ഗതാഗതം വൈദ്യുതിയുഗത്തിലേക്ക്

Web Desk
Posted on August 02, 2019, 9:50 pm

ടി സുബൈര്‍

ഇക്കഴിഞ്ഞ കേരള ബജറ്റില്‍ സംസ്ഥാന വൈദ്യുതി വാഹന നയം സംബന്ധിച്ച സന്തോഷകരമായ ചില പ്രഖ്യാപനങ്ങള്‍ ഉണ്ടായി. പതിനായിരം ഓട്ടോറിക്ഷകള്‍ക്ക് സബ്‌സിഡി അനുവദിക്കാന്‍ 12 കോടി രൂപ ബജറ്റില്‍ വകയിരുത്തി. സംസ്ഥാനത്തുടനീളം ബാറ്ററി ചാര്‍ജ്ജ് ചെയ്യാനും മാറ്റികൊടുക്കാനുമുള്ള കേന്ദ്രങ്ങള്‍ തുടങ്ങാനും വൈദ്യുതി വാഹന ഉടമകള്‍ക്ക് റോഡ് ടാക്‌സില്‍ നികുതിയിളവനുവദിക്കാനും തീരുമാനിച്ചതിലൂടെ രണ്ടായിരത്തി ഇരുപത്തിരണ്ടാമാണ്ടോടെ പത്ത് ലക്ഷം വൈദ്യുതി വാഹനങ്ങള്‍ നിരത്തിലിറക്കാനുള്ള ലക്ഷ്യവും പ്രഖ്യാപിച്ചു. തുടര്‍ന്ന് തിരുവനന്തപുരം നഗരസഭ വരുംവര്‍ഷങ്ങളില്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ഓട്ടോറിക്ഷകളുടെ ലൈസന്‍സ് വൈദ്യുത റിക്ഷകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്താനും നഗരത്തിലെ പൊതുഗതാഗതസംവിധാനം വൈദ്യുത വാഹനങ്ങള്‍ ഉപയോഗപ്പെടുത്തി മാത്രമാക്കാനുമുള്ള തീരുമാനം പ്രഖ്യാപിച്ചു. പിന്നീട് ബാറ്റണ്‍ ഏറ്റെടുത്തത് കെഎസ്ആര്‍ടിസിയാണ്. കരാര്‍ അടിസ്ഥാനത്തില്‍ വൈദ്യുത ബസുകള്‍ വാടകയ്‌ക്കെടുത്ത് സര്‍വീസ് ആരംഭിക്കുവാന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ തയ്യാറായി. പമ്പയില്‍ പരീക്ഷണം വിജയിച്ചപ്പോള്‍ ദീര്‍ഘദൂര സര്‍വീസുകളില്‍ ചില കല്ലുകടി അനുഭവപ്പെട്ടെങ്കിലും വൈദ്യുത വാഹനങ്ങളിലേക്കുള്ള അനിവാര്യമായ മാറ്റത്തിന്റെ വിലയേറിയ അനുഭവമായി അത് മാറി. കഴിഞ്ഞ ദിവസം കേരള ഓട്ടോമൊബൈല്‍സിന്റെ നീംജി ഇലക്ട്രിക്ക് ഓട്ടോറിക്ഷയുടെ വ്യാവസായികാടിസ്ഥാനത്തിലുള്ള നിര്‍മ്മാണം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞത് കേരളം ഇലക്ട്രിക്ക് വാഹനങ്ങളുടെ നാടായി മാറുമെന്നാണ്. കേരള ഓട്ടോമൊബൈല്‍സ് ഓട്ടോറിക്ഷകള്‍ മാത്രമല്ല സ്വിറ്റ്‌സര്‍ലാന്‍ഡ് കമ്പനിയുമായി ചേര്‍ന്ന് ബസുകളും നിര്‍മിക്കാന്‍ തയാറാകുന്നു. കേരള സര്‍ക്കാര്‍ 2025 വര്‍ഷമാകുമ്പോഴേക്കും 6000 ഇലക്ട്രിക്കല്‍ ബസുകള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നുവെന്ന പ്രഖ്യാപനവും ഉണ്ടായിട്ടുണ്ട്. ആലപ്പുഴയില്‍ സോളാര്‍ ബോട്ടുകള്‍ ഇപ്പോള്‍തന്നെ ഉപയോഗത്തിലുണ്ട്.

