കേന്ദ്രസർക്കാർ നിർദേശിച്ച മണ്ഡല പുനർനിർണയ (ഡീലിമിറ്റേഷന്‍) പ്രക്രിയയ്ക്കെതിരെ വിവിധ സംസ്ഥാനങ്ങൾ, പ്രത്യേകിച്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ യോജിച്ച് പ്രക്ഷോഭത്തിലേക്ക് നീങ്ങുകയാണ്. ഇതിന്റെ ഭാഗമായി ഒരു സംയുക്ത പ്രവർത്തകസമിതി രൂപീകരിക്കാനും ധാരണയായി. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെയും പശ്ചിമ ബംഗാൾ, ഒഡിഷ, പഞ്ചാബ് അടക്കം ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കും 29 രാഷ്ട്രീയ പാർട്ടികൾക്കും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഇക്കാര്യങ്ങള്‍ വിശദീകരിച്ച് കത്തെഴുതിയിരുന്നു. 22ന് ചെന്നൈയിൽ ചേരുന്ന യോഗത്തിൽ പ്രവർത്തകസമിതി നിലവില്‍ വരും. മണ്ഡല പുനർനിർണയം ഫെഡറലിസത്തിനെതിരായ നഗ്നമായ ആക്രമണമാണെന്നായിരുന്നു സ്റ്റാലിൻ എക്സിൽ കുറിച്ചത്. പുനർനിർണയത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ഒരു ലോക്‌സഭാ സീറ്റ് പോലും നഷ്ടമാകില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നൽകിയ ഉറപ്പിനെയും തമിഴ്‌നാട് മുഖ്യമന്ത്രി വിമർശിച്ചു. വടക്കൻ സംസ്ഥാനങ്ങൾക്കോ മറ്റേതെങ്കിലും സംസ്ഥാനങ്ങൾക്കോ കൂടുതൽ സീറ്റുകൾ ലഭിക്കില്ലെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞിട്ടില്ല. ജനസംഖ്യയുടെ അടിസ്ഥാനത്തിലാണ് മണ്ഡല പുനർനിർണയം നടത്തുന്നത്. രണ്ടുതരത്തിൽ ഇത് നടപ്പിലാക്കാം. ഒന്നാമത്തേത്ത് നിലവിലുള്ള 543 സീറ്റുകൾ പുനർവിതരണം നടത്തുക. അതല്ലെങ്കിൽ മുഴുവൻ സീറ്റുകളുടെ എണ്ണം എണ്ണൂറായി ഉയർത്തുക. ഏതു സമീപനം സ്വീകരിച്ചാലും ജനസംഖ്യാ നിയന്ത്രണം കൃത്യമായി നടപ്പിലാക്കിയ സംസ്ഥാനങ്ങൾക്ക് സീറ്റുകളുടെ എണ്ണം കുറയും.
നിലവിൽ 39 ലോക്‌സഭാ സീറ്റുകളുള്ള തമിഴ്‌നാടിന് എട്ട് സീറ്റുകൾ വരെ നഷ്ടപ്പെടാം. കേരളത്തിലും മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും എണ്ണം കുറയും. അതേസമയം ഉത്തർപ്രദേശ്, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങൾ ഗണ്യമായ നേട്ടമുണ്ടാക്കാനും സാധ്യതയുണ്ട്. 1971ലെ ജനസംഖ്യാ സെൻസസ് മാനദണ്ഡമാക്കിയാകണം മണ്ഡല പുനർനിർണയം നടത്തേണ്ടത് എന്നാണ് തമിഴ്‌നാടിന്റെ ആവശ്യം. 2026ലോ അതിന് ശേഷമോ നടക്കുന്ന സെൻസസാകരുത് മാനദണ്ഡമെന്നും തമിഴ്‌നാട് നിയമസഭ പാസാക്കിയ പ്രമേയം വ്യക്തമാക്കുന്നു. ജനാധിപത്യത്തില്‍ ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്നത് ജനങ്ങളാണ്. ആനുപാതിക പ്രാതിനിധ്യമോ പ്രാദേശിക പ്രാതിനിധ്യമോ അടിസ്ഥാനമാണതിന്. മണ്ഡലങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രാതിനിധ്യമാണ് പ്രാദേശിക പ്രാതിനിധ്യം. അതനുസരിച്ച്, തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി നിശ്ചിത ഭൂപ്രദേശത്ത് താമസിക്കുന്നവരെ പ്രതിനിധാനം ചെയ്യുന്നു. നിശ്ചിത ഭൂപ്രദേശവും അതിൽ താമസിക്കുന്ന ജനതയുമാണ് പ്രാദേശിക പ്രാതിനിധ്യത്തിനകത്തെ രണ്ട് ഘടകങ്ങൾ.
