October 3, 2022 Monday

Related news

September 6, 2022
September 6, 2022
September 1, 2022
July 8, 2022
March 31, 2022
January 7, 2022
November 19, 2021
June 22, 2021
April 3, 2021
February 19, 2021

സുതാര്യ ഭരണനിര്‍വഹണം സവിശേഷത; നവകേരള സൃഷ്ടി ലക്ഷ്യം

സ്വന്തം ലേഖകൻ
തിരുവനന്തപുരം
May 25, 2020 9:45 pm

സുതാര്യമായ ഭരണനിർവഹണം ഇടതുമുന്നണിയുടെ സവിശേഷതയാണെന്നും നവകേരള സൃഷ്ടിയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അഞ്ചാം വര്‍ഷത്തിലേയ്ക്ക് കടക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ വിശദീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടരെയുണ്ടായ പ്രളയങ്ങളും മഹാമാരിയും വികസന രംഗത്തെ വലിയ തോതിൽ പ്രതികൂലമായി ബാധിക്കേണ്ടതാണെങ്കിലും സംസ്ഥാനത്ത് വികസന രംഗം തകർന്നില്ലെന്നത് അഭിമാനപൂർവം പറയാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. അഞ്ചുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കേണ്ടിയിരുന്ന പദ്ധതികളില്‍ ഭൂരിഭാഗവും നാലുവര്‍ഷത്തിനകം പൂര്‍ത്തിയാക്കാനായത് സർക്കാരിന്റെ നേട്ടമാണ്. കഴിഞ്ഞ നാലുവര്‍ഷവും വികസന ലക്ഷ്യങ്ങള്‍ക്കൊപ്പം ദുരന്തനിവാരണമെന്ന സുപ്രധാന ചുമതലയും ഏറ്റെടുക്കേണ്ടിവന്നു. പ്രതിസന്ധികളോട് പൊരുതിയാണ് സർക്കാർ ഓരോ വര്‍ഷവും പിന്നിട്ടത്.

ഒരു ഘട്ടത്തിലും പകച്ചു നിൽക്കാതെ ലക്ഷ്യങ്ങളില്‍ നിന്ന് വഴുതി മാറാതെ കേരളം അതിജീവനത്തിന്റെ പാത തെളിച്ചു. ജനങ്ങളുടെ ഒരുമയും സാഹോദര്യവുമാണ് സംസ്ഥാനത്തിന്റെ പ്രധാന ശക്തിസ്രോതസായി മാറിയതെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ നാലാം വര്‍ഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ട് ദിവസങ്ങള്‍ക്കകം പ്രസിദ്ധീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അഞ്ചുവര്‍ഷത്തിനിടെ രണ്ടുലക്ഷം പട്ടയം നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. അതില്‍ 1.43 ലക്ഷം ഇതുവരെ നല്‍കി. കോവിഡ് പ്രതിസന്ധിയിലും 35,000 പട്ടയം കൂടി ഈ വര്‍ഷം തന്നെ നല്‍കും. ഈ സാമ്പത്തികവര്‍ഷം സംസ്ഥാനത്തിന്റെ ചെലവുകളില്‍ 15 ശതമാനം വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്. പാവപ്പെട്ടവര്‍ക്ക് സൗജന്യനിരക്കില്‍ അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്ന 1,548 കോടി രൂപയുടെ കെ-ഫോണ്‍ പദ്ധതി ഡിസംബറില്‍ പൂര്‍ത്തിയാക്കും.

വിദ്യാഭ്യാസരംഗത്തുള്ള പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ കെ-ഫോണ്‍ സൗകര്യം ഉപയോഗിക്കും. കേരളത്തിന് അനുയോജ്യമായതും വൈവിധ്യമാര്‍ന്നതുമായ സംരംഭങ്ങള്‍ തുടങ്ങാന്‍ സഹായകമായ വിധത്തില്‍ പുതിയ 14 വ്യവസായ പാര്‍ക്കുകള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തയ്യാറായി വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിയിൽ ചന്ദ്രഗിരി പുഴയ്ക്ക് കുറുകെ പൈപ്പ് സ്ഥാപിക്കുന്ന ജോലി മൂന്നാഴ്ച കൊണ്ട് പൂര്‍ത്തീകരിച്ച് ജൂണ്‍ പകുതിയോടെ കമ്മിഷന്‍ ചെയ്യും.