ഇതോടൊപ്പം തന്നെ ദേശീയമായും നാഴികക്കല്ലുകളെന്ന് പറയുന്ന തീരുമാനങ്ങള്‍ സമീപകാലത്ത് ഉണ്ടായിട്ടുണ്ട്. ചിലയിനം പെ്രേടാള്‍/ഡീസല്‍ വാഹനങ്ങളുടെ ഉപയോഗത്തിന് സമയപരിധി നിശ്ചയിച്ചുകൊണ്ടുള്ള പ്രഖ്യാപനം, ഇലക്ട്രിക്കല്‍ വാഹനങ്ങളുടെ ഉപയോഗം വര്‍ധിപ്പിക്കാനും വലിയ തോതില്‍ ഉല്‍പാദനം ആരംഭിക്കാനുമുള്ള തീരുമാനവും അതിനായി ബാറ്ററിയും അനുബന്ധ ഉപകരണങ്ങളും നിര്‍മിക്കാനുള്ള പ്ലാന്റുകള്‍ സ്ഥാപിക്കുവാനുള്ള പ്രഖ്യാപനം എന്നിവ ഈ നീക്കങ്ങളില്‍ ചിലതാണ്. അതോടൊപ്പം ടാക്‌സ് കുറയ്ക്കാനും (അവസാനം നടന്ന ജിഎസ്ടി കൗണ്‍സില്‍ വൈദ്യുതി വാഹനങ്ങളുടെ വില്‍പ്പന നികുതി 12 ശതമാനത്തില്‍ നിന്നും അഞ്ച് ശതമാനമായി കുറച്ചു), വൈദ്യുത വാഹനവായ്പയുടെ പലിശയടവില്‍ ഒന്നര ലക്ഷം രൂപ വരെ ഇന്‍കം ടാക്‌സ് ഇളവ് നല്‍കുവാനുള്ള തീരുമാനവും വൈദ്യുതി വാഹനങ്ങള്‍ കൂടുതല്‍ സ്വീകാര്യമായേക്കാവുന്ന ഇടത്തരം വരുമാന വിഭാഗങ്ങളെ ആകര്‍ഷിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ്. ഇതോടൊപ്പം 15 വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കാനുള്ള സുപ്രീം കോടതി ഉത്തരവും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ ഓടുന്ന ഡല്‍ഹിയിലും പരിസരങ്ങളിലും ഡല്‍ഹി സര്‍ക്കാര്‍ കൊണ്ടുവന്ന കര്‍ശന നിയന്ത്രണങ്ങളും വൈദ്യുതി വാഹനങ്ങളിലേക്കുള്ള മാറ്റത്തിന് പരോക്ഷ സാഹചര്യങ്ങളായിട്ടുണ്ട്. പെ്രേടാള്‍, ഡീസല്‍ വിലയും ഇടയ്ക്കിടെ വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്ന നികുതികളും നിശ്ചിതമായും ഇന്ത്യന്‍ ജനതയെ മാറ്റി ചിന്തിപ്പിക്കാന്‍ പ്രേരണകളാണെന്നതില്‍ സംശയമില്ല.