പ്രാദേശിക പ്രാതിനിധ്യത്തിലെ മണ്ഡലാതിർത്തികൾ നിർവചിക്കുകയും തീരുമാനിക്കുകയും ചെയ്യുന്ന പ്രക്രിയയാണ് ഡീലിമിറ്റേഷൻ. ഭരണഘടനയുടെ 81(2) അനുച്ഛേദം ലോക്‌സഭാ മണ്ഡല പുനർനിർണയം വിവരിക്കുന്നുണ്ട്. ലോക്‌സഭാ സീറ്റുകളുടെ എണ്ണത്തിന്റെ അനുപാതവും സംസ്ഥാനങ്ങളിലെ ജനസംഖ്യയും തുല്യമായിരിക്കണം. സംസ്ഥാനത്തെ എല്ലാ ലോക്‌സഭാ സീറ്റുകൾക്കുമിടയിലെ ജനസംഖ്യാനുപാതവും കഴിയുന്നത്ര തുല്യമാകണം. ഓരോ മണ്ഡലത്തിലെയും ജനസംഖ്യയും സംസ്ഥാനത്തിന് അനുവദിച്ച സീറ്റുകളുടെ എണ്ണത്തിനിടയിലെ അനുപാതവും കഴിയുന്നത്ര സ്ഥിരമാകുംവിധം മണ്ഡലങ്ങള്‍ വിഭജിക്കപ്പെടണം. അതിനുള്ള ജനസംഖ്യ കണക്കാക്കേണ്ടത് അവസാനത്തേതും തൊട്ടുമുമ്പുള്ളതുമായ സെൻസസ് വിവരങ്ങളുടെ അടിസ്ഥാനത്തിലാകണം. 81(2) അനുച്ഛേദം ഇക്കാര്യം വ്യക്തമാക്കുന്നു. നിയമസഭകളുടെ അതിർത്തി പുനർനിർണയത്തെക്കുറിച്ച് 170(2) അനുച്ഛേദം വിശദീകരിക്കുന്നു. ഓരോ സെൻസസിനെത്തുടർന്നും സീറ്റുകളുടെ എണ്ണം പുനഃക്രമീകരിക്കണമെന്ന് 82-ാം അനുച്ഛേദം ചൂണ്ടിക്കാട്ടുന്നു. മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട നിയമനിർമ്മാണത്തിനുള്ള അധികാരം പാർലമെന്റിനാണെന്ന് 327-ാം അനുച്ഛേദവും അടിവരയിടുന്നു. ആദ്യ ഡീലിമിറ്റേഷൻ കമ്മിഷൻ ആക്ട് 1952ലും തുടർന്ന് 1962, 1972, 2002 വർഷങ്ങളിലും ഉണ്ടായി. തെരഞ്ഞെടുപ്പ് കമ്മിഷനായിരുന്നു ആദ്യ പൊതുതെരഞ്ഞെടുപ്പിന് മണ്ഡല ക്രമീകരണം നടത്തിയിരുന്നത്.