ഇതിനുപുറമെ കൂറ്റനാട്-വാളയാര്‍ 95 കിലോമീറ്റര്‍ നീളത്തില്‍ പൈപ്പിടലും ഓഗസ്റ്റ് 15 ന് കമ്മിഷന്‍ ചെയ്യാമെന്നാണ് ധാരണയായിട്ടുള്ളത്. പുകലൂര്‍-മടക്കത്തറ ഹൈവോള്‍ട്ടേജ് ഡയറക്ട് കറണ്ടിന്റെയും പ്രവര്‍ത്തനം അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നിര്‍മ്മാണവും പുരോഗമിക്കുകയാണ്. കൊച്ചി വാട്ടര്‍ മെട്രോ പദ്ധതിയിലെ 38 ജെട്ടികളില്‍ എട്ടെണ്ണം പണി പൂര്‍ത്തിയാവാറായി. ലോക്ഡൗണ്‍ തീരുന്ന മുറയ്ക്ക് കൊച്ചി മെട്രോ ഫേസ് ഒന്ന് അവസാന റീച്ചായ തൈകൂടം-പേട്ട റീച്ചും നാടിനു സമര്‍പ്പിക്കും. കൊച്ചി മെട്രോ നഗരപ്രാന്തപ്രദേശങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കും. കെഎസ്‌ടിപി പദ്ധതിയില്‍ 1,425.25 കോടി രൂപയുടെ പത്ത് റോഡുകളുടെ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

കാലങ്ങളായി പൂര്‍ത്തിയാകാതെ കിടന്ന ആലപ്പുഴ ബൈപ്പാസിന്റെ 98.6 ശതമാനം പണികളും പൂർത്തിയായി. രണ്ടു പാലങ്ങളില്‍ ഒന്നിന് കൂടി റയില്‍വെ അനുമതി ലഭിക്കാനുണ്ട്. അത് ലഭിച്ചാൽ രണ്ടു മാസത്തിനുള്ളില്‍ നൂറു ശതമാനം പണിയും പൂര്‍ത്തിയാക്കി ബൈപ്പാസ് നാടിനു സമര്‍പ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. യാത്രയുടെ ഘട്ടത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കാനുള്ള നടപടികള്‍ സ്വീകരിക്കും. ആവശ്യമായത്ര ടോയ്‌ലെറ്റ് സൗകര്യമൊരുക്കും. പെട്രോള്‍ ബങ്കുകളില്‍ ടോയ്‌ലെറ്റ് സൗകര്യമൊരുക്കും. യൂത്ത് ലീഡര്‍ഷിപ്പ് അക്കാദമി സ്ഥാപിക്കും. ഉന്നതവിദ്യാഭ്യാസ രംഗത്ത് പഠന സമയത്ത് പാര്‍ട്ട് ടൈം ജോലി എന്ന ആശയവും കോവിഡ് കഴിഞ്ഞാല്‍ ആലോചിക്കും.

തദ്ദേശസ്ഥാപന അതിര്‍ത്തില്‍ തൊഴില്‍ നല്‍കുക എന്നത് ഇപ്പോള്‍ തന്നെ ആരംഭിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആയിരത്തിന് അഞ്ചുപേര്‍ക്ക് തൊഴില്‍ എന്നത് ഓരോ തദ്ദേശസ്ഥാപനങ്ങളുടെ കീഴിലും നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. എല്ലാ കുടുംബങ്ങള്‍ക്കും റേഷന്‍ കാര്‍ഡ് നല്‍കാനുള്ള പദ്ധതി ഉടൻ പൂര്‍ത്തിയാക്കും. കമ്മ്യൂണിറ്റി വോളണ്ടിയര്‍ കോര്‍പ്സ് രൂപീകരണം പൂര്‍ത്തിയായിട്ടുണ്ട്. മത്സ്യരംഗത്തും വലിയ മാറ്റങ്ങള്‍ കൊണ്ടുവരും. ഓരോ വീട്ടുപറമ്പിലും മത്സ്യം വളര്‍ത്താനുള്ള പദ്ധതിയാണ് ആലോചിക്കുന്നത്. എല്ലാ റോഡുകളും ഡിസംബറോടു കൂടി മെച്ചപ്പെട്ട നിലയിലാക്കുക എന്നത് സര്‍ക്കാരിന്റെ പരിപാടിയില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്. വിഷമകരമായ സാഹചര്യങ്ങൾ നേരിടുമ്പോൾ തന്നെ സംസ്ഥാനത്തിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് ആവശ്യമായ കാര്യങ്ങൾ നിർബന്ധമായി സർക്കാർ നിർവഹിക്കുക തന്നെ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.