ഇത് കൂടാതെ 1979 ല്‍ ആരംഭിച്ച ഒരു നിശബ്ദ വിപ്ലവം രാജ്യത്ത് വിജയകരമായ പരിസമാപ്തിയിലേക്ക് നീങ്ങുന്നുണ്ട്. ഇന്ത്യയിലെ പ്രധാനപ്പെട്ട റയില്‍വെ ട്രാക്കുകള്‍ കഴിഞ്ഞ വര്‍ഷം വരെയുള്ള കണക്കുകളില്‍ അന്‍പത് ശതമാനത്തിലധികം വൈദ്യുതീകരിച്ച് കഴിഞ്ഞിരിക്കുന്നു. (കേരളത്തില്‍ ഇത് ഏതാണ്ട് തൊണ്ണൂറ് ശതമാനമാണ്, കൊല്ലം-ചെങ്കോട്ട പാതയൊഴികെയുള്ളതെല്ലാം വൈദ്യുതിയിലായിട്ടുണ്ട്). ട്രെയിനുകളുടെയും ചരക്കു വണ്ടികളുടെയും കണക്ക് പരിശോധിച്ചാല്‍ രാജ്യത്ത് മൂന്നില്‍ രണ്ട് ഭാഗം ട്രെയിനുകളും ഇപ്പോള്‍ വൈദ്യുതി ഉപയോഗപ്പെടുത്തിയാണ് ഓടുന്നത്. അടുത്ത നാല് വര്‍ഷംകൊണ്ട് റെയില്‍ ഗതാഗതം പൂര്‍ണമായും വൈദ്യുതീകരിക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനായി 12,134 കോടി ചെലവഴിക്കണമെന്നാണ് വാഗ്ദാനം. വേഗത, പ്രവര്‍ത്തനശേഷി, സുരക്ഷിതത്വം എന്നിവയെല്ലാം വര്‍ധിക്കുന്നതോടെ വര്‍ഷം പ്രതി 13,510 കോടി രൂപ ചെലവില്‍ ഇതുമൂലം ലാഭമുണ്ടാവും. അതോടൊപ്പം നിലവിലെ 67,388 കിലോമീറ്റര്‍ പാതയിലൂടെ 22,550 ട്രെയിനുകള്‍ ഉപയോഗപ്പെടുത്തി ദിനം പ്രതി 2.22 കോടി യാത്രക്കാരെയും 30.4 ലക്ഷം ടണ്‍ ചരക്കുകളെയും കൈകാര്യം ചെയ്യുന്നത് പൂര്‍ണമായും വൈദ്യുതി ഉപയോഗിച്ചായിരിക്കും. സ്വഭാവികമായും ഇതൊരു ലോക റെക്കാഡായിരിക്കും. (അപ്പോഴും സ്വകാര്യവല്‍കരണം തീരുമാനം ഇല്ലാതാക്കുന്നില്ല). ഇതിന്റെയെല്ലാം ഫലമായി രാജ്യത്ത് 2030 വര്‍ഷത്തോടെ യാത്ര, ചരക്ക് ഗതാഗതം, പൂര്‍ണമായും വൈദ്യുതി ഉപയോഗിച്ചാവുമെന്ന് കരുതുന്നു. അത് സംഭവിച്ചില്ലെങ്കില്‍പോലും കാര്യങ്ങള്‍ തീരുമാന പ്രകാരം മുന്നേറിയാല്‍ 2025 വര്‍ഷത്തോടെ റയില്‍വെ പൂര്‍ണമായും ഇരുചക്ര വാഹനങ്ങള്‍, ഓട്ടോറിക്ഷ, കാര്‍, പൊതുവാഹനങ്ങള്‍ എന്നിവയില്‍ ഗണ്യമായ ഭാഗം വൈദ്യുതി ഉപയോഗിച്ചാവും പ്രവര്‍ത്തിക്കുക.
വായുമലിനീകരണം, അന്തരീക്ഷ ഊഷ്മാവിന്റെ വര്‍ധന, ശബ്ദമലിനീകരണം തുടങ്ങിയ പരിഹാരമില്ലെന്ന് അടുത്തയിടെവരെ കരുതിയ വിഷയങ്ങളില്‍ ഗണ്യമായ പരിഹാരത്തിന് ഇത് കാരണമാവും. ലോകത്തെ ഉയര്‍ന്ന തോതില്‍ മലിനീകരിക്കപ്പെട്ട അന്തരീക്ഷവും ഏറ്റവും മലിനമായ നഗരങ്ങളും സ്ഥിതി ചെയ്യുന്ന രാജ്യത്തിന് ഇത് വലിയ നേട്ടമാവും. മനുഷ്യ ജീവിതത്തിന് അനുയോജ്യമായ നിലയിലേക്ക് ക്രമേണ തിരിച്ചെത്തും. ദശലക്ഷക്കണക്കിന് മനുഷ്യരുടെ മരണത്തിന്നറുതി വരുത്തും. അല്‍പം ആലങ്കാരികമായി പറഞ്ഞാല്‍ മൊഹാലിയിലും ഡല്‍ഹിയിലും ആസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം ഇനിയും ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചേക്കും. പക്ഷെ, അതിന് കടമ്പകളേറെ കടക്കാനുണ്ടെന്ന് മാത്രം.

