപക്ഷമാക്കിയപ്പോൾ നമ്മുടെ രാജ്യത്ത് ബിജെപിയെ തനിച്ച് ഭൂരിപക്ഷമില്ലാത്തവരാക്കി. രണ്ടിടങ്ങളിലും സഖ്യകക്ഷികളെ കൂട്ടിയാണ് അധികാരം നിലനിർത്തുന്നതിന് സാഹചര്യമൊരുങ്ങിയത്. അതേസമയം ജനങ്ങളുടെ ജീവൽപ്രശ്നങ്ങളെ പരിഗണിച്ച മെക്സിക്കോയിലെ ഇടതുപക്ഷ സഖ്യമായ മൊറേനയെ വീണ്ടും ഭരണമേല്പിക്കുന്ന വിധിയാണ് അവിടെയുണ്ടായത്. ബ്രിട്ടനിലുണ്ടായ വ്യത്യാസം സാധാരണ ജനങ്ങളുടെ പ്രശ്നങ്ങൾ അവഗണിക്കുകയും രൂക്ഷമാക്കുകയും ചെയ്ത നയങ്ങൾ പിന്തുടർന്നവരെ അധികാരത്തിൽ നിന്ന് പുറത്താക്കിയെന്നുള്ളതാണ്.
14 വർഷമായി കൺസർവേറ്റീവ് പാർട്ടിയാണ് ബ്രിട്ടൻ ഭരിക്കുന്നത്. പ്രധാനമന്ത്രിമാർ മാറിയെങ്കിലും നയങ്ങളിൽ ഒരുമാറ്റവും വരുത്തുവാൻ അവർ സന്നദ്ധമായില്ല. പേരു സൂചിപ്പിക്കുന്നതുപോലെ യാഥാസ്ഥിതിക നയങ്ങൾ തന്നെയാണ് അവർ പിന്തുടർന്നത്. തൊഴിലാളിവിരുദ്ധ നയങ്ങൾ, ക്ഷേമപദ്ധതികൾ വെട്ടിച്ചുരുക്കി സമൂഹത്തിലെ നല്ലൊരു വിഭാഗം ജനങ്ങളെയും പട്ടിണിയിലേക്ക് തള്ളിവിട്ടത് തുടങ്ങി കടുത്ത ഭരണവിരുദ്ധവികാരം പൊതുതെരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് പാർട്ടിയുടെ പിറകോട്ടടിക്ക് കാരണമായി. മുൻകാല ഭരണാധികാരികളുടെ കാലത്ത് സ്ഥാപിതമായിരുന്ന ശക്തമായ സാമൂഹ്യ സുരക്ഷാ ശൃംഖല ഇല്ലാതായി. തൊഴിലാളികളുടെ ആനുകൂല്യങ്ങൾ കവർന്നെടുക്കുന്നതിന് ഇടയാക്കിയെന്നു മാത്രമല്ല പണിമുടക്കുവാനുള്ള അവകാശങ്ങൾ പോലും നിയന്ത്രിച്ചു. ദേശീയ ആരോഗ്യ പരിപാലന സംവിധാനത്തെ തകർക്കുന്ന സമീപനങ്ങളുണ്ടായി. അതിന്റെ ഏറ്റവും ദുരിതപൂർണമായ ഫലം അനുഭവിക്കേണ്ടിവന്ന ഘട്ടമായിരുന്നു മഹാമാരിക്കാലം. പ്രതിരോധ കുത്തിവയ്പുകൾ എല്ലാവർക്കും ലഭ്യമാകാത്ത സ്ഥിതിയുണ്ടായി. ആരോഗ്യപരിപാലനരംഗം പാവപ്പെട്ടവർക്ക് അപ്രാപ്യമായി. ഉയർന്ന വില കാരണം ഭക്ഷ്യപ്രതിസന്ധിയും അതിന്റെ ഫലമായി പോഷകാഹാരക്കുറവും വർധിച്ചു. പോഷകാഹാരക്കുറവ് കുട്ടികളുടെ ജീവിതത്തെ വളരെ പ്രതികൂലമായി ബാധിച്ചുവെന്ന റിപ്പോർട്ടുകൾ പതിവായി. അതുപോലെത്തന്നെ കുടിയേറ്റ വിരുദ്ധ നിയമവും കുടിയേറിയെത്തിയവരെ തടങ്കൽപ്പാളയത്തിലേക്ക് അയയ്ക്കുന്ന സമീപനങ്ങളും കൺസർവേറ്റീവുകൾക്കെതിരായ വികാരം ശക്തമാക്കി. ഈ പശ്ചാത്തലമാണ് ലേബർ പാർട്ടിയുടെ വിജയത്തെ നിർണയിച്ചത്.