ജനസംഖ്യാടിസ്ഥാനത്തിൽ സീറ്റുകൾ പുനർനിർണയിക്കുന്നതിലും സീറ്റുകളുടെ എണ്ണം തീരുമാനിക്കുന്നതിലും ആദ്യ മൂന്ന് ഡീലിമിറ്റേഷൻ കമ്മിഷനുകൾ പ്രവർത്തിച്ചു. 42-ാം ഭരണഘടനാ ഭേദഗതിയോടെ കാര്യങ്ങള്‍ക്ക് മാറ്റമുണ്ടായി. 2001ലെ സെൻസസ് വിവരങ്ങൾ പുറത്തുവിടുന്നതുവരെ മണ്ഡല പുനർനിർണയ പ്രക്രിയ മാറ്റിവയ്ക്കുന്നതായിരുന്നു പ്രസ്തുത ഭരണഘടനാ ഭേദഗതി. ജനസംഖ്യാ നിയന്ത്രണ നടപടികൾ സ്വീകരിച്ചിരുന്ന സംസ്ഥാനങ്ങളെ ശിക്ഷിക്കരുതെന്നും ജനസംഖ്യാ നിയന്ത്രണ പദ്ധതികൾ കാര്യക്ഷമമായി നടപ്പാക്കുന്നത് അയോഗ്യതയായി കാണരുതെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഭരണഘടനാ ഭേദഗതി കൊണ്ടുവന്നിരുന്നത്. 2001ലെ സെൻസസ് പ്രകാരം ലോക്‌സഭാ, നിയമസഭാ മണ്ഡലങ്ങളുടെ അതിർത്തികൾ പുനനിര്‍ണയിച്ചെങ്കിലും 1971ലെ സെൻസസ് പ്രകാരം തീരുമാനിച്ച മണ്ഡലങ്ങളുടെ എണ്ണം മാറ്റിയില്ല. 2002ലെ 84-ാം ഭരണഘടനാ ഭേദഗതിയിലൂടെ മണ്ഡല പുനർനിർണയം വീണ്ടും മാറ്റിവച്ചു. 2026ന് ശേഷമുള്ള ആദ്യ സെൻസസ് വരെ മാറ്റിവയ്ക്കുന്നു എന്നായിരുന്നു ഭേദഗതി. 2000ത്തിലെ ദേശീയ ജനസംഖ്യാ നയത്തിന്റെ അടിസ്ഥാനത്തിലാണ് 2001-02 കാലയളവിൽ മണ്ഡല പുനർനിർണയം വീണ്ടും മാറ്റിവച്ചത്. 2026ഓടെ ജനന നിരക്കും മരണ നിരക്കും സ്ഥിരത കൈവരിച്ച് രാജ്യത്താകമാനം തുല്യ ജനസംഖ്യാ വളർച്ചയായി മാറുമെന്ന പ്രതീക്ഷ പുലര്‍ത്തിയിരുന്നു. പക്ഷേ ജനസംഖ്യാ വളർച്ചയിൽ വ്യത്യസ്ത പ്രദേശങ്ങൾക്കും സംസ്ഥാനങ്ങൾക്കുമിടയിൽ വലിയ അന്തരം നിലനിൽക്കുന്നുണ്ടെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.
ജനസംഖ്യാ വളർച്ചയിൽ സ്ഥിരത നിലനിർത്തുന്ന, മൊത്തം പ്രത്യുല്പാദന നിരക്ക് (ടിഎഫ്ആർ) 2.1 കുട്ടികൾ എന്നതാണ്. എന്നാൽ 2023–24ലെ സാമ്പത്തിക സർവേയനുസരിച്ച് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ മിക്കവാറും ഈ നിരക്കിന് മുകളിലാണ്. ഉത്തര്‍പ്രദേശിൽ 2.4 ആണെങ്കിൽ ബിഹാറിൽ 3.0 എന്നാണ് കണക്ക്. അതേസമയം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ജനസംഖ്യാ വളർച്ചയിൽ സ്ഥിരത നിലനിർത്തുന്ന നിരക്കിനും എത്രയോ താഴെയാണ്. കേരളം 1.8, ആന്ധ്രാപ്രദേശ് 1.7, തമിഴ്‌നാട് 1.7 എന്നിങ്ങനെയാണ് ഭക്ഷിണേന്ത്യയിലെ വളർച്ചയുടെ നിരക്ക്. ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലും ജനസംഖ്യാ വളർച്ച അസന്തുലിതമായി തുടരുകയുമാണ്.
ഈ പശ്ചാത്തലത്തിലെ മണ്ഡല പുനർനിർണയത്തില്‍ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ലോക്‌സഭാ സീറ്റുകളുടെ എണ്ണം കുറയുകയോ, കൂടുകയാണെങ്കില്‍ത്തന്നെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് നാമമാത്ര വർധനവ് മാത്രമോ ആണുണ്ടാവുക. 31-ാം ഭരണഘടനാ ഭേദഗതിപ്രകാരം ഓരോ സംസ്ഥാനത്തിന്റെയും താല്പര്യങ്ങൾ സംരക്ഷിക്കാനുള്ള പ്രത്യേക ഭരണഘടനാ വകുപ്പുകളുണ്ട്. മണ്ഡല പുനർനിർണയത്തെപ്രതി അത്തരം സാധ്യതകൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ കാര്യത്തിലുണ്ടാകേണ്ടതുണ്ട്. മണ്ഡല പുനർനിർണയത്തിന് ജനസംഖ്യ മാത്രം മാനദണ്ഡമാക്കുന്നതിൽ പുനർവിചിന്തനം അനിവാര്യമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.