2018 ലെ കണക്കനുസരിച്ച് രാജ്യത്ത് ഇന്ധനമുപയോഗിച്ചോടുന്ന 21 കോടി വാഹനങ്ങളാണ് നിരത്തിലോടുന്നത്. (ഇവയുടെ 50 ശതമാനം ഏഴ് സംസ്ഥാനങ്ങളിലാണ്) പ്രതിവര്‍ഷം രണ്ടരക്കോടി വാഹനങ്ങള്‍ പുതിയതായി ഇറങ്ങുന്നുമുണ്ട്. (കാലക്രമേണ പുതിയ വാഹനങ്ങളുടെ തോത് വര്‍ധിക്കുന്നുണ്ട്) ഇവയില്‍ 79 ശതമാനം ഇരുചക്ര വാഹനങ്ങളും 14 ശതമാനം സ്വകാര്യ ആവശ്യങ്ങള്‍ക്കായുള്ള വാഹനങ്ങളും അവശേഷിക്കുന്ന ഏഴ് ശതമാനം ഓട്ടോറിക്ഷ, ബസ്, ലോറി ഉള്‍പ്പെടെ വാണിജ്യാടിസ്ഥാനത്തില്‍ ഓടുന്ന വാഹനങ്ങളുമാണ്. 2016 ല്‍ നിതി ആയോഗ്, ദേശീയ റോഡ് ഗതാഗതവും ഹൈവേയും സംബന്ധിച്ച കോര്‍പ്പറേഷന്‍ എന്നിവ തയ്യാറാക്കിയ നയരേഖ പ്രകാരം ഇവയില്‍ 30 ശതമാനം വാഹനങ്ങളെങ്കിലും 2030 ആണ്ടോടെ വൈദ്യുത വാഹനങ്ങളാകുമ്പോള്‍ അന്നത്തെ വാഹന ഉപയോഗത്തിന്റെ തോതനുസരിച്ച് 3.4 കോടി കാറുകളും 250 ലക്ഷം ബസുകളും ഉള്‍പ്പെടെ 20 കോടി വൈദ്യുത വാഹനങ്ങള്‍ ഉല്‍പ്പാദിപ്പിക്കപ്പെടേണ്ടതുണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്.

അനുദിനം നവീകരിക്കപ്പെടുന്ന സാങ്കേതികവിദ്യ, ഇലക്ട്രിക്കല്‍ വാഹനങ്ങളുടെ നിര്‍മാണത്തിനാവശ്യമായി വരുന്ന പ്രധാനഭാഗങ്ങളായ മോട്ടോര്‍, ലിതിയം ബാറ്ററി നിര്‍മ്മാണത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതി, നവീനമായ ഒരു വ്യാവസായിക മേഖലയിലേക്ക് മാറുന്നതിനാവശ്യമായ അടിസ്ഥാന വിപണന മാനേജ്‌മെന്റ് വൈദഗ്ധ്യം, നിര്‍മ്മാണത്തിനും അവയുടെ ദൈനംദിന പരിപാലനത്തിനും ആവശ്യമായ വിദഗ്ധ തൊഴിലാളികള്‍, നിലവാര നിര്‍ണ്ണയം ഉറപ്പുവരുത്തുന്നതിനുള്ള സംവിധാനങ്ങള്‍ തുടങ്ങിയവയെല്ലാം അത്യാവശ്യമാണ്. ബാറ്ററിയും മോട്ടറും നിര്‍മ്മിക്കാന്‍ വേണ്ടി മാത്രമായി ചെമ്പ്, ലിതിയം, സ്ഥിരം കാന്തിക ഘടകങ്ങള്‍ നിര്‍മ്മിക്കാനാവശ്യമായ സുലഭമല്ലാത്ത മൂലകങ്ങള്‍ എന്നിവ വലിയ അളവില്‍ ഇറക്കുമതി ചെയ്യേണ്ടിവരും. ചെമ്പ് ഇറക്കുമതിക്ക് ചൈന, ചിലി, അര്‍ജന്റീന, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളെ ആശ്രയിക്കണം. മറ്റൊരു പ്രധാനപ്പെട്ട മൂലകമായ കോബാള്‍ട്ടിന് കോംഗോ മാത്രമാണ് ഏക ആശ്രയം അതുപോലെ സ്ഥിര വൈദ്യുത കാന്തിക മൂലകങ്ങളുടെ കുത്തക ഏറെക്കുറെ ചൈനയ്ക്കാണ്. ഈ പദാര്‍ഥങ്ങള്‍ ഇറക്കുമതി ചെയ്യുമ്പോള്‍ ഇവയുടെ നിലവിലുള്ള ഇറക്കുമതി തോതായ കേവലം 5000 ടണ്‍ എന്നത് 16 കോടി ടണ്ണായി വര്‍ധിക്കുമെന്നാണ് കണക്കാക്കിയിട്ടുള്ളത്! രാജ്യത്തെ ഇറക്കുമതി ചെലവ് കുതിച്ചുയരുമ്പോള്‍ വിദേശ നാണയക്കമ്മി വലിയ പ്രതിസന്ധിയായി മാറുക തന്നെ ചെയ്യും. ഇലക്ട്രിക്ക് വാഹനങ്ങളുടെ ബോഡി നിര്‍മാണത്തിന് സുരക്ഷിതവും ഘനം കുറഞ്ഞതുമായ പുതിയതരം ലോഹ/അലോഹ പാളികള്‍ വേണ്ടി വരുന്നതിനാല്‍ അലുമിനീയം ഉള്‍പ്പെടെയുള്ള ലോഹങ്ങളുടെ ആവശ്യകതയും പതിന്‍മടങ്ങ് വര്‍ധിക്കും.