എന്നാൽ അതുകൊണ്ടുമാത്രം ബ്രിട്ടൻ മാറിയെന്നോ സാധാരണ ജനങ്ങൾക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ ഉണ്ടാകുമെന്നോ പ്രതീക്ഷിക്കാറായിട്ടില്ല. കാരണം, പേരിൽ വ്യത്യാസമുണ്ടെങ്കിലും കൺസർവേറ്റീവും ലേബറും തമ്മിൽ നയങ്ങളിലുണ്ടായിരുന്ന പ്രകടമായ അന്തരങ്ങൾ നേർത്തുവന്നിട്ടുണ്ട്. കൺസർവേറ്റീവുകാരെ പിന്തുണച്ച യാഥാസ്ഥിതികരായ ഒരു വിഭാഗത്തിന്റെ പിന്തുണയാർജിക്കുവാൻ ലേബറിന് സാധിച്ചത് വ്യാപാര സ്വകാര്യ മേഖലാ അനുകൂല നിലപാടുകൾ കാരണമാണ്. മാത്രവുമല്ല പ്രസിഡന്റാകുവാൻ പോകുന്ന കെയ്ര്‍ സ്റ്റാർമർ, പലസ്തീൻ വിഷയത്തിൽ അവരുമായുള്ള ഐക്യദാർഢ്യത്തെ അംഗീകരിച്ച വ്യക്തിയായിരുന്നില്ല. യാഥാസ്ഥിതിക വിഭാഗത്തിന്റെ തിരിച്ചടി ഭയന്ന്, പലസ്തീന്റെ സ്വാതന്ത്ര്യത്തെയും ഐക്യദാർഢ്യത്തെയും കുറിച്ച് സംസാരിച്ചിരുന്ന സ്ഥാനാർത്ഥികളെയും ഘടകങ്ങളെയും മാറ്റിനിർത്തിയാണ് ലേബർ പാർട്ടി തെരഞ്ഞെടുപ്പിനെ നേരിട്ടത് എന്നതും പരിഗണിക്കേണ്ടതുണ്ട്. എത്രയോ ദശകങ്ങളായി ലേബറിന് വേണ്ടി സ്വതന്ത്രനായി മത്സരിക്കുന്ന ജെറമി കോർബിനും അതിൽ ഉൾപ്പെടുന്നു. കോർബിനും കൂടെയുള്ളവരും ദേശീയ ആരോഗ്യ പദ്ധതികൾ നിലനിർത്തുമെന്നും ക്ഷേമ പദ്ധതികൾ ആവിഷ്കരിക്കുമെന്നുമാണ് ജനങ്ങളോട് പറഞ്ഞിട്ടുള്ളത്. അതുകൊണ്ടുതന്നെ സാധാരണക്കാരിൽ നിന്നും സാമൂഹ്യ പ്രവർത്തകരിൽ നിന്നുമുള്ള പിന്തുണ ലേബർ പാർട്ടിയുടെ വിജയത്തിന്റെ ഘടകമായിട്ടുമുണ്ട്. ഈ വിഷയത്തെ സ്റ്റാർമർ എങ്ങനെ കൈകാര്യം ചെയ്യുമെന്നതും ലേബർ ഭരണം നേരിടാനിടയുള്ള പ്രധാന വെല്ലുവിളിയുമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.